ksurendran-arrest

കോഴിക്കോട്: ശബരിമലയിൽ ചിത്തിര ആട്ടവിശേഷ സമയത്ത് സ്ത്രീയെ അക്രമിച്ച സംഭവത്തിൽ കൊലക്കുറ്റം ചുമത്തിയ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റാൻ അനുമതി. ആരോഗ്യാവസ്ഥ പരിഗണിച്ച് കണ്ണൂർ ജയിലിൽ നിന്നും തന്നെ മാറ്റണമെന്ന സുരേന്ദ്രന്റെ അപേക്ഷ റാന്നി കോടതി അംഗീകരിക്കുകയായിരുന്നു.

ഇന്നലെ കൊട്ടാരക്കര സബ് ജയിലിൽ നിന്നും കണ്ണൂരിലേക്ക് സുരേന്ദ്രനെയും കൊണ്ട് പൊലീസ് സംഘം കോഴിക്കോടേക്ക് തിരിച്ചിരുന്നുവെങ്കിലും സമയം വൈകിയതിനെ തുടർന്ന് കോഴിക്കോട് ജയിലാണ് പാർപ്പിച്ചത്. ഇന്ന് രാവിലെ കോടതിയിൽ ഹാജരാക്കിയ ശേഷം അദ്ദേഹത്തെ കൊട്ടാരക്ക സബ് ജയിലിലേക്ക് കൊണ്ടുവരുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്. എന്നാൽ സുരേന്ദ്രനെ എപ്പോഴാണ് തിരുവനന്തപുരത്തേക്ക് മാറ്റും എന്ന് വ്യക്തമായിട്ടില്ല.

നേരത്തെ എൻ.ഡി.എഫ് പ്രവർത്തകൻ ഫസലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ കേസിൽ സുരേന്ദ്രന് കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ളാസ് മജിസ്ട്രേട്ട് കോടതി ഉപാധികളില്ലാതെ ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ ശബരിമലയിൽ നിന്നും അറസ്‌റ്റ് ചെയ്‌ത സുരേന്ദ്രനെതിരെ പൊലീസ് നിരവധി കേസുകൾ ചുമത്തിയിട്ടുള്ളതിനാൽ പുറത്തിറങ്ങുന്നത് വൈകുമെന്നാണ് നിയമ വൃത്തങ്ങൾ നൽകുന്ന സൂചന. ചിത്തിര ആട്ടവിശേഷ സമയത്ത് 52കാരിയെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ പൊലീസ് വധശ്രമക്കുറ്റം ചുമത്തിയിട്ടുള്ളതിനാലാണ് പുറത്തിറങ്ങാൻ കഴിയാത്തത്. ഫെബ്രുവരി 14ന് കേസിൽ വീണ്ടും ഹാജരാകണമെന്നും കോടതി സുരേന്ദ്രനോട് നിർദ്ദേശിച്ചു.