നെടുമ്പാശേരി: ഹോട്ടലിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വയോധികയെ പീഡിപ്പിച്ച രണ്ട് പേരെ അങ്കമാലി കോടതി റിമാൻഡ് ചെയ്തു. ദേശം പുറയാർ മൈലിക്കര വീട്ടിൽ നിധിൻ കറുപ്പൻ (36), ചെങ്ങമനാട് പുതുവാശ്ശേരി അംഗൻവാടിക്ക് സമീപം ആര്യാമ്പിള്ളി വീട്ടിൽ സത്താർ അബു (39) എന്നിരാണ് ആലുവ സബ് ജയിലിൽ റിമാൻഡിലായത്.ഇരുവരും വിവാഹിതരും രണ്ട് കുട്ടികൾ വീതമുള്ളവരുമാണ്. പുലർച്ചെ മുതൽ രാത്രി വരെ ജോലി ചെയ്ത ശേഷം മടങ്ങുന്നതിനിടെയാണ് എഴുപതുകാരി പീഡനത്തിന് ഇരയായത്. കഴിഞ്ഞ 19ന് രാത്രി 9.30നായിരുന്നു സംഭവം. കൃത്യത്തിന് ശേഷം സത്താർ അബുവിന്റെ കൊരട്ടിയിലെ ബന്ധുവീട്ടിൽ എത്തിയ ശേഷം അവിടെ നിന്നും ബാംഗ്ലൂർക്ക് കടക്കുകയായിരുന്നു. രണ്ടു ദിവസം ബാംഗ്ലൂരിൽ താമസിച്ച ശേഷം തിരികെ നാട്ടിലെത്തി വീണ്ടും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസിന്റെ പിടിയിലായത്. നിധിൻ കറുപ്പൻ പെയിന്റിംഗ് തൊഴിലാളിയും സത്താർ ഡ്രൈവറുമാണ്. പ്രതികൾക്ക് രക്ഷപ്പെടാൻ സൗകര്യം ചെയ്തു കൊടുത്ത രണ്ടാം പ്രതിയുടെ ബന്ധുക്കളയും പൊലീസ് അന്വേഷിക്കുന്നുണ്ട്.ജില്ലാ പൊലീസ് മേധാവി ഡോ. ജെ. ഹിമേന്ദ്രനാഥിന്റെ നിർദ്ദേശപ്രകാരം ആലുവ ഡിവൈ.എസ്.പി എൻ.ആർ. ജയരാജിന്റെ മേൽനോട്ടത്തിൽ നെടുമ്പാശേരി സി.ഐ പി.എം. ബൈജുവാണ് അറസ്റ്റ് ചെയ്തത്.