ജയ്പൂർ : കോണ്‍ഗ്രസുകാർ ബിരിയാണി കൊടുത്ത് വളർത്തി വലുതാക്കിയ തീവ്രവാദികളെയാണ് ബി.ജെ.പി വെടിവെച്ചു വീഴ്ത്തിക്കൊണ്ടിരിക്കുന്നതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജസ്ഥാനിൽ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2014ലെ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനുശേഷം കോൺഗ്രസ് നേതാക്കൾക്ക് സൈന്യത്തിനെതിരെ വിമർശനം ഉന്നയിക്കാനാണ് താത്പര്യം. എന്നാൽ അവർ നക്‌സലൈറ്റുകളെയും വിഘടനവാദികളെയും തീവ്രവാദികളെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ജനാധിപത്യത്തിൽ തീവ്രവാദത്തിനും നക്‌സലിസത്തിനും വിഘടനവാദത്തിനും ഇടമില്ലെന്നും അദ്ദേഹം ആരോപിച്ചു.
കോൺഗ്രസിന്റേത് ഭിന്നിപ്പിന്റെ രാഷ്ട്രീയമാണ്. ഇതിന്റെ ഫലമായാണ് കോൺഗ്രസ് ഭരണകാലത്ത് തീവ്രവാദം അതിരൂക്ഷമായത്. കോൺഗ്രസുകാർ ബിരിയാണി കൊടുത്ത് വളർത്തിയ തീവ്രവാദികളെ ഞങ്ങൾ വെടിവെച്ചിടുന്നത് നിങ്ങൾക്കുകാണാമെന്നും ആദിത്യനാഥ് പറഞ്ഞു.