റോം: ബുദ്ധിജീവി സിനിമകളുടെ സമർത്ഥനായ 'ലാസ്റ്റ് എംപറർ"- വിഖ്യാത ഇറ്റാലിയൻ ചലച്ചിത്രകാരൻ ബെർനാഡോ ബെർട്ടൊലൂചിയെ ഇനി ഇങ്ങനെ വിശേഷിപ്പിക്കാം. ബെർട്ടൊലൂചിയുടെ ചലച്ചിത്ര പാരമ്പര്യവും യശസും ലോകസിനിമയിൽ ഇന്നും അതി സങ്കീർണമായി നിലകൊള്ളുന്നു. എങ്കിലും മലയാളികൾ അടക്കമുള്ള പ്രേക്ഷകർക്ക് ഇന്നും പ്രിയങ്കരനാണ് ബെർട്ടൊലൂചി. കേരള രാജ്യാന്തര ചലച്ചിത്രോത്സവ വേദികൾ നിറഞ്ഞ സദസിൽ കണ്ടിരുന്നിട്ടുണ്ട് അദ്ദേഹത്തിന്റെ ചിത്രങ്ങൾ.

ഇറ്റലിയിലെ പാർമയിൽ കവിയും അദ്ധ്യാപകനും ചലച്ചിത്ര നിരൂപകനുമായിരുന്ന അറ്റിലിയോ ബെർട്ടൊലൂചിയുടെ മകനായി 1941ൽ ജനിച്ച ബെർണാഡോ, ഇറ്രാലിയൻ സംവിധായകൻ പസോളിനിയുടെ സഹായിയായാണ് ചലച്ചിത്രജീവിതം തുടങ്ങിയത്. 22-ാം വയസിൽ പസോളിനിയുടെ കഥയ്ക്ക് അദ്ദേഹത്തോടൊപ്പം ചേർന്ന് തിരക്കഥയെഴുതി ആദ്യ സിനിമ സംവിധാനം ചെയ്തു. 'ബിഫോർ ദ റെവല്യൂഷൻ" ദ കൺഫോമിസ്റ്ര് തുടങ്ങിയ ചിത്രങ്ങളിലൂടെ തന്റെ തീവ്ര ഇടത് ആശയങ്ങൾ അദ്ദേഹം ലോകത്തോട് പങ്കുവച്ചു. കമ്മ്യൂണിസത്തെ കുറിച്ചുള്ള സ്വപ്നങ്ങളിലാണ് താൻ ജീവിച്ചതെന്ന് ഒരിക്കൽ അദ്ദേഹം പറയുകയുണ്ടായി.

ദ സ്പൈഡേഴ്സ് സ്ട്രാറ്റജെം, ലാസ്റ്ര് ടാങ്കോ ഇൻ പാരീസ്, 1900 തുടങ്ങിയ ചിത്രങ്ങളിലൂടെ വശ്യമാർന്ന ചലച്ചിത്ര ഭാഷയെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തി. ലാസ്റ്റ് ടാങ്കോ ബെർട്ടൊലൂചിയെ പ്രശസ്തിയുടെ ഉയർന്ന പടവുകളിലെത്തിച്ചു.

1987ൽ പുറത്തിറങ്ങിയ ലാസ്റ്റ് എംപറർ ബെർട്ടൊലൂചിയുടെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ മറ്രൊന്നായി. മികച്ച തിരക്കഥയ്ക്കും സംവിധായകനുമടക്കം ഒൻപത് ഓസ്കാർ പുരസ്കാരങ്ങളാണ് എംപറർ അദ്ദേഹത്തെ ഏൽപ്പിച്ചത്. ദ ഷെൽട്ടറിംഗ് സ്കൈ, സ്റ്രീലിംഗ് ബ്യൂട്ടി, ദ ഡ്രീമേഴ്സ് എന്നിവയിലൂടെ വീണ്ടും തിരശീലയിൽ ബെർട്ടൊലൂചി മായാജാലം കാട്ടി. പിന്നീട് വീണ്ടും തീവ്ര രാഷ്ട്രീയവും ലൈംഗികതയും പ്രതിപാദ്യങ്ങളാക്കി നിരവധി ചിത്രങ്ങൾ. 2012ൽ സംവിധാനം ചെയ്ത 'മി ആൻഡ് യു" ആണ് അവസാന ചിത്രം. 1978ൽ സംവിധായിക ക്ലെയർ പെപ്‌ലോയെ ജീവിത സഖിയാക്കി. ഇരുവർക്കും കുട്ടികളില്ല.