കൊൽക്കത്ത: കൊൽക്കത്ത- മുംബയ് ജെറ്റ് എയർവേസ് വിമാനത്തിനകത്ത് ഭീകരരുണ്ടെന്ന് വ്യാജപ്രചാരണം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്രുചെയ്തു. അഞ്ച് സുഹൃത്തുക്കളുമായി വിമാനത്തിൽ കയറിയ യോഗ് വേദൻ പൊദ്ദാർ എന്ന 21കാരനാണ് വിമാനത്തിൽ ഭീകരരുണ്ടെന്ന് സുഹൃത്തുക്കളോട് വ്യാജപ്രചാരണം നടത്തിയത്. മുഖം തൂവാല കൊണ്ട് മറച്ച് സ്വന്തം ഫോണിൽ നിന്ന് വിമാനത്തിൽ ഭീകരരുണ്ടെന്ന് സന്ദേശമയയ്ക്കുകയായിരുന്നു ഇയാൾ. തൊട്ടടുത്തിരുന്ന യാത്രക്കാരനാണ് വിവരം ജീവനക്കാരെ അറിയിച്ചത്. മുംബയിലേക്കു പോകാനായി ജെറ്റ് എയർവേസ് വിമാനം രാവിലെ 8.15 നു റൺവേയിൽ എത്തിയപ്പോഴാണ് സംഭവം. തുടർന്ന് പാർക്കിംഗിലേക്കു മടങ്ങിയ വിമാനത്തിൽ നിന്നു യോഗ് വേദനെ സി.ഐ.എസ്.എഫ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളുടെ പശ്ചാത്തലം പൊലീസ് പരിശോധിച്ചുവരുന്നു. ഇയാളുടെ കുടുംബത്തെ സ്‌റ്റേഷനിലേക്കു വിളിപ്പിച്ചു. സുഹൃത്തുക്കളെ പറ്റിക്കാനാവും മകൻ സന്ദേശം പ്രചരിപ്പിച്ചതെന്ന് യോഗിന്റെ പിതാവ് പറഞ്ഞു. പരിശോധനയ്ക്കു ശേഷം വിമാനം മുംബയ്ക്കു പറന്നു.