hanan

കൊച്ചി: കേരളത്തിന്റെ ദത്തുപുത്രി ഹനാൻ ഹനാനെതിരെ കടുത്ത വിമർശനങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ഇടപ്പള്ളി മാരിയറ്റ് ഹോട്ടലിൽ ഹനാൻ ഹുക്ക വലിക്കുന്ന വീഡിയോയും ചിത്രങ്ങളും കഴിഞ്ഞ ദിവസങ്ങളിലാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ''കേരളത്തിന്റെ ദത്തുപുത്രിയെന്ന് പിണറായി വിജയൻ വാഴ്‌ത്തിയ ഹനാൻ കൊച്ചി മാരിയറ്റ് ഹോട്ടലില്‍ 1000 രൂപയ്ക്കു ഹുക്കവലിക്കുന്നു'' എന്ന കുറിപ്പോടെയായിരുന്നു വീഡിയോ പ്രചരിപ്പിച്ചിരുന്നത്.

താൻ ഹുക്ക വലിക്കുന്ന വീഡിയോ എടുത്ത് പ്രചരിപ്പിച്ചവർക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഹനാൻ വ്യക്‌തമാക്കി. ലഹരിയുടെ അംശമോ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളോ ഇല്ലെന്ന് മനസ്സിലായതിനാൽ ഒരു കൗതുകത്തിന് വേണ്ടിയാണ് ഹുക്ക വലിച്ചതെന്നും, ചിലർ അത് എടുത്ത് മറ്റ് രീതിയിൽ പ്രചരിപ്പിച്ചതാണെന്നും ഹനാൻ പറയുന്നു. സംഭവത്തിൽ ഹനാൻ കൊച്ചി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയിട്ടുണ്ട്. തുടർന്ന് വിശദീകരണവുമായി ഹനാൻ ഫേസ്ബുക്ക് ലൈവും ഇട്ടിരുന്നു.

'ചില സിനിമാ ചർച്ചകൾക്കായി മാരിയറ്റിൽ പോയിരുന്നു. അവിടെ ആളുകളിരുന്ന് ഹുക്ക വലിക്കുന്നത് കണ്ടപ്പോൾ അവിടത്തെ സ്റ്റാഫിനോട് ഇതെന്താണെന്ന് ചോദിച്ചു. അറബികൾ റിഫ്രഷ്‌മെന്റിനും മറ്റുമായി സാധാരണ ഉപയോഗിക്കാറുള്ളതാണ് ഇതെന്നും നിക്കോട്ടിന്‍ ഉൾപ്പെടെയുള്ള ലഹരി കലർന്നതൊന്നും ഇതിലില്ലെന്നും അവർ പറഞ്ഞു. അപ്പോൾ തോന്നിയ ഒരു കൗതുകം കൊണ്ടാണ് ഹുക്ക വലിച്ചത്. ധാരാളം മലയാളികളും അവിടെ ഉണ്ടായിരുന്നു. എന്നാൽ, ചിലർ അതിന്റെ വീഡിയോ എടുത്ത് പ്രചരിപ്പിക്കുകയായിരുന്നു.

ഞാൻ സ്വന്തമായി അദ്ധ്വാനിച്ചാണ് ജീവിക്കുന്നത്. ആരുടെയും സഹതാപത്തിനു വേണ്ടിയോ സഹായത്തിനു വേണ്ടിയോ ഒന്നും ചെയ്‌തിട്ടില്ലെന്നും ഹനാൻ വ്യക്തമാക്കി. മീൻ വിൽക്കുന്നവരും പാവപ്പെട്ടവരുമൊന്നും വലിയ ഹോട്ടലുകളിലൊന്നും പോകരുത്, നല്ല വസ്ത്രം ധരിക്കരുത് എന്നൊക്കെ കരുതുന്നവരാണ് ഇത്തരം പ്രവൃത്തികൾ ചെയ്യുന്നത്. ഞാൻ പട്ടിണി കിടക്കുന്നത് കണ്ടാലേ അവർക്ക് സന്തോഷമാകൂ. മീൻ വിൽപനയൊക്കെ മോശം ജോലിയായാണ് അവർ കരുതുന്നത്. എന്നാൽ, ഏത് തൊഴിലിനും മഹത്വമുണ്ട്. അതുകൊണ്ടാണ് കേരള ജനതയുടെ വലിയ പിന്തുണ എനിക്ക് ലഭിച്ചത്. ഞാൻ മാത്രമല്ല, പഠനത്തോടൊപ്പം ജോലിയുമായി മുന്നോട്ടുപോകുന്ന ഒരുപാട് വിദ്യാർഥികൾ ഇവിടെയുണ്ട്. അവരെ പോലെ തന്നെയാണ് ഞാനും. ഒരു പ്രത്യേകതയുള്ളത്, എനിക്കെതിരെ തുടർച്ചയായി സൈബർ ആക്രമണങ്ങൾ ഉണ്ടാകുന്നു എന്നതുമാത്രമാണ്-ഹനാൻ പറഞ്ഞു. പഠനത്തിനിടെ മീൻ വിൽപ്പന നടത്തിയ ഹനാൻ സമൂഹ മാദ്ധ്യമങ്ങളിൽ ശ്രദ്ധേനേടിയിരുന്നു.