kim-ki-duk

പനാജി: മലയാളികളുടെ ആരാധനാ പാത്രമായ ചലച്ചിത്രകാരൻ കിം കി ഡുക്കിന് വീണ്ടും വഴിതെറ്റി. ഇഫി ഗോവയിൽ ഇന്ന് പ്രദർശിപ്പിച്ച അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം ഹ്യൂമൻ,സപേസ്,ടൈം ആൻഡ് ഹ്യൂമൻ അതിരു കടന്ന വയലൻസും സെക്സും കുത്തിനിറച്ച അസംബന്ധ കലാസൃഷ്ടിയായി. ചിത്രത്തിന്റെ ആദ്യപ്രദർശനം 66 സീറ്റുകൾ മാത്രമുള്ള മക്വിനസ്സ് പാലസിലായതിനാൽ നല്ലൊരു പങ്ക് മലയാളി പ്രേക്ഷകർക്കും കാണാനായില്ല.

മനുഷ്യന്റെ ദുരയും,കാമവും ബന്ധങ്ങളുടെ അർത്ഥമില്ലായ്മയും അധികാരത്തിന്റെ ഭ്രാന്തുമൊക്കെ ആവിഷ്‌ക്കരിക്കാൻ ശ്രമിക്കുന്ന സംവിധായകൻ വയലൻസിന്റെ ഒഴുക്കിൽ എവിടെയോ സ്വയം നഷ്ടപ്പെട്ട അവസ്ഥയിലാണ്.കിം കി ഡുക്കിന്റെ എക്കാലത്തേയും മികച്ച ചിത്രമായ സ്പ്രിംഗ് സമ്മർ ഫാൾ വിന്റർ ആൻഡ് സ്പ്രിംഗിന്റെ പാറ്റേണിലാണ് പുതിയ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്..എന്നാൽ ഇവ തമ്മിൽ ഒരു താരതമ്യവുമില്ല.ഒരു കപ്പൽ യാത്രയിലാണ് കഥ തുടങ്ങുന്നത്.സെനറ്ററായ രാഷ്ട്രീയ നേതാവും മകനും,കുറെ അധോലോക ഗുണ്ടകളും ലൈംഗികത്തൊഴിലാളികളും ഹണിമൂൺ ആഘോഷിക്കുന്ന ദമ്പതികളും പിന്നെ ആരോടും മിണ്ടാത്ത നിശബദ്നായ ദുരൂഹതയുണർത്തുന്ന വ്യക്തിയുമാണ് കപ്പലിലെ യാത്രക്കാർ.

ചിത്രം തുടങ്ങി അര മണിക്കൂറിനുളിൽ ചിത്രത്തിലെ ലൈംഗികത്തൊഴിലാളി കഥാപാത്രങ്ങളല്ലാത്ത രണ്ടു സ്ത്രീകളും അഞ്ചുപേരാൽ കൂട്ട ബലാൽസംഘത്തിനിരയാവുകയാണ്.നിശബ്ദനായ വ്യക്തി മാത്രമേ ചിത്രത്തിൽ ആരെയും ബലാൽസംഘം ചെയ്യാതിരിക്കുന്നുള്ളു.പക്ഷേ എല്ലാത്തിനും സാക്ഷിയെന്നപോലെ കാബിന്റെ ജാലകത്തിലൂടെ നോക്കിക്കാണുന്നുണ്ട്.ഇയാളിലൂടെ ഫാന്റസിയുടെ ഒരുതലം ചിത്രത്തിന് നൽകാൻ ഡുക്ക് വൃഥാശ്രമിക്കുന്നുണ്ട്. തുടർന്ന് സപേസ് എന്ന രണ്ടാം ഭാഗത്തിലേക്ക് ചിത്രം കടക്കുന്നു.ബലാൽസംഘ കപ്പൽ പെട്ടെന്ന് മേഘങ്ങൾക്കിടയിലേക്ക് ഉയർത്തപ്പെടുന്നു.താഴെ കടൽ അപ്രത്യക്ഷമാകുന്നു.യാത്രക്കാർ പരിഭ്രാന്തരാകുന്നു.ഇതിനിടെ മധുവിധു ആഘോഷിക്കാൻ വന്ന് ബലാൽസംഘം ചെയ്യപ്പെട്ടവൾ ഗർഭിണിയാകുന്നു..കഥ മുന്നോട്ടുപോകാൻ ഒരു ജീവിതത്തിന്റെ ഭാവി വേണമെന്ന് ഡുക്കിന് മറ്റാരേക്കാളും നന്നായിട്ടറിയാം.കപ്പൽ അമാനുഷശക്തിയുടെ പിടിയിലായെന്ന് കരുതുമ്പോഴേക്കും ഭക്ഷണത്തിന്റെ പേരിലുള്ള കലാപത്തിന്റെ വിത്ത് വിതയ്ക്കപ്പെടുന്നു.അധികാരാധിഷ്ഠിതമായ ആർത്തിയിൽ തുടങ്ങുന്നതാണ് അതെങ്കിലും ഒടുവിൽ പരസ്പരം വെട്ടിക്കൊന്നും തിന്നും ചിത്രം അവസാനിക്കുന്നു.അവിടെ കൊണ്ടും തീരുന്നില്ല.പ്രേക്ഷകന്റെ ക്ഷമപരീക്ഷിക്കൽ..ആസക്തിക്കു മുന്നിൽ ബന്ധങ്ങൾ വെറും ജലരേഖകൾ മാത്രമാണെന്ന് പറയാൻ അഗമ്യഗമനത്തിലാണ് അവസാനപാദം എത്തിനിൽക്കുന്നത്.ഡുക്കിൽ നിന്ന് പ്രതീക്ഷിക്കാവുന്ന രംഗം തന്നെയാണത്.

മനുഷ്യർ പരസ്പരംകൊന്നുതിന്നുന്ന രംഗങ്ങൾ പച്ചയായി ചിത്രീകരിച്ചിരിക്കുകയാണ്.അസഹനീയമെന്നല്ലാതെ വേറൊന്നും പറയാനില്ല.ഉദാത്തമായ സൃഷ്ടിയായി ഇതിനെ വ്യഖ്യാനിക്കാൻ ഡുക്കിന്റെ ആരാധകരായ ചലച്ചിത്ര പണ്ഡിതൻമാർ എത്രശ്രമിച്ചാലും കഴിയാത്തത്ര തല്ലിപ്പൊളി ചിത്രമാണിത്.രണ്ട് മണിക്കൂറും രണ്ടും മിനിറ്റും കഴിഞ്ഞ് ചിത്രം പൂർത്തിയായി ഇറങ്ങുമ്പോൾ സംവിധായകൻ സ്വയം കൊന്നു സ്വയം വിഴുങ്ങിയോയെന്ന് അറിയാതെ സംശയിച്ചു പോകും.

ഈ ചിത്രം ഐ.എഫ്.എഫ്.കെയിൽ ഉദ്ഘാടനചിത്രമാക്കാൻ ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവരോട് ഒരു അപേക്ഷ .ദയവ് ചെയ്ത് കേരളത്തിലെ പ്രേക്ഷകരോട് ആ പാതകം ചെയ്യരുത്..