ഉത്സാഹക്കമ്മിറ്റിക്ക് ശേഷം ജയറാമിനൊപ്പം നടൻ ബാബുരാജും എത്തുന്നു. പക്ഷേ, ഇത്തവണ വില്ലനായിട്ടാണെന്ന് മാത്രം. വെറും വില്ലനല്ല, ചിരിപ്പിക്കുന്ന വില്ലൻ. ജയറാമിനെ നായകനാക്കി അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ഗ്രാന്റ് ഫാദർ എന്ന ചിത്രത്തിലാണ് ബാബുരാജ് പ്രധാന വേഷത്തിലെത്തുന്നത്. ശിവൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ബാബുരാജ് അവതരിപ്പിക്കുന്നത്. വില്ലനായാണ് ബാബുരാജ് എത്തുന്നതെങ്കിലും ഒരുപാട് നർമ മുഹൂർത്തങ്ങളും ശിവൻ എന്ന കഥാപാത്രം കൈകാര്യം ചെയ്യുന്നുണ്ടെന്നാണ് അണിയറസംസാരം. ഹസീബ് ഹനീഫാണ് ഗ്രാന്റ് ഫാദർ നിർമിക്കുന്നത്. ഡിസംബർ 12 ന് ആലപ്പുഴയിലും പരിസരപ്രദേശത്തുമായി സിനിമയുടെ ചിത്രീകരണം ആരംഭിക്കും. റാഹ ഇന്റർനാഷണൽ വിഷുവിന് ചിത്രം റിലീസിന് എത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിൽ രാജാമണിയും ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. വില്ലനായി മലയാള സിനിമയിൽ തിളങ്ങിയിരുന്ന ബാബുരാജ് ഇടക്കാലത്ത് കോമഡിയിലേക്ക് തിരിഞ്ഞിരുന്നു. കോമഡി പറയുന്ന വില്ലനായിട്ടാണ് പുതിയ രംഗപ്രവേശം.