mammootty-lal

മമ്മൂട്ടിയും മോഹൻലാലും പരസ്പരം കത്തുകൾ എഴുതിയിട്ടുണ്ടോ? സംശയിക്കണ്ട. ഉണ്ട്. ഇതിനെക്കുറിച്ച് മമ്മൂട്ടി തന്നെ തുറന്നു പറഞ്ഞിട്ടുമുണ്ട്. വർഷങ്ങൾക്കുമുമ്പ് ഇരുവരും ഷൂട്ടിംഗ് ലൊക്കേഷനുകളിലേക്ക് കത്തുകളും കവിതകളും കഥകളുമൊക്കെ എഴുതി അയയ്ക്കുമായിരുന്നു എന്നാണ് മമ്മൂട്ടി പറഞ്ഞിട്ടുള്ളത്. 'ഏകദേശം ഒരേ സമയത്താണ് ഞങ്ങൾ രണ്ടാളും സിനിമയിലെത്തുന്നത്. വലിയ വ്യത്യാസമൊന്നുമില്ല. അഞ്ചോ ആറോ മാസത്തെ വ്യത്യാസം മാത്രം. ഞങ്ങൾ വലിയൊരു ഗ്യാംഗാണ്. ഞാൻ, ലാൽ, ശ്രീനിവാസൻ, നെടുമുടി, രതീഷ് അങ്ങനെ കുറേപേർ. അന്നത്തെ യുവതലമുറയായിരുന്നു ഞങ്ങൾ. അന്നൊക്കെ പരസ്പരം കത്തുകൾ അയയ്ക്കുമായിരുന്നു. വാത്സല്യവും ദേവാസുരവും ഒരേ ലൊക്കേഷനിലാണ് ചിത്രീകരിച്ചത്. രണ്ട് സിനിമയിലും പ്രവർത്തിച്ചിരുന്ന ഒരാൾ കൊച്ചിൻ ഹനീഫ ആയിരുന്നുവെന്ന് തോന്നുന്നു. വാത്സല്യത്തിന്റെ ഷൂട്ടിംഗിനിടെ ഞാൻ കവിതയോ കത്തോ ലാലിനെഴുതും. ഹനീഫ അത് ലാലിന് കൊടുക്കും. ലാൽ തിരിച്ചും എഴുതും. അങ്ങനെ ഒരു നാലഞ്ച് കത്തുകൾ ആ ലൊക്കേഷനിൽ നിന്നു തന്നെ എഴുതിയിട്ടുണ്ട്. ലാൽ ഇപ്പോഴും കവിതയെഴുതും, എന്തെങ്കിലും ഒക്കെ കുത്തിക്കുറിക്കും. ' മമ്മൂട്ടി പറഞ്ഞു.