കത്തി, തുപ്പാക്കി, സർക്കാർ തുടങ്ങിയ സൂപ്പർഹിറ്റുകൾക്ക് ശേഷം മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സ്റ്റൈൽ മന്നൻ രജനികാന്ത് നായകനാകും. ആദ്യമായാണ് രജനികാന്തും മുരുഗദോസും ഒന്നിക്കുന്നത്. സന്തോഷ് ശിവൻ ഛായാഗ്രഹണം നിർവഹിക്കും. മണിരത്നം സംവിധാനം ചെയ്ത ദളപതിക്ക് വേണ്ടിയാണ് രജനികാന്തും സന്തോഷ് ശിവനും മുമ്പ് ഒന്നിച്ചത്. പിന്നീട് നിരവധി രജനി ചിത്രങ്ങളിലേക്ക് സന്തോഷ് ശിവന് ക്ഷണം ലഭിച്ചെങ്കിലും തിരക്കുകൾ കാരണം ഒന്നും യാഥാർത്ഥ്യമായില്ല.
അതേ സമയം മലയാളത്തിൽ മഞ്ജു വാര്യരെ കേന്ദ്രകഥാപാത്രമാക്കി ജാക്ക് ആൻഡ് ജിൽ എന്ന ചിത്രം സംവിധാനം ചെയ്യുന്നതിന്റെ തിരക്കിലാണ് സന്തോഷ് ശിവൻ. 29ന് റിലീസ് ചെയ്യുന്ന രജനികാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രം 2.0ന്റെ നിർമ്മാതാക്കളായ ലൈക പ്രൊഡക്ഷൻസ് തന്നെയാണ് മുരുഗദോസ് ചിത്രവും നിർമ്മിക്കുക . ഒരു ഫാന്റസി ചിത്രമാകും ഇതെന്നും സൂചനയുണ്ട്. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന പേട്ടയാണ് രജനികാന്തിന്റെ പൊങ്കൽ റിലീസ്. ബോളിവുഡ് താരം നവാസുദ്ദീൻ സിദ്ധിഖി, വിജയ് സേതുപതി, ബോബി സിംഹ, സിമ്രാൻ, മേഘ ആകാശ്, മാളവിക മോഹനൻ, ഗുരു സോമസുന്ദരം, മണികണ്ഠൻ ആചാരി, സാനന്ദ് റെഡ്ഡി, ജെ. മഹേന്ദ്രൻ തുടങ്ങി വലിയൊരു താരനിര ഇതിൽ അണിനിരക്കുന്നുണ്ട്.