rahul-modi

ന്യൂഡൽഹി : നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടെ സ്വയം കുഴി തോണ്ടുന്ന കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അടിക്കാൻ വടി കൊടുക്കരുതെന്ന് ഉപദേശവുമായാണ് രാഹുൽ ഗാന്ധി രംഗത്തെത്തിയത്. പ്രധാനമന്ത്രിക്കെതിരെ മോശം വാക്കുകളും പ്രയോഗങ്ങളും നടത്തരുതെന്ന് രാജസ്ഥാനിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു.

സ്നേഹത്തോടെയും സംയമനത്തോടെയുമായിരിക്കണം പ്രചാരണം നടത്തേണ്ടത്. അധിക്ഷേപിക്കലും മോശം പദ പ്രയോഗങ്ങളും ബി.ജെ.പിയുടെ രീതിയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയെക്കുറിച്ചും അച്ഛനെക്കുറിച്ചും കഴി‌ഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പ് യോഗങ്ങളിൽ കോൺഗ്രസ് നേതാക്കളായ രാജ്ബബ്ബറും വിലാസ് റാവു മുട്ടേംവറും വിവാദ പരാമർശം നടത്തിയിരുന്നു. ഈ പരാമർശങ്ങൾ കോൺഗ്രസിനെതിരെ ഉയർത്തിയ വിമർശനങ്ങളിൽ നിന്നാണ് രാഹുൽഗാന്ധിയുടെ ഉപദേശംം.

അതേസമയം കോൺഗ്രസ് നേതാക്കളുടെ വ്യക്തിപരമായ പരാമർശം മോദി പ്രചാരണ വിഷയമാക്കി. തനിക്കെതിരെ ഉന്നയിക്കാൻ മറ്റു വിഷയങ്ങളില്ലാത്തതിനാലാണ് കോൺഗ്രസ് തന്റെ അച്ഛനാരെന്നും ജാതിയേതെന്നും ചോദിക്കുന്നുവെന്ന് മോദി വിമർശിച്ചു. കോൺഗ്രസ് ജാതീയതയുടെ വിഷം പടർത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. മുംബയ് ഭീകരാക്രമണം നടന്ന് പത്തു വർഷമാകുന്ന വേളയിൽ വിഷയം സോണിയാ ഗാന്ധിയ്ക്കെതിരായ ആയുധവുമാക്കി.

രാജസ്ഥാൻ പ്രചാരണത്തിൽ സർക്കാർ നേട്ടങ്ങൾ മോദി നിരത്തുമ്പോൾ റെയിൽവേയുടെ പേര് അദാനി റെയിൽവേ എന്നും ഇന്ത്യൻ വ്യോമസേനയുടെ പേര് അംബാനി വ്യോമസേന എന്നും മാറ്റേണ്ടി വരുമെന്ന് രാഹുൽ ഗാന്ധി തിരിച്ചടിച്ചു