ber

റോം: വിഖ്യാത ഇറ്റാലിയൻ ചലച്ചിത്രകാരൻ ബെർണാഡോ ബെർട്ടൊലൂചി അന്തരിച്ചു. 77 വയസായിരുന്നു. അർബുദ രോഗത്തിന് ഏറെ നാളായി ചികിത്സയിലായി​രുന്നു. നട്ടെല്ല് ശസ്ത്രക്രിയ പരാജയപ്പെട്ടതിനെ തുടർന്ന് കാലുകൾ തളർന്നുപോയ ബെർട്ടൊലൂചി ഒരു ദശാബ്ദത്തോളമായി വീൽ ചെയറിലായിരുന്നു.ഇറ്റാലിയൻ നവറിയൽ ചിത്രങ്ങളുടെ വക്താവായി ഫെല്ലിനിക്കും പസോളിനിക്കുമൊപ്പം ചലച്ചിത്രലോകത്തെത്തിയ ബെർട്ടൊലൂചി അഞ്ച് പതിറ്രാണ്ടിലധികം ലോക സിനിമാ പ്രേക്ഷകരെ ത്രസിപ്പിച്ചു. ലാസ്റ്റ് ടാങ്കോ ഇൻ പാരീസ്, ദ ലാസ്റ്റ് എംപറർ, ദ ഡ്രീമേഴ്സ് തുടങ്ങിയ ചിത്രങ്ങളിലൂടെ ബെർട്ടൊലൂചി പ്രേക്ഷക ഹൃദയത്തിലിടം നേടി.

1987ൽ സംവിധാനം ചെയ്ത 'ദ ലാസ്റ്റ് എംപറർ" മികച്ച ചിത്രത്തിനും സംവിധാനത്തിനുമടക്കം ഒൻപത് ഓസ്കാർ പുരസ്കാരങ്ങളാണ് വാരിക്കൂട്ടിയത്. 2011ലെ കാൻ ചലച്ചിത്രമേളയിൽ, ലോക സിനിമയ്ക്കു നൽകിയ സംഭാവനകൾക്ക് ആദരസൂചകമായി പാം ഡി ഓർ പുരസ്കാരം നൽകി. പ്രശസ്ത നടൻ മർലൻ ബ്രാൻഡോ അഭിനയിച്ച ലാസ്റ്റ് ടാൻഗോ ഇൻ പാരീസാണ് അദ്ദേഹത്തെ ആഗോളപ്രശസ്തിയിലെത്തിച്ചത്. 2012 ൽ പുറത്തിറങ്ങിയ മീ ആൻഡ് യു ആണ് അവസാന ചിത്രം.