ന്യൂഡൽഹി: ലോകത്തെ ഏറ്റവും ഉയരം കൂടിയ പ്രതിമ ഇപ്പോൾ ഇന്ത്യക്ക് അവകാശപ്പെട്ടതാണ്. നർമദ നദിക്ക് അഭിമുഖമായി നില കൊള്ളുന്ന സർദാർ വല്ലഭായ് പട്ടേലിന്റെ ഏകതാപ്രതിമയുടെ ഉയരം 182 മീറ്ററാണ്. അമേരിക്കയിലെ ലോകപ്രശസ്ത പ്രതിമയായ സ്റ്റാച്യു ഓഫ് യൂണിറ്റിയേക്കാൾ രണ്ടിരട്ടി ഉയരമുണ്ട് ഈ ഭീമൻ പ്രതിമയ്ക്ക്. ഏകതാപ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതിയായിരുന്നുവെങ്കിലും അതിന്റെ നിർമാണ ചിലവ് ലോകത്തെ നാനാഭാഗങ്ങളിൽ നിന്നും വിമർശനം ഏറ്റു വാങ്ങിയിരുന്നു. ബ്രിട്ടൻ ഇന്ത്യക്ക് നൽകിയ ധനസഹായം നിറുത്തണമെന്ന് വരെ ആവശ്യമുയർന്നിരുന്നു. ലക്ഷക്കണക്കിന് പട്ടിണി പാവങ്ങളുള്ള നാട്ടിൽ ഇത്തരം ധൂർത്ത് വേണ്ടിയിരുന്നില്ല എന്നതാണ് ഒട്ടുമിക്ക വിമർശനങ്ങളുടെയും ഉള്ളടക്കം. എന്നാൽ വിമർശനങ്ങൾ ഉയരുമ്പോഴും ബി.ജെ.പി ഭരണത്തിലുള്ള സംസ്ഥാനമായ ഉത്തർ പ്രദേശിൽ ഏകതാപ്രതിമയെക്കാൾ പൊക്കത്തിൽ ശ്രീരാമന്റെ പ്രതിമ ഉയർത്താനാണ് യോഗി ആദിത്യനാഥ് സർക്കാരിന്റെ പദ്ധതി. 221 മീറ്റർ ഉയരത്തിൽ രാമന്റെ പ്രതിമ ഉയർത്താനാണ് സർക്കാർ ശ്രമം.
പലരും പല രീതിയിൽ ഈ നീക്കത്തെ അനുകൂലിക്കുകയും പ്രതികൂലിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ മുൻ സുപ്രീം കോടതി ജസ്റ്റിസ് മാർക്കണ്ഡേയ കഡ്‌ജുവിന്റെ ട്രോളാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.
മാർക്കണ്ഡേയ കഡ്‌ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
സർദാർ പ്രതിമയ‌്ക്ക് 181മീറ്ററാണ് ഉയരം. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പദ്ധതി പ്രകാരം അയോദ്ധ്യയിലെ രാമ പ്രതിമയ്‌ക്ക് 221 മീറ്ററാണ് ഉയരം. ഈ നിലയ്‌ക്ക് പോകുകയാണെങ്കിൽ ദൈവസഹായത്താൽ നമുക്ക് റോക്കറ്റിന്റെ സഹായം കൂടാതെ ശൂന്യാകാശത്തിൽ എത്താനാകും.