sevilla

സ്‌പാനിഷ് ലാലിഗയിൽ സെവിയ്യ ഒന്നാം സ്ഥാനത്ത്

സെവിയ്യ: സ്പാനിഷ് ലാലിഗയിൽ നിലിവിലെ ചാമ്പ്യൻമാരായ ബാഴ്സലോണയെ മറികടന്ന് സെവിയ്യ പോയിന്റ് ടേബിളിൽ ഒന്നാമതെത്തി. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ റയൽ വയ്യാഡോളിഡിനെ ഏകപക്ഷീയമായ ഒരുഗോളിന് മറികടന്നാണ് സെവിയ്യ ഒന്നാമൻമാരായത്. കഴിഞ്ഞ ദിവസം നടന്ന ബാഴ്സലോണയും അത്‌ലറ്റിക്കോ മാഡ്രിഡും തമ്മിലുള്ള മത്സരം സമനിലയിൽ അവസാനിച്ചതിനെ തുടർന്നാണ് വയ്യാഡോളിഡിനെതിരായ മത്സരത്തിൽ ജയം നേടിയാൽ സെവിയ്യയ്ക്ക് ഒന്നാം സ്ഥാനത്തെത്താമെന്ന സ്ഥിതിവന്നത്. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ പോർച്ചുഗീസ് സ്ട്രൈക്കർ ആന്ദ്രേ സിൽവയുടെ ക്ലോസ് റേഞ്ച് ഹെഡ്ഡറാണ് സെവിയ്യയ്ക്ക് ജയവും പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനവും സമ്മാനിച്ചത്. മുപ്പതാം മിനിറ്റിലാണ് ആന്ദ്രേ സിൽവയുടെ ഹെഡ്ഡർ വയ്യാഡോളിഡിന്റെ വലകുലുക്കിയത്. തുടർന്ന് സമനിലയ്ക്കായി കിണഞ്ഞ് ശ്രമിച്ച വയ്യാഡോളിഡിന് നിർഭാഗ്യവും ഓഫ്സൈഡ് കുരുക്കും വിനയാവുകയായിരുന്നു. അവരുടെ ടർക്കിഷ് സ്ട്രൈക്കർ ഇനെസ് ഉനാൽ രണ്ട് തവണ സെവിയ്യയുടെ വലയിൽ പന്തെത്തിച്ചെങ്കിലും രണ്ട് തവണയും റഫറി ഓഫ് സൈഡ് വിളിച്ചു. രണ്ടാം പകുതിയുടെ അധിക സമയത്ത് ഉനാലിന്റെ ഗോളെന്നുറച്ച ശ്രമം സെവിയ്യ ഗോളി തോമസ് വാക്ലിക്ക് പറന്ന് സേവ് ചെയ്തതോടെ വയ്യാഡോളിഡിന്റെ തോൽവി ഉറപ്പാവുകയായിരുന്നു.

13 മത്സരങ്ങളിൽ നിന്ന് 26 പോയിന്റുമായാണ് സെവിയ്യ ഒന്നാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത്. രണ്ടാം സ്ഥാനത്തേക്കിറങ്ങിയ ബാഴ്സലോണയ്ക്ക് ഇത്രയും മത്സരങ്ങളിൽ നിന്ന് 25ഉം മൂന്നാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോ മാഡ്രിഡിന് 24 പോയിന്റുമാണുള്ളത്. അതേ സമയം യൂറോപ്യൻ ചാമ്പ്യൻമാരായ റയൽ മാഡ്രിഡ് 20 പോയിന്റുമായി ആറാം സ്ഥാനത്താണ്. കഴിഞ്ഞ മത്സരത്തിൽ റയൽ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് കുഞ്ഞൻമാരായ ഐബറിനോട് തോറ്രിരുന്നു. മറ്രൊരു മത്സരത്തിൽ ജിറോണ 3-1ന് എസ്പാന്യോളിനെ കീഴടക്കി.

അടിപതറാതെ ആഴ്സനൽ

ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ ആഴ്സനൽ അപരാജിത കുതിപ്പ് തുടരുന്നു. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ആഴ്സനൽ എ.എഫ്.സി ബേൺമൗത്തിനെ കീഴടക്കി. 30 -ാം മിനിറ്റിൽ ബേൺമൗത്ത് താരം ജെഫേഴ്സൺ ലെർമയുടെ വകയായി കിട്ടിയ സെൽഫ്ഗോളിൽ ആഴ്സനൽ ലീഡ് നേടി. തുടർന്ന് ഒന്നാം പകുതിയുടെ അധിക സമയത്ത് ജോഷ് കിംഗ് ബേൺമൗത്തിനെ ഒപ്പമെത്തിച്ചു. തുടർന്ന് അറുപത്തേഴാം മിനിറ്റിൽ അയൂബ്മെയാഗ് ആഴ്സനലിന്റെ വിജയ ഗോൾ നേടുകയായിരുന്നു. തോൽവി അറിയാതെ 17-ാ മത്തെ മത്സരമാണ് ആഴ്സനൽ പൂർത്തിയാക്കിയത്.