yasir-shah

യാസിർ ഷാ‌യ്‌ക്ക് 8 വിക്കറ്ര്

ദുബായ്: പാകിസ്ഥാനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്രിൽ ന്യൂസിലൻഡ് പ്രതിസന്ധിയിൽ. പാകിസ്ഥാന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 418​/5​നെതിരെ ഒന്നാം ഇന്നിംഗ്സിനിറങ്ങിയ ന്യൂസിലൻഡ് 90 റൺസിന് ആൾഔട്ടായി. തുടർന്ന് ഫോളോ ഓൺചെയ്യാനിറങ്ങിയ ന്യൂസിലൻഡ് മൂന്നാം ദിനം സ്റ്രമ്പെടുക്കുമ്പോൾ 131/2 എന്ന നിലയിലാണ്. 8 വിക്കറ്റ് കൈയിലിരിക്കേ പാകിസ്ഥാന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറിനെക്കാൾ 197 റൺസ് പിന്നാലാണ് ന്യൂസിലൻഡ്.

24/0 എന്ന നിലയിൽ ഇന്നലെ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച ന്യൂസിലൻഡിനെ 8 വിക്കറ്രുമായി കളംനിറഞ്ഞ യാസിർ ഷായാണ് 90 റൺസിൽ ചുരുട്ടിക്കെട്ടിയത്. 21.1 ഓവറിൽ 1 മെയ്ഡനുൾപ്പെടെ 41 റൺസ് നൽകിയാണ് യാസിർ 8 കിവി വിക്കറ്റുകൾ പോക്കറ്റിലാക്കിയത്. ടെസ്റ്റിലെ ഷായുടെ ഏറ്രവും മികച്ച ബൗളിംഗ് പ്രകടനമാണിത്. ഹസൻ അലി ഒരുവിക്കറ്റ് വീഴ്ത്തി. ഓപ്പണർമാരായ റവാൽ (31), ലതാം (22), നായകൻ കേൻ വില്യംസൺ (28) എന്നിവർക്ക് മാത്രമാണ് കിവി നിരയിൽ രണ്ടക്കം കടക്കാനായത്.

തുടർന്ന് ഫോളോൺ ചെയ്യുന്ന കവികൾക്ക് റാവലിന്റെയും (2) വില്യംസണിന്റെയും (30) വിക്കറ്റുകൾ നഷ്ടമായിക്കഴിഞ്ഞു. രണ്ട് പേരെയും യാസിർ ഷാ തന്നെയാണ് മടക്കിയയച്ചത്. 44 റൺസുമായി ലതാമും 49 റൺസുമായി റോസ് ടെയ്ലറുമാണ് ക്രീസിൽ.