milma
മിൽമയുടെ ആഭിമുഖ്യത്തിൽ ദേശീയക്ഷീര ദിനാചരണവും ഡോ. വർഗീസ് കുര്യൻ അനുസ്മരണ സമ്മേളനവും എറണാകുളം ടൗൺ ഹാളിൽ മന്ത്രി കെ. രാജു ഉദ്‌ഘാടനം ചെയ്യുന്നു. കെ.എൻ. സുരേന്ദ്രൻ നായർ, കല്ലട രമേശ്, പി.എ. ബാലൻ, ഹൈബി ഈഡൻ എം.എൽ.എ, അനിൽ, പി.ടി. ഗോപാലക്കുറുപ്പ് , ഡോ. ജോസ് ജെയിംസ് എന്നിവർ സമീപം

കൊച്ചി : പാലും പാലുത്പന്നങ്ങളും ഇറക്കുമതി ചെയ്യാൻ കേന്ദ്രസർക്കാർ കരാർ ഒപ്പുവയ്ക്കുന്നത് ക്ഷീരകർഷകർക്ക് തിരിച്ചടിയാകുമെന്ന് ക്ഷീരവികസന, വനം വകുപ്പ് വകുപ്പുമന്ത്രി കെ. രാജു പറഞ്ഞു. മിൽമ സംഘടിപ്പിച്ച ദേശീയ ക്ഷീര ദിനാചരണവും ഡോ. വർഗീസ് കുര്യൻ അനുസ്മരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കർഷകർക്ക് മെച്ചപ്പെട്ട വില ലഭിക്കുന്ന കേരളത്തെ ഇറക്കുമതി ബാധിക്കും. തമിഴ്‌നാട്ടിൽ പാലിന് 21 രൂപ ലഭിക്കുമ്പോൾ കേരളത്തിൽ 35 രൂപ വരെയുണ്ട്. വിദേശരാജ്യങ്ങളിൽ നിന്ന് കുറഞ്ഞ വിലയിൽ ഉല്പന്നങ്ങൾ വരുന്നതോടെ വിലയിടിയും.

ഒരു ലക്ഷം ലിറ്റർ പാൽ ഇപ്പോൾ പുറത്തുനിന്ന് കേരളത്തിൽ എത്തുന്നുണ്ട്. പുതിയ ഉത്പന്നങ്ങൾ പുറത്തിറക്കി മിൽമ മുന്നേറണം. പ്രളയത്തിൽ മൂന്നു കോടിയുടെ നഷ്ടമാണ് ക്ഷീരമേഖലയ്ക്ക് സംഭവിച്ചത്.

മിൽമ ചെയർമാൻ പി.ടി ഗോപാലക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. മികച്ച ക്ഷീര സംഘത്തിനും കർഷകനുമുള്ള അവാർഡുകൾ ഹൈബി ഈഡൻ എം.എൽ.എ സമ്മാനിച്ചു. മിൽമ എം.ഡി ഡോ. പി. പുകഴേന്തി, ക്ഷീരവികസന വകുപ്പ് സെക്രട്ടറി അനിൽ എക്‌സ്, മിൽമ തിരുവനന്തപുരം മേഖല യൂണിയൻ ചെയർമാൻ കല്ലട രമേഷ്, മലബാർ യൂണിയൻ ചെയർമാൻ കെ.എൻ. സുരേന്ദ്രൻ നായർ, ക്ഷീര വികസനവകുപ്പ് ഡയറക്ടർ എബ്രഹാം ടി. ജോസഫ്, ഡോ ജോസ് ജെയിംസ്, ഡോ. മുരളീധരദാസ് എന്നിവർ സംസാരിച്ചു.