കൊല്ലം: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നെടുമ്പന മുട്ടയ്‌ക്കാവ് പള്ളി തെക്കതിൽ സിയാവുദ്ദീനാണ് (40) മരിച്ചത്. നവംബർ 16 രാത്രി എട്ടരയോടെ തഴുത്തല വാലിമുക്കിലായിരുന്നു സംഭവം. ബുള്ളറ്റ് ഓടിച്ചിരുന്ന സിയാവുദീൻ ഇരുട്ടത്ത് നിറുത്തിയിട്ടിരുന്ന കാറിന്റെ പിന്നിലിടിച്ച് അപകടം ഉണ്ടായെന്നാണ് കൊട്ടിയം പൊലീസ് പറയുന്നത്. പരിക്കുകളോടെ ബോധരഹിതനായി നിലത്ത് വീണ സിയാവുദ്ദീനെ ആദ്യം കൊട്ടിയം ഹോളിക്രോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇന്ന് പുലർച്ചെ നാലിനായിരുന്ന അന്ത്യം. ഗൾഫിലായിരുന്ന സിയാവുദ്ദീൻ അടുത്തിടെയാണ് അവധിക്ക് എത്തിയത്. ഭാര്യ:മുബീന. മക്കൾ: അൽസാദിത്ത്, അലീഷ.