തമിഴ് സൂപ്പർതാരം വിജയ് സേതുപതി മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നു. ഛായാഗ്രാഹകൻ സജൻ കളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണിത്.രണ്ട് നായകന്മാരുള്ള ചിത്രത്തിൽ ജയറാമാണ് മറ്റൊരു നായകൻ.സത്യം ഓഡീയോസ് നിർമ്മാണ രംഗത്ത് ചുവടുവയ്ക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. സത്യം മൂവീസ് എന്നാണ് ബാനറിന് പേരിട്ടിരിക്കുന്നത് .
ഷൂട്ടിംഗ് ജനുവരി രണ്ടാം വാരം ചങ്ങനാശ്ശേരിയിൽ തുടങ്ങും.
തമിഴ്നാട്ടിലെ പോലെ തന്നെ കേരളത്തിലും ധാരാളം ആരാധകരുള്ള താരമാണ് മക്കൾ സെൽവൻ എന്നറിയപ്പെടുന്ന വിജയ് സേതുപതി. ഒടുവിൽ റിലീസായ 96 അടക്കം അദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങളും കേരളത്തിൽ സൂപ്പർഹിറ്റാണ്. മലയാളത്തിന്റെ മരുമകൻ കൂടിയാണ് ഈ സൂപ്പർതാരം. കൊല്ലം സ്വദേശി ജെസിയെയാണ് വിജയ് സേതുപതി വിവാഹം ചെയ്തിരിക്കുന്നത്.
തമിഴിലെ തിരക്കുകൾ മാറ്റിവച്ചാണ് താരം മലയാളത്തിൽ അഭിനയിക്കാൻ സമയം കണ്ടെത്തിയിരിക്കുന്നത്. സീതാക്കാതിയാണ് റിലീസിനൊരുങ്ങുന്ന ചിത്രം. ഇതിൽ എൺപതുകാരന്റെ ഗെറ്റപ്പിലെത്തി ഞെട്ടിക്കാനൊരുങ്ങുകയാണ് . ഫഹദ് ഫാസിലിനൊപ്പം അഭിനയിക്കുന്ന തമിഴ് ചിത്രം സൂപ്പർഡീലക്സാണ് മറ്റൊരു പ്രോജക്ട്. ഇതിൽ ട്രാൻസ്ജെൻഡറുടെ വേഷത്തിലാണ് സേതുപതി എത്തുന്നത്.
ചിരഞ്ജീവിക്കൊപ്പം അഭിനയിക്കുന്ന തെലുങ്ക് ചിത്രം സെയ്റാ നരസിംഹ റെഡ്ഡി, രജനികാന്ത് നായകനാകുന്ന പേട്ട, ഇടം പൊരുൾ യേവൽ തുടങ്ങി ഒന്നിനൊന്നു വ്യത്യസ്തമായ വേഷങ്ങളാണ് തമിഴിൽ വിജയ് സേതുപതിയെ കാത്തിരിക്കുന്നത്.