സിഡ്നി: ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലിയ്ക്ക് വീണ്ടും റെക്കാഡ്. ഇന്നലെ ഓസ്ട്രേലിയ്ക്കെതിരെ നടന്ന അവസാന ടി-20 പരമ്പരയിലെ അർധസെഞ്ച്വറി നേട്ടമാണ് കോഹ്ലിയെ മറ്റൊരു റെക്കാഡിനർഹനാക്കിയത്. ഓസീസിനെതിരെ പുറത്താകാതെ 61 റൺസ് നേടിയതോടെ ടി-20യിൽ ഓസ്ട്രേലിയ്ക്കെതിരെ ഏറ്റവും കൂടുതൽ റൺസ് നേടിയവരുടെ പട്ടികയിൽ ഒന്നാമതാണ് കോഹ്ലി. 14 കളികളിൽ നിന്ന് 476 റൺസാണ് കോഹ്ലി ഇതുവരെ ഓസ്ട്രേലിയ്ക്കെതിരെ നേടിയിട്ടുള്ളത്. നേരത്തെ ന്യൂസിലാന്റ് താരം മാർട്ടിൻ ഗുപ്ടിൽ ( 463 റൺസ്, 15 മത്സരം) ആയിരുന്നു കോഹ്ലിയ്ക്ക് മുന്നിൽ. കൂടാതെ ടി-20യിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ അർധസെഞ്ച്വറി നേടിയവരുടെ പട്ടികയിൽ രോഹിത് ശർമ്മക്കൊപ്പം ഒന്നാമതെത്താനും കോഹ്ലിക്കായി.
ക്രിക്കറ്റിന്റെ ചെറുപതിപ്പിൽ ഇന്ത്യൻ നായകന്റെ 19ാം അർധസെഞ്ച്വറിയാണ് സിഡ്നിയിൽ പിറന്നത്. ഓസീസിനെതിരെ കോഹ്ലിയുടെ അഞ്ചാമത്തെ അർധസെഞ്ച്വറിയാണ് ഇന്നലത്തേത്. ഇതും റെക്കാഡാണ്. ഒരു ടീമിനെതിരെ അഞ്ച് അർധസെഞ്ച്വറി നേടിയവരുടെ പട്ടികയിൽ ലങ്കയുടെ കുശൽപെരേര (ബംഗ്ലാദേശിനെതിരെ)യ്ക്കൊപ്പമാണ് കോഹ്ലി. കോഹ്ലി നേടിയ 19 അർധസഞ്ച്വറികളിൽ 13 എണ്ണവും രണ്ടാമത് ബാറ്റ് ചെയ്ത് നേടിയതാണ്. ഇതും റെക്കാഡാണ്. ഓസ്ട്രേലിയക്കെതിരായ മൂന്നാമത്തേയും അവസാനത്തേയും ടി-20യിൽ ഇന്ത്യ ആറ് വിക്കറ്റിനാണ് ജയിച്ചത്. കോഹ്ലി 61 റൺസുമായും ദിനേഷ് കാർത്തിക് 22 റൺസുമായും പുറത്താകാതെ നിന്നു. ഇതോടെ പരമ്പര 1-1 ന് സമനിലയിലായി.