sob-k-r-pradeep-kumar
കെ.ആർ പ്രദീപ് കുമാർ

ചെങ്ങന്നൂർ: സോപാന സംഗീതജ്ഞനും ദേവസ്വം ജീവനക്കാരനുമായ യുവാവ് കുഴഞ്ഞു വീണ് മരിച്ചു. ദേവസ്വം ബോർഡിന്റെ ആറന്മുള ഗ്രൂപ്പിലെ മേജർ തൃപ്പുലിയൂർ മഹാവിഷ്ണു ക്ഷേത്രത്തിലെ പൂജാ പാട്ട് ജീവനക്കാരൻ തിരുവൻവണ്ടൂർ കൊല്ലംപറമ്പിൽ കെ.ആർ. പ്രദീപ്കുമാർ (42) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി അത്താഴപൂജയ്ക്ക് ശേഷം ഓഫീസ് ഡ്യൂട്ടിയിലായിരുന്നു. ഈ സമയം പ്രദീപ് മാത്രമേ ഡ്യൂട്ടിയിലുണ്ടായിരുന്നുള്ളു. ഇന്നലെ പുലർച്ചെ 4ന് ക്ഷേത്രത്തിലെ പ്രധാന വഴിപാടായ ചതുശതം പായസം ഉണ്ടാക്കാൻ എത്തിയ ക്ഷേത്രം ജീവനക്കാരാണ് പ്രദീപിനെ ഓഫീസിന്റെ വരാന്തയിൽ കിടക്കുന്നത് കണ്ടത്. ഉടൻതന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കഠിനമായ നെഞ്ചുവേദനയെ തുടർന്നാണ് മരണം സംഭവിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞു. ചെങ്ങന്നൂർ പൊലീസ് എത്തി നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടു നൽകി. ഇന്നലെ വൈകി​ട്ട് പ്രദീപിന്റെ കുടുംബ വീടായ തിരുവൻവണ്ടൂരിലെ കൊല്ലംപറമ്പിൽ വീട്ടിൽ പൊതുദർശനത്തിന് വച്ചു. ചെങ്ങന്നൂർ തോന്നയ്ക്കാട് തുണ്ടിയിൽ വീട്ടിൽ ഇന്ന് ഉച്ചയ്ക്ക് 1ന് സംസ്‌കാരം നടത്തും. മാതാവ്: കെ.ആർ. രാജമ്മ, ഭാര്യ: സ്മിത പ്രദീപ്. മക്കൾ: പ്രണവ് (വിദ്യാർത്ഥി എസ്.എൻ.വി.എച്ച്.എസ്.എസ് ചെറിയനാട്), പ്രഭാത് (തോന്നയ്ക്കാട് ജെ.ബി സ്‌കൂൾ വിദ്യാർത്ഥി). സഞ്ചയനം ശനിയാഴ്ച രാവിലെ 10ന്.