ലോകപ്രശസ്ത നടൻ മെർലൻ ബ്രാൻഡോയും മരിയ ഷ്‌നീഡറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ലോക ക്ലാസിക് ആയിരുന്നു ഇറ്റാലിയൻ സംവിധായകൻ ബെർണാഡോ ബെർത്തലൂച്ചിയുടെ ലാസ്റ്റ് ടാംഗോ ഇൻ പാരീസ് എന്ന ചിത്രം. 1972 ൽ പുറത്തിറങ്ങിയ ഇറോട്ടിക് ഡ്രാമ വിഭാഗത്തിൽപ്പെടുന്നചിത്രം പുറത്തിറങ്ങിയപ്പോൾ വിവാദങ്ങളുടെ ഘോഷയാത്രയായിരുന്നു ബെർത്തലൂച്ചിക്ക് നേരിടേണ്ടി വന്നത്.
ഭാര്യ ആത്മഹത്യ ചെയ്ത ഒരാൾക്ക് മറ്റൊരു യുവതിയുമായുണ്ടാകുന്ന ബന്ധമായിരുന്നു ചിത്രത്തിന്റെ വിഷയം. മെർലൻ ബ്രാൻഡോയും മരിയ ഷ്നീഡറുമാണ് ഈ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയത്. വന്യമായ ലൈംഗികതയുടെ പേരിലാണ് ചിത്രം വിവാദത്തിലായത്. ചിത്രത്തിലെ ചില രംഗങ്ങൾ ഇറ്റലിയിൽ വൻവിപ്ലവം തന്നെ സൃഷ്ടിച്ചു. 1976-ൽ ആ ചിത്രത്തിന്റെ എല്ലാ കോപ്പികളും നശിപ്പിക്കുവാൻ കോടതി ഉത്തരവിടുകയും ചെയ്തു. എന്നാൽ ഒരു കോപ്പി മാത്രം നാഷനൽ ഫിലിം ലൈബ്രറിയിൽ സൂക്ഷിക്കുവാൻ കോടതി അനുമതി നൽകി. അഞ്ചുകൊല്ലത്തേക്ക് ദേശീയ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുന്നതിനുള്ള അവകാശവും ബെർത്തലൂച്ചിക്ക് കോടതി അന്നു നിഷേധിച്ചു.
പിന്നീട് ചിത്രം റിലീസ് ചെയ്ത് നാല് പതിറ്റാണ്ടുകൾക്ക് ശേഷം മറ്റൊരു വിവാദവും ബെർത്തലൂച്ചിയെ തേടിയെത്തി. ബെർത്തലൂച്ചിയുടെ വെളിപ്പെടുത്തൽ തന്നെയാണ് വിവാദത്തിന് തിരികൊളുത്തിയത്. ബ്രാൻഡോയുടെ കഥാപാത്രമായ പോൾ നായിക മരിയ ഷ്നീഡർ അവതരിപ്പിച്ച ജീനിനെ മാനഭംഗം ചെയ്യുന്ന രംഗം നടിയുടെ അനുമതിയില്ലാതെയാണ് ചിത്രീകരിച്ചത് എന്നായിരുന്നു ബെർത്തലൂച്ചി ഒരു അഭിമുഖത്തിൽ പറഞ്ഞത്. ആ രംഗത്തിന്റെ സ്വാഭാവികതയക്ക് വേണ്ടിയാണ് നടിയോട് മാനഭംഗ രംഗത്തെക്കുറിച്ച് പറയാതിരുന്നതെന്നായിരുന്നു അദ്ദേഹം വെളിപ്പെടുത്തിയത്.
മർലാൻ ബ്രാൻഡോയ്ക്കും തനിക്കും മാത്രമായിരുന്നു അതറിയാമായിരുന്നത്. നടിയോട് പറഞ്ഞാൽ കാമറയ്ക്കുമുന്നിലെ അവരുടെ പ്രതികരണം നടിയുടെ മാത്രമായിപ്പോകുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അങ്ങനെ ചെയ്തതിൽ കുറ്റബോധമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്നാൽ തിരക്കഥയിൽ ഇല്ലാതിരുന്ന ആ രംഗത്തെക്കുറിച്ച് ചിത്രീകീരണത്തിന് തൊട്ടുമുമ്പ് ബെർത്തലൂച്ചി വെളിപ്പെടുത്തിയിരുന്നതായി മരിയ ഷ്നീഡർ 2007ൽ നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
മെർലൻ ബ്രാൻഡോയാണ് ആ ആശയവുമായി എത്തിയത്. ആ രംഗം ചിത്രീകരിക്കുന്നതിന് നിമിഷങ്ങൾക്കു മുമ്പാണ് അവർ ഇതേക്കുറിച്ച് പറഞ്ഞത്. അപമാനിക്കപ്പെട്ടതുപോലെയാണ് തോന്നിയത്. ചിത്രീകരണത്തിനിടെ എവിടെയൊക്കെയോ മാനഭംഗത്തിനിരയാക്കപ്പെട്ടതുപോലെയും തോന്നി. സംവിധായകനും നടനും ചേർന്ന് മാനഭംഗപ്പെടുത്തിയതു പോലെയാണ് തോന്നിയത്. ചിത്രീകരണത്തിന് ശേഷം ബ്രാൻഡോ എന്നെ ആശ്വസിപ്പിക്കുകയോ മാപ്പ് പറയുകയോ ചെയ്തില്ലെന്നും അവർ പറഞ്ഞിരുന്നു.
എന്നാൽ നായികയുടെ വെളിപ്പെടുത്തൽ തെറ്റിദ്ധാരണയെത്തുടർന്നുള്ള വിവാദമെന്നാണ് ബെർത്തലൂച്ചി പ്രതികരിച്ചത്. സിനിമയുടെ ചിത്രീകരണത്തിന് ശേഷം ഷ്‌നീഡറും താനും തമ്മിൽ കണ്ടിട്ടില്ലെന്നും അവർ തന്നെ വെറുത്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു