murder

അൽഐൻ: കാമുകി കാമുകനെ വെട്ടിനുറുക്കി ഭക്ഷണമാക്കി വിളമ്പിയെന്നത് വലിയ വാർത്തയായിരുന്നു. മുൻപെങ്ങും കേട്ട് കേൾവി ഇല്ലാത്ത ഈ ക്രൂര കൃത്യം മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന പോലെയല്ല എന്നാണ് അബുദാബി പൊലീസ് പറയുന്നത്. സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത് യാഥാർത്ഥ്യത്തിൽ കവിഞ്ഞതാണ് എന്ന് അബുദാബി പൊലീസ് ഡയറക്‌ടറേറ്റ് അറിയിച്ചു. ഇത്തരം റിപ്പോർട്ടുകൾ കേസന്വേഷണത്തെ ബാധിക്കുമെന്നും പൊലീസ് പറഞ്ഞു.

കാമുകനെ വെട്ടിനുറുക്കി കാമുകി ഭക്ഷണമായി വിളമ്പി എന്നത് യുവതിയും നിഷേധിച്ചുവെന്നാണ് കേസന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനും പറയുന്നത്. എന്നാൽ അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ കൂടുതൽ വിവരം പുറത്ത് വിടാൻ പൊലീസ് തയ്യാറായില്ല. കാമുകനെ വെട്ടിനുറുക്കിയ ശേഷം യുവതി ബിരിയാണി വച്ച് ജോലിക്കാർക്ക് ഭക്ഷണമായി നൽകി തുടങ്ങിയ അതിക്രൂരമായ വാർത്തകളാണ് സമൂഹമാദ്ധ്യമങ്ങളിൽ നിറഞ്ഞ് നിന്നിരുന്നത്.

കൊല്ലപെട്ട യുവാവിന്റെ സഹോദരൻ കാരണമാണ് ഈ കൊലപാതകം പുറം ലോകം അറിയുന്നത്. തന്റെ സഹോദരനെ അന്വേഷിച്ചു വന്നപ്പോൾ ഇപ്പോൾ അയാളുമായി യാതൊരു ബന്ധവുമില്ല എന്നാണ് യുവതി പറഞ്ഞിരുന്നത്. മറ്റൊരു യുവതിയുമായി അടുപ്പത്തിലായതോടെ കാമുകൻ തന്നെ താമസസ്ഥലത്ത് നിന്ന് പുറത്താക്കുകയായിരുന്നു എന്നും ഇവർ പറഞ്ഞു. തുടർന്ന് ഉണ്ടായ സംശയത്തിൽ യുവാവിന്റെ സഹോദരൻ പൊലീസിനെ സമീപിക്കുകയായിരുന്നു.

യുവതിയുടെ അഭിഭാഷകന്റെ പക്ഷം

അതേ സമയം യുവതിയുടെ അഭിഭാഷകന്റെ വാദം മറ്റൊന്നാണ്. ഏഴു വർഷത്തെ അടുപ്പം യുവതിക്കും കാമുകനും ഉണ്ടായിരുന്നു. അടുത്തടുത്തായാണ് ഇരുവരും ജോലി ചെയ്തിരുന്നത്. കൊലപാതകം നടന്ന ദിവസം ഇരുവരും സുഹൃത്തുക്കളോടൊപ്പം പുറത്ത് പോയിരുന്നു. ഏറെ വൈകിയാണ് ഇവർ വീട്ടിലെത്തിയത്. യുവതിയെ വിട്ടിലെത്തിച്ചതും കാമുകനായിരുന്നു. അന്നേ ദിവസം ഉച്ചയോടെ യുവതിയെ വീണ്ടും ഒരു യാത്രയ്ക്ക് കാമുകൻ ക്ഷണിച്ചുവെങ്കിലും തിരക്കിലായിരുന്ന യുവതി അത് നിരസിച്ചു. മറ്റൊരു ഫ്ളാറ്റിലേക്ക് താമസം മാറുന്ന തിരക്കിലായിരുന്നു അവർ. തുടർന്ന് സാധനങ്ങൾ മാറ്റാൻ സഹായിക്കണമെന്ന് യുവതി കാമുകനോട് ആവശ്യപ്പെട്ടു. തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്രമായി. യുവതിയെ കാമുകൻ മുടിയിൽ കടന്ന് പിടിക്കുകയും തല മേശയിൽ അടിക്കുകയും ചെയ്തു. ഇതേ തുടർന്നുണ്ടായ ദേഷ്യത്തിൽ യുവതി കാമുകന്റെ നെഞ്ചിൽ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. ഇവർക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ് അഭിഭാഷകൻ കോടതിയെ അറിയിച്ചത്.