ചെയ്ത വേഷങ്ങളിലെല്ലാം മികവുറ്റ അഭിനയത്തിലൂടെ മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ടവനായ നടനാണ് സാജൻ സൂര്യ. പതിനെട്ടുവർഷം മുമ്പാണ് സാജൻ അഭിനയരംഗത്തെത്തിയത്. നാടകത്തിലൂടെയായിരുന്നു അരങ്ങേറ്റം. ഇന്നിപ്പോൾ നായകനും വില്ലനും തമാശക്കാരനുമൊക്കെയായി കൈ നിറയെ വേഷങ്ങളുണ്ട് സാജന്.
''നാടകത്തിനോടുള്ള അഭിനിവേശം കൊണ്ടാണ് അഭിനയിക്കാൻ തുടങ്ങിയത്. ഞങ്ങൾ കുറച്ച് സുഹൃത്തുക്കൾ ചേർന്ന് രൂപീകരിച്ച ഒരു ട്രൂപ്പുണ്ടായിരുന്നു. മറ്റ് ട്രുപ്പൂകളിൽ നിന്ന് അഭിനയിക്കാൻ വിളിച്ചിരുന്നെങ്കിലും പോയില്ല. അന്ന് സിനിമയെയും സീരിയലിനെയും കുറിച്ചും വ്യക്തമായ ധാരണയുണ്ടായിരുന്നില്ല. സത്യത്തിൽ ഇത്രയൊന്നും ആഗ്രഹിച്ചിരുന്നില്ല എന്നതാണ് വാസ്തവം. അഭിനയം ഇഷ്ടമായിരുന്നു. ബാക്കിയെല്ലാം ജീവിതത്തിൽ വന്നു സംഭവിച്ചതാണ്. ഇന്നിപ്പോൾ ഏതു കഥാപാത്രമാണെങ്കിലും അഭിനയിക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസമുണ്ട്. അതു തന്നത് നാടകമാണ്. അതു തുറന്നു പറയാൻ ഒരുമടിയുമില്ല.'' സാജൻ മനസു തുറന്നു.
''പതിനെട്ട് വർഷമായി ഈ രംഗത്ത്. ഒരു പാട് വ്യത്യാസങ്ങൾ വന്നിട്ടുണ്ട്. ഇപ്പോൾ കാര്യങ്ങൾ കൂറേക്കൂടി എളുപ്പമായി. സാങ്കേതിക വിദ്യയിൽ നല്ല മാറ്റം വന്നിട്ടുണ്ട്. മുഖം പൊള്ളുന്ന രീതിയിലുള്ള ലൈറ്റുകൾ മാറി ഇപ്പോൾ 'കൂൾ' ലൈറ്റുകളായി മാറി. ആവശ്യമായ ലൈറ്റിംഗിന് ഇപ്പോൾ ഒന്നേ രണ്ടോ ലൈറ്റ് മതി. കാമറയിലും ലൈറ്റിംഗിനുള്ള സൗകര്യങ്ങളുണ്ട്. കുറച്ച് സമയം മതി ഷൂട്ടിംഗ് തീർക്കാൻ. സാങ്കേതിക മേഖലയിൽ വന്ന മാറ്റങ്ങൾ നമ്മളേയും മാറ്റി. നല്ല രീതിയിൽ ഒന്നോ ഒന്നരയോ എപ്പിസോഡ് ചെയ്യാൻ ഇന്ന് ഒരു ദിവസം മതി. പതിമൂന്ന് എപ്പിസോഡ് ചെയ്യാൻ മുൻപ് 20 ദിവസമൊക്കെ വേണ്ടി വന്നിരുന്നു. ഇന്നിപ്പോൾ അതു വേണ്ട.''
''കാലത്ത് ആറ് മണിക്കോ ഏഴ് മണിക്കോ ലൊക്കേഷനിലെത്തിയാൽ രാത്രി പത്ത് മണി വരെ തുടർച്ചയായ അഭിനയമായിരിക്കും, നല്ല കഥാപാത്രമാണെങ്കിൽ തുടർച്ചയായി ദിവസങ്ങളോളം അഭിനയിക്കാം. ഏത് ജോലിയും ആസ്വദിച്ച് ചെയ്യാൻ പറ്റുകയാണെങ്കിൽ എളുപ്പത്തോടെയും സന്തോഷത്തോടെയും ചെയ്യാം എന്ന അഭിപ്രായക്കാരനാണ്. ഏകദേശം പത്ത് വർഷത്തോളമായി കഴിയുന്നതും ഒന്നോ രണ്ടോ സീരിയലുകൾ മാത്രമേ ചെയ്യാറുള്ളൂ. രണ്ട് ലൊക്കേഷനുകളിൽ പോയി അഭിനയിച്ചിട്ട് പത്തുവർഷത്തോളമായി. തിരുവനന്തപുരത്തേ സീരിയലുകൾ ചെയ്യാറുള്ളു. നാലും അഞ്ചും സീരിയലുകൾ ചെയ്തിട്ടുള്ള സമയമുണ്ടായിരുന്നു. അന്നൊക്കെ മൂന്ന് ഷൂട്ട് ഒരു ദിവസമുണ്ടായിരുന്നു. ഒരു ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ചെയ്യുകയാണെങ്കിൽ മികച്ചതായി ആ കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിയും. നേരത്തെ അഭിനയിക്കുമ്പോൾ എക്സ്പ്രഷൻസ് എല്ലാം കൂടുതൽ ആവശ്യമായിരുന്നു. അങ്ങനെ അഭിനയിക്കാനാണ് സംവിധായകർ ആവശ്യപ്പെട്ടിരുന്നത്. എന്നാലിപ്പോൾ സ്വഭാവിക അഭിനയം മതി. സീരിയലിന് സിനിമയെക്കാൾ ബന്ധം നാടകവുമായാണ്. ഒരു പെട്ടിയ്ക്കകത്താണ് നമ്മൾ സീരിയൽ കാണുന്നത്. അത് കൊണ്ട് തന്നെ എക്സ്പ്രഷൻസ് കുറച്ച് കൂടി വേണം.'' സാജൻ സൂര്യ പറഞ്ഞു.
''ഒരു ചാനലിൽ തന്നെ പല കോമഡിപരിപാടികളുണ്ട്. ഇത്തരം കോമഡിപരിപാടികൾ കണ്ടാണ് ജനം തിയേറ്ററിലേക്ക് സിനിമ കാണാനെത്തുന്നത് അല്ലെങ്കിൽ ടി.വിയിൽ സീരിയൽ കാണുന്നത്. അതിനാൽ ഇതിന് മേലെ നിന്നാൽ മാത്രമേ ഹാസ്യത്തിന് പ്രസക്തിയുള്ളു. സാഹചര്യത്തിനനുസരിച്ചുള്ള കോമഡിയെ ഇന്ന് വിജയിക്കൂ. സ്റ്റേജ് ഷോകൾ ചെയ്യുമ്പോൾ എന്റെ രീതിയിൽ ഞാൻ ഡാൻസ് ചെയ്യാൻ ശ്രമിക്കാറുണ്ട്. കോളേജിൽ പഠിക്കുന്ന സമയത്ത് ഞാനും എന്റെ സുഹൃത്ത് കരുണും ചേർന്ന് തിരുവനന്തപുരത്ത് ഒരു മോഡലിംഗ് ട്രൂപ്പുണ്ടാക്കിയിരുന്നു. ചെറിയ ഷൂട്ടുകളൊക്കെ അന്ന് എടുക്കുമായിരുന്നു. മോഡലിംഗിനോട് അന്നേ താത്പര്യമുണ്ടായിരുന്നു. ഇപ്പോഴും അത്തരം അവസരങ്ങൾ കിട്ടിയാൽ ഉപയോഗിക്കാറുണ്ട്.''
സിനിമയും സീരിയലും തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ?
''സിനിമയിലെ താരങ്ങൾ താരങ്ങളാണ്. അവർ കൈയെത്തുന്നതിനേക്കാൾ ദൂരെയാണ്. എന്നാൽ സീരിയൽ താരങ്ങൾ അങ്ങനെയല്ല. അവർ വീട്ടിലുള്ള ആൾക്കാരാണ്. എനിക്ക് പുറത്തിറങ്ങി നടക്കുന്നതിനോ മറ്റുള്ളവരുമായി ഇടപഴകുന്നതിനോ ബുദ്ധിമുട്ടില്ല. ആരാധകരുടെ ശല്യമില്ല. എന്നാൽ സിനിമയിലെ താരങ്ങൾക്ക് റോഡിലിറങ്ങി നടക്കാനാവില്ലല്ലോ. സീരിയലിൽ അഭിനയിക്കുന്നവർക്ക് 'ഫാൻസ് 'എന്നത് ഒരു തെറ്റായ പ്രയോഗമാണ്. സീരിയലിൽ ആർക്കും ഫാൻസില്ല, നമുക്ക് ഇഷ്ടങ്ങളാണുള്ളത്. ഞാൻ ചെയ്യുന്ന ഒരു കഥാപാത്രം ജനങ്ങൾക്കിഷ്ടമായാൽ ആ സീരിയൽ കഴിയുന്നത് വരെ ഞാനവരുടെ പ്രിയപ്പെട്ടയാളാണ്. അതുകഴിഞ്ഞ് മറ്റൊരു ഹിറ്റ് കഥാപാത്രം കിട്ടിക്കഴിഞ്ഞാൽ പിന്നെയത് മാറും. ആ തിരിച്ചറിവ് എപ്പോഴുമുണ്ടാവണം. മുൻപൊക്കെ നെഗറ്റീവ് കഥാപാത്രങ്ങൾ ചെയ്യുമ്പോൾ പുറത്തിറങ്ങുമ്പോൾ അവനെ പേടിയാണ് എന്ന് പറയുമായിരുന്നു. ഇന്ന് അങ്ങനെയല്ല,അഭിനയിക്കുകയാണെന്ന് എല്ലാവർക്കും അറിയാം.''
''സിരീയലുകാരോട് പൊതുവെ സിനിമാക്കാർക്ക് അവഗണനയാണ്. സീരിയലിൽ 'എസ്റ്റാബ്‌ളിഷ് ' ആയതുകൊണ്ട് സിനിമയിൽ ചാൻസില്ല എന്ന് പറഞ്ഞവരുണ്ട്. അത് കേൾക്കുമ്പോൾ വിഷമമാണ്. കാരണം തെറ്റോ കുറ്റമോ ചെയ്തിട്ടല്ല ഇങ്ങനെ തഴയപ്പെടുന്നത്. സിനിമയുടെ താഴെ നിൽക്കുന്ന മേഖലയിൽ പ്രവർത്തിക്കുന്നവരാണ്. സിനിമാഭിനയം വശമില്ല എന്ന് പറഞ്ഞാൽ ശരിയാണ്. പക്ഷേ സീരിയൽ താരമായതിനാൽ മാത്രം നിഷേധിക്കപ്പെടുന്നത് ശരിയല്ല. ഇവിടെ കുറ്റം ചെയ്യുന്ന ആൾക്കാരെ വെച്ച് സിനിമയെടുക്കുന്നുണ്ട്. പക്ഷേ സീരിയൽ മേഖലയിലുള്ള ആൾക്കാരെ വിളിക്കാൻ ബുദ്ധിമുട്ടാണ്. അതെന്ത് ലോജിക്കാണെന്ന് മനസിലാകുന്നില്ല.''
പുതിയൊരു സ്വപ്നത്തിന്റെ പുറകിലാണിപ്പോൾ സാജൻ
''സീരിയലിൽ അഭിനയിക്കുന്ന മൂന്ന് പേർ കൂടി ഒരു സിനിമാ നിർമ്മാണ കമ്പനി തുടങ്ങിയിട്ടുണ്ട്. പേരിട്ടിട്ടില്ല. മൂന്ന് സബ്ജക്ടുകൾ ചർച്ച ചെയ്യുന്നുണ്ടിപ്പോൾ. ടെലിവിഷൻ താരങ്ങൾക്ക് പ്രാധാന്യം കൊടുത്ത് സിനിമ ചെയ്യുക എന്നതാണ് ലക്ഷ്യം. തിങ്കൾ മുതൽ വെള്ളിവരെ എന്ന സിനിമ ഉദാഹരണമാണ്. നല്ല ഒരു കഥ വച്ച് സീരിയൽ താരങ്ങളെ അഭിനയിപ്പിച്ചാൽ സിനിമ നന്നായി പോവും എന്ന തോന്നിയതിനാലാണ് ഞങ്ങൾ ഇങ്ങനെയൊരു കമ്പനി തുടങ്ങാൻ തീരുമാനിച്ചത്. ചുരുങ്ങിയ ചെലവിൽ നല്ല കഥ പറയണം. 2019 ലാണ് പടം ചെയ്യാൻ ഉദ്ദേശിക്കുന്നത്.''
സൂര്യ വന്നത്
യഥാർത്ഥ പേര് സാജൻ എസ്. നായർ എന്നാണ്. നാടകത്തിൽ അഭിനയിച്ചുകൊണ്ടിരുന്ന സമയത്ത് ഗുരുനാഥനായിരുന്ന പരമേശ്വരൻ കുര്യാത്തിയാണ് പേരു മാറ്റത്തിന് നിർദേശിച്ചത്. സാജൻ എസ്.നായർ എന്നോ സാജൻ എന്നോ മെക്കിലൂടെ പറയുമ്പോൾ ഒരു സുഖം കിട്ടില്ല. അങ്ങനെയാണ് സൂര്യ എന്ന പേര് കൂടെ ചേർന്നത്. വീട്ട് പേര് സൂര്യ എന്നാണ്. അമ്മയുടെ പേര് സൂര്യകല. സാജൻ സൂര്യ എന്നാക്കാം എന്ന് അദ്ദേഹമാണ് പറഞ്ഞത്.
അവരാണ് പിന്തുണ
രജിസ്ട്രേഷൻ ഡിപ്പാർട്ടുമെന്റിൽ ക്ളർക്കാണ്. അഭിനയിക്കാനുള്ള അനുമതി സർക്കാർ തന്നിട്ടുണ്ട്. ജോലിയിൽ തടസമില്ലാതെ അഭിനയിക്കാനാണ് സർക്കാർ അനുമതി തന്നിരിക്കുന്നത്. പക്ഷേ അത് മാത്രം പോരാ. ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ജീവനക്കാരുടെ പരിപൂർണ്ണ സഹായം വേണം. എനിക്ക് ധൈര്യമായി പറയാം, എന്റെ സ്ഥാപനത്തിലെ ജീവനക്കാർ, ഐ.ജി മാരുൾപ്പെടെയുള്ളവരുടെ സഹകരണമുണ്ട്. അതിനാൽ ഒരു ബുദ്ധിമുട്ട് പോലും ഇതുവരെ ഉണ്ടായിട്ടില്ല. ഇങ്ങനെയൊരു സ്ഥാപനത്തിൽ ജോലി ചെയ്യാൻ കഴിഞ്ഞതാണ് എന്റെ ഭാഗ്യം. അല്ലെങ്കിൽ അഭിനയവും ജോലിയും ഒരുമിച്ച് കൊണ്ടുപോവാൻ കഴിയുമായിരുന്നില്ല. രാത്രി ഒഫീസിൽ പോയിരുന്ന് ജോലി ചെയ്യേണ്ട സാഹചര്യമുണ്ടായിട്ടുണ്ട്. ലോക്കേഷനലിരുന്നും ലാപ്പ്ടോപ്പിൽ ജോലി ചെയ്യാറുണ്ട്.