ന്യൂഡൽഹി: 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും വൻ ഭൂരിപക്ഷം നേടി അതിശക്തനായി നരേന്ദ്ര മോദി പ്രധാനമന്ത്രി പദത്തിലെത്തുമെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ ബി.ജെ.പി അധികാരത്തിലെത്തുമെന്നും അമിത് ഷാ പറഞ്ഞു.
ഇന്ത്യയിലെ ശക്തനും ജനങ്ങളുടെ പ്രിയപ്പെട്ട നേതാവുമാണ് മോദി. മൂന്നു സംസ്ഥാനങ്ങളിലെയും വിജയം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കിരീടത്തിൽ ഒരു പൊൻതൂവൽ കൂടിയാകും. അയോദ്ധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിൽ ബി.ജെ.പിയ്ക്കുള്ള പ്രതിബദ്ധതയെ ആർക്കും ചോദ്യം ചെയ്യാനാവില്ലെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
അയോദ്ധ്യ വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണ്. വിചാരണ ജനുവരിയിൽ തുടങ്ങുന്നതുവരെ കാത്തിരിക്കണം. . കേസ് പരിഗണിക്കണമെന്നു കക്ഷികൾ പറയുമ്പോൾ 2019 ലെ തിരഞ്ഞെടുപ്പിനു ശേഷമേ കേസ് പരിഗണിക്കാവൂ എന്നാണു കോൺഗ്രസ് നേതാവ് കപിൽ സിബൽ പറയുന്നത്. കോടതിയിൽനിന്ന് അനുകൂല പ്രതികരണമുണ്ടാകുമെന്നാണു പ്രതീക്ഷയെന്നും അമിത് ഷാ പറഞ്ഞു.