spy

റിയാദ്: ചാരവൃത്തിക്കുറ്റത്തിന് യു.എ.ഇയിൽ ജയിലിൽ കഴിയുകയായിരുന്ന ബ്രിട്ടീഷ് ഗവേഷക വിദ്യാർത്ഥി മാത്യു ഹെഡ്‌ജസിനെ മാപ്പു നൽകി വിട്ടയച്ചു. ബ്രിട്ടീഷ് സർക്കാരിന്റെ ചാരസംഘടനയായ എം.ഐ. 6ന്റെ ഏജന്റായിരുന്ന മാത്യു ഹെഡ്ജസിനെ കഴിഞ്ഞയാഴ്ചയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.

മാത്യു ഹെഡ്ജസ് കുറ്റം ഏറ്റുപറഞ്ഞതിനെ തുടർന്നാണ് വിട്ടയയ്ക്കാൻ തീരുമാനിച്ചതെന്ന് യു.എ.ഇ അറിയിച്ചു. അന്താരാഷ്ട്ര സമ്മർദ്ദത്തെ തുടർന്നാണ് തീരുമാനമെന്നാണ് സൂചന. ബ്രിട്ടനിലെ ദുറാം സർവകലാശാലയിൽ ഗവേഷകനായിരുന്നു മാത്യു. യു.എ.ഇയുടെ തീരുമാനം ഭാര്യ ഡാനിയേല തെജാഡ സ്വാഗതം ചെയ്തു.

ഗവേഷണ ആവശ്യങ്ങൾക്കായി യു.എ.ഇയിലെത്തിയ മാത്യു ഹെഡ്ജസ് ചാരവൃത്തിക്കുറ്റം ആരോപിക്കപ്പെട്ട് കഴിഞ്ഞ മേയ് അഞ്ചിനാണ് ദുബായ് വിമാനത്താവളത്തിൽ അറസ്റ്രിലായത്. തുടർന്ന് കഴിഞ്ഞ ബുധനാഴ്ച അബുദാബി കോടതി ഇയാളെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു. രണ്ട് വ്യത്യസ്ത പേരുകൾ ഉപയോഗിച്ച് യു.എ.ഇ മിലിട്ടറിയുടെയും രാജകുടുംബത്തിന്റെയും രഹസ്യ വിവരങ്ങൾ ചോർത്തുകയായിരുന്നു ഇയാളുടെ ശ്രമമെന്ന് യു.എ.ഇ കണ്ടെത്തിയിരുന്നു. ദേശീയ സുരക്ഷയ്ക്ക് വരെ ഭീഷണിയാകുന്ന കുറ്രമാണ് ഇയാൾ ചെയ്തതെന്നും ഇന്നലെ വാർത്താ സമ്മേളനത്തിൽ യു.എ.ഇ അറിയിച്ചു. ഇയാൾക്കൊപ്പം നൂറുകണക്കിന് മറ്റു കുറ്രവാളികളെയും വിട്ടയയ്ക്കുന്നതായി യു.എ.ഇ പ്രസിഡന്റ് ഖലീഫ ബിൻ സയീദ് അൽ നഹ്യാൻ അറിയിച്ചു.