കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ ആർ.എസ്.എസിന്റേയും ബി.ജെ.പിയുടെയും പടത്തലവനാണെന്നും ശബരിമലയിൽ കലാപമുണ്ടാക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും കോൺഗ്രസ് നേതാവ് എ.കെ.ആന്റണി ആരോപിച്ചു. പിണറായിയേക്കാൾ മുമ്പ് രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയയാളാണ് താൻ. നിലപാടുകൾ എക്കാലത്തും പറഞ്ഞിട്ടുള്ളയാളാണ് താൻ. ഒന്നും ഒളിക്കാനില്ലെന്നും അദ്ദേഹം കോഴിക്കോട് നടന്ന വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ബി.ജെ.പിയെ വളർത്തുന്നത് കോൺഗ്രസാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ കഴിഞ്ഞ ദിവസത്തെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയിൽ കലാപമുണ്ടാക്കാൻ എല്ലാ അവസരവും മുഖ്യമന്ത്രി ആർ.എസ്.എസിനും ബി.ജെ.പിക്കും നൽകിയിരിക്കുകയാണ്. മണ്ഡലകാലം മുഴുവൻ ശബരിമല സംഘർഷഭരിതമാക്കാനാണ് ഇവരുടെ ശ്രമം. സർക്കാരിന്റെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ പാടെ പരാജയപ്പെട്ടത് ഒളിക്കാനുള്ള മറയായാണു മുഖ്യമന്ത്രി വിഷയത്തെ കാണുന്നത്. ഇത് സർക്കാരിന്റെ പ്രളയ ദുരിതാശ്വാസ പരാജയത്തെ മറച്ചുവെക്കാനുള്ള ഉപകരണമായിട്ടാണ് മുഖ്യമന്ത്രി കാണുന്നത്. വിഷയത്തിൽ മുഖ്യമന്ത്രി ഒന്നാം പ്രതിയും ബി.ജെ.പി കൂട്ടുപ്രതിയുമാണ്. ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും മാറ്റം വരുത്തണമെങ്കിൽ ഏറെ ചർച്ച ചെയ്ത് എടുക്കേണ്ട തീരുമാനമാണെന്നും ആന്റണി പറഞ്ഞു.