ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ മുംബയ് ഭീകരാക്രമണം നടന്ന് പത്ത് വർഷം പിന്നിടുമ്പോഴും മുഖ്യ ആസൂത്രകർ പാകിസ്ഥാനിൽ സ്വതന്ത്രമായി വിഹരിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കാൻ പാകിസ്ഥാൻ ആത്മാർത്ഥത കാണിച്ചില്ലെന്ന് വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. രാജ്യത്തെ വിറപ്പിച്ച ഭീകരാക്രമണത്തിൽ 166 നിരപരാധികളാണ് കൊല്ലപ്പെട്ടത്. പിടിയിലാവില്ലെന്ന ഉറപ്പിലാണ് പാകിസ്ഥാനിലൂടെ ആസൂത്രകർ സ്വൈരവിഹാരം നടത്തുന്നതെന്നും ഇക്കാര്യത്തിൽ ഇരട്ടത്താപ്പ് ഒഴിവാക്കണമെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
മുംബയ് ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനും ജമാ അത്തുദ്ദവ തലവനുമായ ഹാഫിസ് സയീദ് പാകിസ്ഥാനിൽ സ്വതന്ത്രമായി പ്രവർത്തിക്കുന്നതിനെതിരെ ഇന്ത്യയും അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളും പ്രതിഷേധിച്ചിരുന്നു. ആക്രമണം നടന്നതു മുതൽ വീട്ടുതടങ്കലിലായിരുന്ന ഹാഫിസ് സയീദിനെ 2009ൽ പാകിസ്ഥാൻ മോചിപ്പിക്കുകയും ഇയാൾ പാക് രാഷ്ട്രീയത്തിൽ സജീവമാവുകയും ചെയ്തു.
കറാച്ചിയിൽ നിന്ന് കടൽമാർഗം പുറപ്പെട്ട പത്ത് ഭീകരരാണ് മുംബയ് സി.എസ്.ടി റെയിൽവേ സ്റ്റേഷനും താജ് ഹോട്ടലും ഒബ്‌റോയ് ട്രൈഡന്റ് ഹോട്ടലും അടക്കം മുംബയ് നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയത്. ലഷ്‌കറെ തയ്ബയ്ക്ക് വേണ്ടി ഹാഫീസ് സയിദിനൊപ്പം സാക്കിയുർ റഹ്‌മാൻ ലഖ്‌വിയും ചേർന്നാണ് ആക്രമണം ആസൂത്രണം ചെയ്തത്.