pk-sreemathi

തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ വനിതാ നേതാവിനോട് പാർട്ടിയുടെ മുതിർന്ന നേതാവിന് ചേരാത്ത രീതിയിലുള്ള പ്രയോഗം നടത്തിയതിനാണ് പി.കെ.ശശിക്കെതിരെ നടപടിയെടുത്തതെന്ന് അന്വേഷണ കമ്മിഷൻ അംഗം പി.കെ.ശ്രീമതിയുടെ പ്രതികരണം. പെൺകുട്ടികളോട് എങ്ങനെ പെരുമാറണമെന്നതിനെ സംബന്ധിച്ച് എല്ലാവർക്കുമുള്ള മുന്നറിയിപ്പാണ് ശശിക്കെതിരായ നടപടി. പാർട്ടിയിലെ ഒരു ഉന്നത നേതാവിന് യോജിക്കാത്ത രീതിയിലാണ് ശശിയുടെ പെരുമാറ്റം. ശക്തമായ നടപടിയാണ് ശശിക്കെതിരെ സ്വീകരിച്ചത്. ശശി ആരോപിട്ട വിഭാഗീയത പാർട്ടി അംഗീകരിച്ചില്ലെന്നും അവർ തിരുവനന്തപുരത്ത് മാദ്ധ്യമ പ്രവർത്തകരോട് വ്യക്തമാക്കി. എന്നാൽ അന്വേഷണ കമ്മിഷനിൽ അംഗമായ മന്ത്രി എ.കെ.ബാലൻ ഇക്കാര്യത്തിൽ കൂടുതൽ പ്രതികരിക്കാൻ തയ്യാറായില്ല.

തനിക്ക് പാർട്ടിയിലെ ഒരു മുതിർന്ന നേതാവിൽ നിന്നും വിഷമമുണ്ടായെന്ന പരാതിയിലാണ് പാർട്ടി അന്വേഷണം നടത്തിയത്. പി.കെ.ശശിയിൽ നിന്നും ഉണ്ടാകാൻ പാടില്ലാത്ത ചില പ്രയോഗങ്ങൾ ഉണ്ടായെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. അതിനാലാണ് നടപടി സ്വീകരിച്ചത്. തെറ്റ് ചെയ‌്‌തതിന്റെ പേരിൽ പാർട്ടിയിലെ ഒരു മുതിർന്ന അംഗത്തിനെ ആജീവനാന്തം പുറത്ത് നിറുത്താനാവില്ല. തെറ്റ് തിരുത്താൻ അവസരം കൊടുക്കണം. ഇത്തരം ശക്തമായ നടപടി സ്വീകരിക്കാൻ സി.പി.എമ്മിന് മാത്രമേ കഴിയൂ. കേന്ദ്രകമ്മിറ്റിയുടെ നിർദ്ദേശം വരുന്നതിന് മുമ്പ് തന്നെ ശശിയുടെ കാര്യത്തിൽ അന്വേഷണം തുടങ്ങിയെന്നും പി.കെ.ശ്രീമതി കൂട്ടിച്ചേർത്തു.

യുവതിയുടെ പരാതിയിൽ ആരോപിച്ചിരുന്ന പീഡന ആരോപണം തെളിയിക്കാനായില്ലെന്നും എന്നാൽ ഫോണിലൂടെ അപമര്യാദയായി പെരുമാറിയത് ശിക്ഷാർഹമായ കുറ്റമാണെന്നും ചൂണ്ടിക്കാട്ടിയാണ് ശശിയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും ആറ് മാസത്തേക്ക് സസ്‌പെൻഡ് ചെയ്‌തത്. ഇക്കാര്യം കൈയ്യും നീട്ടി സ്വീകരിക്കുമെന്ന് ശശിയും നടപടിയിൽ തൃപ്‌തിയുണ്ടെന്ന് പി.കെ.ശശിയും പ്രതികരിച്ചിട്ടുണ്ട്.