ശബരിമല: പമ്പയിൽ എത്തിയ രണ്ട് ബി.ജെ.പി പ്രവർത്തകരെ അറസ്റ്റ് ചെയ്തു. ജയൻ, രാജ്മോഹൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ശബരിമല ദർശനത്തിനായി എത്തിയ ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം എം.ബി രാജഗോപാലിനൊപ്പം എത്തിയവരാണിവർ. എം.ബി രാജഗോപാലിനെ നേരത്തെ നിലയ്ക്കലിൽ വച്ച് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇവർ രണ്ട് പേരെ അറസ്റ്റ് ചെയ്തത്.
പൊലീസ് നൽകിയ നോട്ടീസ് ഒപ്പിടാത്തതിനാലാണ് രാജഗോപാലിനെ അറസ്റ്ര് ചെയ്തത്. രാജഗോപാലിനെതിരെ മൂന്ന് ക്രമിനൽ കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. കൂടുതൽ പരിശോധനയ്ക്ക് ശേഷമല്ലാതെ സന്നിധാനത്തേക്ക് കടത്തിവിടാൻ കഴിയില്ല എന്ന നിലപാട് പൊലീസ് എടുക്കുകയായിരുന്നു. ക്രമസമാധാനം തകർക്കില്ല എന്ന നിർദ്ദേശമടങ്ങിയ നോട്ടീസിൽ ഇയാൾ ഒപ്പിട്ടില്ല എന്നും പൊലീസ് പറയുന്നു. രാജഗോപാലിനെ എരുമേലി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്.