കൊച്ചി: സംസ്ഥാനത്തെ തെങ്ങിൻതോട്ടങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് രൂപം കൊടുത്ത 'കേരഗ്രാമം' പദ്ധതിക്ക് പുതുജീവൻ. 250 ഹെക്ടർ വിസ്തൃതിയിലുള്ള 79 കേരഗ്രാമങ്ങളാണ് പദ്ധതിപ്രകാരം ഈ വർഷം സജ്ജമാക്കാനൊരുങ്ങുന്നത്. ഇതിനായി 1500 കോടിരൂപയാണ് അനുവദിച്ചിട്ടുള്ളത്.
2017 ജൂലായിലാണ് കേരഗ്രാമം പദ്ധതി ആവിഷ്കരിച്ചത്. എന്നാൽ ധനകാര്യവകുപ്പ് വേണ്ടത്ര ഫണ്ടനുവദിക്കാതിരുന്നതിനാൽ പദ്ധതി മുടന്തുകയായിരുന്നു. പ്രാരംഭഘട്ടത്തിൽ 100 കോടി മാത്രമാണ് അനുവദിച്ചിരുന്നത്. പദ്ധതി പ്രകാരം പത്തിരട്ടി വരെ നാളികേര ഉത്പാദനം വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം. ഇതിനായി വിപുലമായ പദ്ധതികളും സഹായങ്ങളും ലഭ്യമാക്കും. കൃഷി പരിപാലനം, നാളികേര സംസ്‌കരണ, ജൈവവള ഉൽപാദന യൂണിറ്റുകൾക്ക് സഹായം, കർഷകർക്ക് വിവിധ ഇൻഷ്വറൻസ് പദ്ധതികൾ, കുള്ളൻതെങ്ങുകളുടെ പ്രദർശനത്തോട്ടമൊരുക്കൽ തുടങ്ങിയവയ്ക്ക് സഹായം ലഭിക്കും. കേരഗ്രാമം പദ്ധതി നടപ്പാക്കുന്ന കൃഷിഭവനുകളുമായാണ് വിവരങ്ങൾക്ക് ബന്ധപ്പെടേണ്ടത്. ഫോൺ 0471–2334989.
തെങ്ങുകൃഷി വളരട്ടെ
നിലവിൽ സംസ്ഥാനത്ത് 7.81 ലക്ഷം ഹെക്ടറിലാണ് തെങ്ങുകൃഷിയുള്ളത്. പത്തുവർഷത്തിനുള്ളിൽ ഇത് 9.25 ലക്ഷം ഹെക്ടറിലേക്ക് വ്യാപിപ്പിക്കും. ഇതോടെ ഉത്പാദനക്ഷമത ഹെക്ടറിന് 6889 തേങ്ങ എന്ന നിലയിൽനിന്ന് 8500ൽ എത്തുമെന്നാണ് കരുതുന്നത്. നാളികേര ഉത്പാദനത്തിൽ കേരളം എട്ടാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട സാഹചര്യത്തിൽ നാളികേര വികസന കൗൺസിലിന് രൂപംനൽകാൻ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചിരുന്നു.
കൃഷി വ്യാപിപ്പിക്കുന്നതിനൊപ്പം നാളികേരത്തിൽനിന്നുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ വിപണനം ഒരുകുടക്കീഴിലാക്കാനും കൗൺസിൽ ലക്ഷ്യമിടുന്നു.
കേരഗ്രാമം മാതൃക
ഒരുവർഷം 15 ലക്ഷം നല്ലയിനം തെങ്ങിൻതൈകൾ നട്ടുപിടിപ്പിക്കും. ഓരോ വാർഡിലും 75 തൈകൾവീതം. മൂന്നുവർഷം ഇതിന്റെ പരിപാലനം ഉറപ്പാക്കും.
നീളമുള്ള ഇനം തെങ്ങിന്റെതൈകൾ 60 ശതമാനവും കുള്ളൻ ഇനങ്ങൾ 20 ശതമാനവും അത്യുത്പാദനശേഷിയുള്ള ഇനങ്ങൾ 20 ശതമാനവും നടും
കൃഷിവകുപ്പ്, കാർഷിക സർവകലാശാല, നാളികേര വികസന കോർപ്പറേഷൻ, കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം എന്നിവ തെങ്ങിൻതൈകൾ നൽകും
സ്വകാര്യ നഴ്‌സറികൾ വിതരണംചെയ്യുന്ന തൈകൾക്കും ഗുണനിലവാരം നിർബന്ധമാക്കും.
പൂർണ തോതിൽ നടപ്പാക്കും
കേരഗ്രാമം പദ്ധതി പൂർണതോതിൽ ഈ വർഷം നടപ്പാക്കുകയാണ് ലക്ഷ്യം. കൃഷി ഭവനുകൾക്ക് ഫണ്ട് ലഭ്യത ഉറപ്പുവരുത്തും. നാളികേര വികസന ബോർഡിന്റെ സഹായവും ഉറപ്പാക്കിയിട്ടുണ്ട്. പദ്ധതിയിലൂടെ ഏഴിരട്ടി മുതൽ പത്തിരട്ടി വരെ നാളികേര ഉത്പാദനം വർദ്ധിപ്പിക്കാമെന്നാണ് പ്രതീക്ഷ.
സി. എസ്. അനിത,
ഡെപ്യൂട്ടി ഡയറക്ടർ
കൃഷിവകുപ്പ്, തിരുവനന്തപുരം