-pc-george

എരുമേലി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ഇടത് സർക്കാർ സ്വീകരിച്ച നിലപാടിൽ പ്രതിഷേധിച്ച് പി.സി ജോർജിന്റെ ജനപക്ഷം പാർട്ടി സി.പി.എമ്മുമായുള്ള ബന്ധം അവസാനിപ്പിച്ചു. ഇതിനെ തുടർന്ന് പൂഞ്ഞാർ പഞ്ചായത്തിൽ ബി.ജെ.പിയുമായി ചേർന്ന് സി.പി.എം പ്രസിഡന്റിന് എതിരെ അവിശ്വാസത്തിന് നോട്ടീസ് നൽകി. വിശ്വാസികളെ ദ്രോഹിക്കുന്ന സി.പി.എമ്മുമായുള്ള ബന്ധം പാപമാണെന്ന് പി.സി ജോർജ് എം.എൽ.എ പറഞ്ഞു. എരുമേലിയിൽ മാദ്ധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ മുന്നണി ബന്ധത്തെ കുറിച്ച് ലോക്സഭ തിരഞ്ഞെടുപ്പ് വരുമ്പോൾ തീരുമാനമെടുക്കുമെന്ന് പി.സി ജോർജ് പറഞ്ഞു. ബി.ജെ.പിക്കാർ മോശമാണെന്ന് തോന്നിയിട്ടില്ല. കോൺഗ്രസിനോടും സി.പി.എമ്മിനോടും ഇപ്പോൾ തുല്യ അകലമാണെന്ന് പി.സി ജോർജ് വ്യക്തമാക്കി.

പൂഞ്ഞാർ ഗ്രാമ പഞ്ചായത്തിൽ മൂന്നുവർഷം സി.പി.എമ്മും ജനപക്ഷവും കൈകോർത്ത ഭരണമാണ് ശബരിമല വിഷയത്തിലെ നിലപാടിനെതിരെയുള്ള പ്രതിഷേധമെന്ന നിലയിൽ അവസാനിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ജനപക്ഷം വൈസ് പ്രസിഡന്റ് ലിസമ്മ സണ്ണി വൈസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചിരുന്നു. പ്രസിഡന്റ് സി.പി.എമ്മിലെ ധനേഷ് വെട്ടിമറ്റത്തിനെതിരെ അവിശ്വാസം കൊണ്ടുവന്ന് ഭരണപക്ഷത്തെ മറിച്ചിടാനാണ് ജനപക്ഷ തീരുമാനം. ശബരിമല സമരത്തിൽ പി.സി ജോർജ് മുൻ പന്തിയിൽ നിന്നതോടെ സി.പി.എമ്മുമായിട്ടുള്ള ബന്ധം വഷളായി. ഇതേതുടർന്നാണ് ജനപക്ഷം സി.പി.എം ഭരണത്തിന് പിന്തുണ പിൻവലിക്കാൻ തീരുമാനിച്ചത്.

13 അംഗ പഞ്ചായത്തിലെ 8 സി.പി.എം അംഗങ്ങളും 3 ജനപക്ഷം അംഗങ്ങളും ചേർന്നാണ് ഭരണം നടത്തിയിരുന്നത്. കോൺഗ്രസ് 3, ബിജെപി 2 എന്നിങ്ങനെയാണ് കക്ഷിനില. ശബരിമല സംരക്ഷണ മുന്നണി എന്ന നിലയിൽ കോൺഗ്രസ് ബി.ജെ.പി ജനപക്ഷം കൂടിച്ചേർന്ന് ഭരണത്തെ പിടിച്ചെടുത്ത് സംസ്ഥാനത്ത് പുതിയ കൂട്ടുകെട്ട് ഉണ്ടാക്കാനാണ് നീക്കം.