മലപ്പുറം: വിദ്യാർത്ഥിനികളോട് മോശമായി പെരുമാറിയ അദ്ധ്യാപകനെ സംരക്ഷിക്കുന്നതിനായി സഹപ്രവർത്തകർ ശ്രമിക്കുന്നുവെന്ന് പരാതി. മലപ്പുറം ചെമ്മങ്കടവ് ഹയർസെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപകനെ സംരക്ഷിക്കുന്നതിന് സഹപ്രവർത്തകർ ശ്രമിക്കുന്നെന്നാണ് ആരോപണം. യൂത്ത് ലീഗ് നേതാവ് കൂടിയായ അദ്ധ്യാപകനെതിരെയാണ് വിദ്യാർത്ഥികളുടെ പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിരുന്നു.
മുസ്ലീം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റും സ്കൂളിലെ ഉറുദു അദ്ധ്യാപകനുമായ എൻ.കെ അഫ്സൽ റഹ്മാനെതിരെയാണ് വിദ്യാർഥിനികളുടെ പരാതി. സ്‌കൂളിലെ നാഷണൽ സർവീസ് സ്‌കീം ചുമതലയുള്ള അഫ്സൽ റഹ്മാൻ വിദ്യാർത്ഥിനികളെ മുറിയിലേക്ക് വിളിച്ചു വരുത്തിയെന്നും രഹസ്യഭാഗങ്ങളിൽ സ്പർശിച്ചെന്നുമാണ് പരാതി. അദ്ധ്യപകന്റെ മോശം പെരുമാറ്റത്തിനെതിരെ 19 പെൺകുട്ടികളാണ് സ്‌കൂൾ പ്രിൻസിപ്പാളിന് പരാതി നൽകിയിട്ടുള്ളത്. പ്രിൻസിപ്പാൾ കൈമാറിയ പരാതിയിൽ പൊലീസ് പോക്‌സോ നിയമപ്രകാരം അഫ്സൽ റഹ്മാനെതിരെ കേസെടുത്തു.
അതേസമയം, രാഷ്ട്രീയ താത്പര്യം മൂലം അദ്ധ്യാപകനെതിരെയുള്ള പരാതി പിൻവലിക്കാൻ സഹപ്രവർത്തകരായ ചില അദ്ധ്യാപകർ പെൺകുട്ടികളിൽ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്ന് എസ്.എഫ്.ഐ ആരോപിച്ചു. അഫ്സൽ റഹ്മാനെ സസ്‌പെന്റ് ചെയ്യാൻ പ്രിൻസിപ്പാൾ മാനേജ്‌മെന്റിന് ശുപാർശ നൽകിയിട്ടുണ്ട്. പൊലീസ് കേസെടുത്തതിന് പിന്നാലെ അഫ്സൽ റഹ്മാൻ ഒളിവിലാണ്.