കോഴിക്കോട് : യുവതിയുടെ പീഡന പരാതിയിൽ പി.കെ. ശശി എം.എൽ.എയെ സി.പി.എം സംസ്ഥാന കമ്മിറ്റി ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തിരിക്കുന്നത്. സമകാലീന കേരളചരിത്രത്തിൽ ഇത് ആദ്യമായല്ല സി.പി.എം നേതൃത്വം ഇത്തരമൊരു പരാതിയിൽ നേതാക്കൾക്കെതിരെ നടപടിയെടുക്കുന്നത്. പുറത്തായവരെല്ലാം സി.പി.എമ്മിലെ ഉന്നത നേതാക്കളാണ്. മുൻ മുഖ്യമന്ത്രി ഇ.കെ.നായനാരുടെ പൊളിറ്രിക്കൽ സെക്രട്ടറിയായിരുന്ന പി.കെ.ശശിയുടെ പുറത്താകലായിരുന്നു ആദ്യം
പാർട്ടിയുടെ പ്രിയപ്പെട്ടവരായിരുന്നിട്ടും പാർട്ടിക്കകത്ത് നിന്നും പുറത്ത് നിന്നും നേരിട്ട കടുത്ത സമ്മർദ്ദത്തെതുടർന്നായിരുന്നു പുറത്താക്കൽ നടപടികൾ. ഇവർക്കെതിരായ ആരോപണങ്ങൾ പൊതുജന മദ്ധ്യത്തിൽ വൻചർച്ചയായിട്ടും ഇത്തരം സംഭവങ്ങൾക്ക് കടിഞ്ഞാണിടാൻ പാർട്ടിക്ക് കഴിയാത്തിതിനെക്കുറിച്ചും വിമർശനം ഉയരുന്നുണ്ട്,
ഇത്തരം ആരോപണങ്ങളിൽനിന്ന് യുവജന സംഘടനയായ ഡി.വൈ.എഫ്.ഐയ്ക്ക് പോലും മാറിനിൽക്കാനാവുന്നില്ല എന്നാണ് അടുത്തകാലത്ത് നടന്ന സംഭവങ്ങൾ സൂചിപ്പിക്കുന്നത്.
ഇകെ നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറി, സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എന്നീ പദവികൾ വഹിച്ച് സി.പി.എമ്മിലെ കരുത്തൻ നേതാവായിരിക്കുമ്പോഴായിരുന്നു പി.ശശിക്കെതിരെ പീഡന പരാതി ഉയർന്നുവന്നത്. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയുടെ ഭാര്യയായിരുന്നു പരാതിക്കാരി. കാസർകോട്ടെ ആശുപത്രിയിൽ വെച്ച് സുഖ ചികിത്സയ്ക്കിടെ ഉണ്ടായ സംഭവമാണ് ആദ്യം ഉയർന്നുവന്നത് . പാർട്ടിയിലെ എം.എൽ.എയുടെ മകളോട് അപമര്യാദയായി പെരുമാറിയെന്നും പരാതി ഉയർന്നു.
ശശിയോട് ആദ്യം അവധിയിൽ പോകാനാണ് പാർട്ടി നിർദ്ദേശിച്ചിരുന്നത്. ഒടുവിൽ പരാതിക്കാർ കടുത്ത നടപടിക്ക് മുതിരും എന്ന നിലയിലെത്തിയപ്പോവാണ്. 2011 ജൂലായിൽ പി.ശശിയെ പുറത്താക്കുന്നത്.
സി.പി.എമ്മിന്റെ എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന ഗോപി കോട്ടമുറിക്കലിനെതിരായുള്ള ഒളികാമറാ വിവാദമായിരുന്നു അടുത്തത്. ഗോപി കോട്ടമുറിക്കലും ഒരു അഭിഭാഷകയും തമ്മിലുള്ള ബന്ധം ഒളികാമറയിൽ പകർത്തി ഒരു സംഘം പാർട്ടി നേതൃത്വത്തിന് കൈമാറുകയായിരുന്നു. പി ശശിയെ പുറത്താക്കിയ രീതിയാലിയിരുന്നു ഗോപി കോട്ടമുറിക്കലിനെയും പുറത്താക്കയത്.
2012 ജൂൺ 24നാണ് ഗോപിയെ സി.പി.എം സംസ്ഥാന സമിതി പുറത്താക്കാൻ തീരുമാനിച്ചത്. അതിന് മുമ്പ് ലൈംഗിക ആരോപണത്തിൽ അദ്ദേഹത്തിനെതിരെ പാർട്ടി അന്വേഷണം നടത്തുകയും ചെയ്തു. ആദ്യം ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റിനിർത്തിയ ശേഷമായിരുന്നു അന്വേഷണം അതേസമയം ഔദ്യോഗിക പക്ഷത്തെ പിന്തുണയ്ക്കുന്ന ഗോപിയെ വിഎസ് പക്ഷക്കാരാണ് കുടുക്കിയതെന്നും ആരോപണമുണ്ടായിരുന്നു.
വടക്കാഞ്ചേരിയിൽ സി.പി.എം നേതാവും നഗരസഭാ കൗൺസിലറുമായ പി.എൻ. ജയന്തനെതിരെയാണ് പീഡന ആരോപണം ഉയർന്നത്. യുവതിയെ കൂട്ടബലാത്സംഗം ചെയ്‌തെന്നായിരുന്നു പരാതി. നേതാക്കൾ വീട്ടുകാരെ അടക്കം ഭീഷണിപ്പെടുത്തുന്നതായും യുവതി ആരോപിച്ചിരുന്നു. തുടർന്നാണ് ജയന്തനെതിരെ സി.പി.എം നടപടിയെടുത്തത്.
ഇരിങ്ങാലക്കുടയിലെ ഡി.വൈ.എഫ്.ഐ നേതാവ് യുവതിയെ അപമാനിച്ചെന്ന വിവാദവും സി.പി.എമ്മിന് കീറാമുട്ടിയായി. എം.എൽ.എ ഹോസ്റ്റലിൽ വെച്ച് അപമര്യാദയായി പെരുമാറിയെന്നായിരുന്നു പരാതി. ഈ യുവതി ഡി.വൈ.എഫ്.ഐ ഭാരവാഹി കൂടിയാണ്. നേതൃത്വത്തോട് പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് യുവതി ആരോപിച്ചിരുന്നു. ജീവൻലാൽ എന്ന നേതാവ് തന്നെ കടന്നു പിടിക്കുകയും അശ്ലീല ചുവയോടെ സംസാരിച്ചെന്നുമാണ് പരാതിയിൽ ഇവർ ഉന്നയിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ പാർട്ടി പുറത്താക്കുകയായിരുന്നു.
ഏറ്റവും അവസാനത്തേതാണ് പി.കെ. ശശിയുടെ പുറത്താകൽ. സി.പി.എമ്മിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ആറുമാസത്തേക്കാണ് ശശിയെ സസ്‌പെന്‍ഡ് ചെയ്തത്. ഡി.വൈ.എഫ്.ഐ വനിതാ നേതാവിനോട് പാർട്ടിയുടെ മുതിർന്ന നേതാവിന് ചേരാത്ത രീതിയിലുള്ള പ്രയോഗം നടത്തിയതിനാണ് പി.കെ.ശശിക്കെതിരെ നടപടിയെടുത്തതെന്നാണ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നത് എ.കെ. ബാലനും പി.കെ. ശ്രീമതിയും അടങ്ങുന്നതായിരുന്നു അന്വേഷണ കമ്മീഷൻ. നിലവിൽ പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ഷൊർണൂർ എം.എൽ.എയുമാണ് പി.കെ. ശശി.