തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ പ്രവർത്തകയായ യുവതിയുടെ പീഡന പരാതിയിൽ പി.കെ.ശശി എം.എൽ.എയെ പാർട്ടിയിൽ നിന്ന് സി.പി.എം സസ്‌പെൻഡ് ചെയ്‌തതിന് പിന്നിൽ കേന്ദ്രനേതൃത്വത്തിന്റെ ശക്തമായ ഇടപെടലെന്ന് സൂചന.
ഇന്നുചേർന്ന പാർട്ടി സംസ്ഥാനകമ്മിറ്റി പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ആറ് മാസത്തേക്കാണ് ശശിയെ സസ്‌പെൻഡ് ചെയ്‌തത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഷൊർണൂർ എം.എൽ.എയും പാർട്ടി സംസ്ഥാന കമ്മിറ്റി അംഗവും കൂടിയായ ശശിയെ ഏരിയാ കമ്മിറ്റിയിലോ മറ്റേതെങ്കിലും കീഴ് ഘടകങ്ങളിലേക്കോ തരംതാഴ്‌ത്തുമെന്നായിരുന്നു സൂചനകൾ. അതിൽ നിന്ന് വ്യത്യസ്തമായി സസ്പെൻഷൻ എന്ന നടപടിയിലേക്ക് എത്താൻ സംസ്ഥാന കമ്മിറ്റി നിർബന്ധിതരായത് കേന്ദ്ര നേതൃത്വത്തിന്റെ കൂടി ഇടപെടലിനെ തുടർന്നാണ്. സി.പി.എം സ്ത്രീവിരുദ്ധ നിലപാടെടുക്കുന്നു എന്ന പരാതിക്കിടയാക്കരുതെന്ന തരത്തിലുള്ള പരിഹാരമാണ് വേണ്ടതെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും സംസ്ഥാന നേതാക്കളെ അറിയിച്ചു.
പി.കെ.ശശി എം.എൽ.എയ്‌ക്കെതിരെ നടപടി വൈകുന്നതിൽ ഇന്നലെ വി.എസ്.അച്യുതാനന്ദനും അതൃപ്‌തി അറിയിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം കേന്ദ്രനേതൃത്വത്തിന് പരാതിയും നൽകി. ശശിയെ സംരക്ഷിക്കുന്ന നിലപാടാണ് സംസ്ഥാന നേതൃത്വത്തിന്റേതെന്ന് യെച്ചൂരിയോട് വി.എസ് നേരിൽ വിളിച്ച് അറിയിച്ചിരുന്നു. ശശിയെ പാർട്ടി ജാഥയുടെ ക്യാപ്‌ടൻ ആക്കിയതിലും അദ്ദേഹം അതൃപ്‌തി പ്രകടിപ്പിച്ചു.
ഇന്നലെ പി.കെ.ശശി എം.എൽ.എ നയിക്കുന്ന സി.പി.എം കാൽനട പ്രചരണ ജാഥ എത്തുമുമ്പേ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് എം.ബി.രാജേഷ് എം.പി വേദിയിൽ നിന്ന് സ്ഥലം വിട്ടിരുന്നു. പാർട്ടി നിർദ്ദേശം അംഗീകരിച്ച് യോഗം ഉദ്ഘാടനം ചെയ്‌തെന്ന് വരുത്തുകയും ജാഥ എത്തുന്നതിന് മുമ്പ് സ്ഥലം വിട്ട് പി.കെ.ശശിയോടുള്ള വിയോജിപ്പ് പ്രകടമാക്കുകയുമാണ് എം.ബി.രാജേഷ് ചെയ്തതെന്നാണ് വിലയിരുത്തൽ.
നേരത്തെ ചെർപ്പുളശേരിയിൽ ജാഥയ്ക്ക് നൽകിയ യോഗത്തിൽ പാർട്ടി ഉദ്ഘാടകനായി നിശ്ചയിച്ചിരുന്ന സംസ്ഥാന സമിതി അംഗവും മുൻ എം.എൽ.എയുമായ എം.ചന്ദ്രൻ ജില്ലയിലുണ്ടായിരുന്നിട്ടും വിട്ടുനിന്നതും ചർച്ചയായിരുന്നു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണ കമ്മീഷൻ രൂപീകരിച്ചതും കേന്ദ്രനേതൃത്വം ഇടപെട്ടായിരുന്നു. എന്നാൽ സ്വയം തീരുമാനിച്ചു എന്നാണ് സംസ്ഥാന കമ്മിറ്റി എടുത്ത പരസ്യനിലപാട്.
നേരത്തെ അന്വേഷണ കമ്മിഷനിലടക്കം അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നതായി വിവരം ഉണ്ടായിരുന്നു.യുവതിയുടെ പരാതി പാലക്കാട്ടെ വിഭാഗീയതയുടെ ഭാഗമാണെന്നായിരുന്നു അന്വേഷണ കമ്മീഷൻ അംഗമായ മന്ത്രി എ.കെ. ബാലന്റെ നിലപാട്. എന്നാൽ ഇതിനെതിരെ പി.കെ. ശ്രീമതി നിലപാടെടുത്തു. ശശി ആരോപിച്ച വിഭാഗീയത പാർട്ടി അംഗീകരിച്ചില്ലെന്ന് അവർ ഇന്ന് വ്യക്തമാക്കിയിരുന്നു.
എങ്കിലും ഏകകണ്ഠമായാണ് അവസാനം റിപ്പോർട്ട് സമർപ്പിച്ചത്. പീഡന പരാതി പ്രവർത്തകയോട് മോശമായി പെരുമാറി എന്ന രീതിയിലേക്ക് മാറ്റിയാണ് നടപടി സ്വീകരിച്ചത്. ഡി.വൈ.എഫ്.ഐ വനിതാ നേതാവിനോട് പാർട്ടിയുടെ മുതിർന്ന നേതാവിന് ചേരാത്ത രീതിയിലുള്ള പ്രയോഗം നടത്തിയതിനാണ് പി.കെ.ശശിക്കെതിരെ നടപടിയെടുത്തതെന്നാണ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നത്.
പരാതിയിൽ അന്വേഷണം നടക്കുന്നതിനിടയ്ക്കും പൂർത്തിയായ ശേഷവും അന്വേഷണ കമ്മീഷനംഗം എ.കെ. ബാലനുമായി ശശി വേദി പങ്കിട്ടതും സി.പി.എമ്മിന്റെ ജാഥാ ക്യാപ്ടനായി ജാഥ നയിച്ചതും പി.കെ. ശശിയെ സംരക്ഷിക്കാനുള്ള സൂചനകളിലേക്കായിരുന്നു നയിച്ചത്. ചെറിയ നടപടിയെടുത്ത് കേസ് ഒതുക്കാനായിരുന്നു നീക്കമെന്ന് അന്ന് തന്നെ ഒരു വിഭാഗം പരാതിയും ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ യുവതി തന്നെ അന്വേഷണത്തിൽ സംശയം പ്രകടിപ്പച്ച് രണ്ടാമതും റെക്കോർഡിംഗ് ക്ലിപ്പ് സഹിതം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയയ്ക്കുകയും ചെയ്തു. തുടർന്നാണ് കർശന നിലപാടുമായി കേന്ദ്ര നേതൃത്വം രംഗത്തെത്തിയത്.
നിയമസഭ സമ്മേളനം തുടങ്ങുന്ന സാഹചര്യത്തിൽ ശശി വിഷയം പ്രതിപക്ഷം ആയുധമാക്കുമെന്ന ആശങ്കയും സി.പി.എമ്മിനുണ്ട്. ഇത് കൂടി പരിഗണിച്ചാണ് ഇന്ന് സംസ്ഥാനകമ്മിറ്റി ചേരാൻ തീരുമാനിച്ചതും സസ്പെൻഷൻ തീരുമാനം പ്രഖ്യാപിച്ചതും.