തിരുവനന്തപുരം : അപകടങ്ങളും മരണങ്ങളും അനുദിനം വർദ്ധിക്കുമ്പോഴും കിഴക്കേകോട്ടയിൽ കാൽനടയാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുള്ള നിർദേശങ്ങളും നടപടികളും കടലാസുകളിൽ മാത്രം ഒതുങ്ങുന്നു. മനുഷ്യാവകാശ കമ്മിഷൻ ഉൾപ്പെടെ നിരവധി തവണ വിഷയത്തിൽ ഇടപെടുകയും നിർദേശങ്ങൾ നൽകുകയും ചെയ്തെങ്കിലും നടപടി സ്വീകരിക്കേണ്ടവർ മെല്ലെപ്പോക്ക് തുടരുന്നതാണ് പ്രശ്നപരിഹാരം അനന്തമായി നീളാൻ കാരണം. മരണങ്ങൾ പെരുകിയതോട മനുഷ്യാവകാശപ്രവർത്തകനായ കവടിയാർ സ്വദേശി ഹരികുമാറാണ് 2014ൽ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ട്രാഫിക് പൊലീസ് 2016ൽ എട്ട് നിർദേശങ്ങൾ സമർപ്പിച്ചെങ്കിലും നടപ്പാക്കാൻ അധികൃതർ തയ്യാറായിട്ടില്ല.
കെ.എസ്.ആർ.ടിസിയും സ്വകാര്യ ബസ് ഓപ്പറേറ്റർമാരും പരസ്പരം ഏറ്റുമുട്ടുന്നതാണ് പ്രധാന തടസം. ബസ് തേടി റോഡിന്റെ ഒരുവശത്ത് നിന്ന് മറുവശത്തേക്ക് മുറിച്ചു കടക്കുമ്പോഴാണ് അപകടങ്ങൾ ഏറെയും ഉണ്ടാകുന്നത്. പാളയം ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പുകൾ കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളും അവിടെ നിന്ന് മാറ്റണമെന്നതാണ് ട്രാഫിക്കിന്റെ പ്രധാന നിർദേശം. കെ.എസ്.ആർ.ടി.സിയുടെ ഗാരേജ് ഈഞ്ചയ്ക്കലിലേക്ക് മാറ്റി ഇവിടെ നിന്നും സർവീസുകൾ ഓപ്പറേറ്റ് ചെയ്യണമെന്നും സ്വകാര്യ ബസുകൾക്കായി നഗരത്തിൽ പ്രത്യേക സ്ഥലം കണ്ടെത്തണമെന്നുമാണ് നിർദേശം. എന്നാൽ ഗാരേജ് മാറ്റാൻ സാദ്ധ്യമല്ലെന്നാണ് കെ.എസ്.ആർ.ടി.സിയുടെ നിലപാട്. റോഡ് മുറിച്ച് കടക്കുന്നതിന് ഫുട് ഓവർബ്രിഡ്ജ് വേണമെന്നതായിരുന്നു മറ്റൊരു നിർദേശം. കിഴക്കേകോട്ട - കിള്ളിപ്പാലം ഭാഗത്തേക്കുള്ള റോഡരികിലെ എരുമക്കുഴി മാലിന്യ മുക്തമാക്കി അവിടെ പേ ആൻഡ് പാർക്കിംഗ് സംവിധാനം നഗരസഭ ആരംഭിക്കണമെന്ന നിർദേശവും അവഗണിക്കപ്പെട്ടു. ചാല കമ്പോളത്തിലേക്ക് ചരക്കുമായിവരുന്ന വാഹനങ്ങൾ രാത്രി 9 മുതൽ രാവിലെ 9വരെ മാത്രം സാധനങ്ങൾ കയറ്റിഇറക്കുന്നതിന് അനുവദിക്കണം. പകൽ സമയത്ത് ഈ റോഡ് കാൽനടയാത്രാ സൗഹൃദമാക്കണമെന്നതും നടപ്പായിട്ടില്ല.
നട്ടം തിരിഞ്ഞ് ജനങ്ങൾ
കിഴക്കേകോട്ട നോർത്ത് ബസ് സ്റ്റാൻഡിനു മുന്നിൽ ഒരു വശത്തു മാത്രം മൂന്നുവരി പാതയായതോടെ പൊതുജനങ്ങൾ നട്ടം തിരിയുകയാണ്. ഒരു വരിയിൽ കെ.എസ്.ആർ.ടി.സി ബസുകളും രണ്ടാമത്തെ വരിയിൽ സ്വകാര്യബസുകളും നിറുത്തി ആളെ കയറ്റും. അവശേഷിക്കുന്ന മൂന്നാമത്തെ വരിയിലൂടെയാണ് മറ്റ് വാഹനങ്ങൾ കടന്നു പോകുന്നത്. എന്നാൽ അവിടെയും ബസുകൾ നിരന്നുകിടക്കും.
ഇതിനിടയിലൂടെയാണ് യാത്രക്കാർ ബസിനുവേണ്ടി അങ്ങോട്ടുമിങ്ങോട്ടും ഓടുന്നത്. പലപ്പോഴും റോഡിന്റെ മറുവശം കാണാൻ പോലും കഴിയാറില്ല. കഴിഞ്ഞ വർഷം ആഗസ്റ്റിന് മുമ്പ് കെ.എസ്.ആർ.ടി.സി ബസിനൊപ്പം സ്വകാര്യ ബസുകളും ഷെൽട്ടറിനോടു ചേർത്ത് നിറുത്തിയാണ് യാത്രക്കാരെ കയറ്റിയിരുന്നത്. പിറകെ വരുന്ന ബസിന് പാർക്ക് ചെയ്യാൻ അനുവദിക്കാത്ത തരത്തിൽ സ്വകാര്യബസുകൾ കൂടുതൽ സമയം ബസ് നിറുത്തിയിടുന്നത് നിരന്തരം കലഹങ്ങൾക്ക് കാരണമായി. ഇതോടെയാണ് റോഡ് മൂന്നായി തിരിച്ചത്. കേസ് കോടതിയിലുമെത്തി.
ഏക ആശ്രയം
ശ്രീപദ്മനാഭസ്വാമി ക്ഷേത്രം, ആറ്റുകാൽ ക്ഷേത്രം, ചാല മാർക്കറ്റ്, ജനറൽ ആശുപത്രി, മെഡിക്കൽകോളേജ് എന്നിവിടങ്ങളിലേക്ക് പോകാൻ രാവിലെ മുതൽ ആയിരക്കണക്കിന് പേരാണ് കിഴക്കേകോട്ടയിലെത്തുന്നത്. ശ്രീപദ്മനാഭ തയേറ്ററിന് മുമ്പിലാണ് പാപ്പനംകോട് ഭാഗത്തേക്കുള്ള ബസുകളുടെ സ്റ്റോപ്പ്. കോവളം, ബീമാപള്ളി, വിഴിഞ്ഞം സ്റ്റോപ്പുകളും ഇതിന് സമീപത്തുണ്ട്. ഗാന്ധിപാർക്കിന് എതിർവശത്തായി പാളയം, ശ്രീകാര്യം, കാര്യവട്ടം, മെഡിക്കൽകോളേജ്, ചാക്ക തുടങ്ങിയ സ്ഥലങ്ങളലേക്ക് പോകാനുള്ള ബസ് സ്റ്റോപ്പുകളും ഉണ്ട്. ഏത് ഭാഗത്ത് പോകാനുള്ള ആളിനും ബസ് തേടി റോഡ് മുറിച്ച് കടക്കണം.
പരിഹാരം ഫുട്ഓവർ ബ്രിഡ്ജ്
കാൽനടയാത്രക്കാർക്ക് സുരക്ഷിതമായ യാത്രയൊരുക്കാൻ ഫുട് ഓവർബ്രിഡ്ജ് വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. എന്നാൽ ഇതുവരെയും നടപ്പായിട്ടില്ല. കോട്ടൺഹില്ലിന് മുന്നിൽ സ്ഥാപിച്ചതുപോലെ അടിയന്തരമായി കിഴക്കേകോട്ടയ്ക്ക് അനുയോജ്യമായ തരത്തിൽ ഫുട് ഓവർബ്രിഡ്ജ് വേണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
നഗരത്തിന്റെ വിവിധയിടങ്ങളിൽ ഫുട് ഓവർബ്രിഡ്ജ് നിർമ്മിക്കുന്നതിന്റെ ഭാഗമായി കിഴക്കേകോട്ടയിലും സ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചു. റോഡ് ഫണ്ട് ബോർഡിന്റെ ചെറിയ തടസം മാത്രമാണുള്ളത്. പി.ഡബ്ളിയു.ഡിയുമായും റോഡ് ഫണ്ട് ബോർഡുമായും ഇതു സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്. പട്ടം സെന്റ് മേരീസിന് മുന്നിൽ പണി പൂർത്തിയായി കഴിഞ്ഞാൽ കിഴക്കേകോട്ടയിൽ പണി തുടങ്ങും.
വി.കെ.പ്രശാന്ത്, മേയർ
ഫുട് ഓവർബ്രിഡ്ജ് അത്യാവശ്യമാണ്. അതോടൊപ്പം ബസ്സ്റ്റാൻഡുകളും നിലവിലെ സ്ഥലത്തു നിന്നും മാറ്റണം. ബസുകൾ തേടിയുള്ള ഓട്ടമാണ് അപകടങ്ങൾക്ക് കാരണം.
സുൽഫിക്കർ, അസിസ്റ്റന്റ് കമ്മിഷണർ ട്രാഫിക് സൗത്ത്
അപകടങ്ങൾ കുറയ്ക്കുന്നതിനായി കെ.എസ്.ആർ.ടിസിയുടെ ഭാഗത്തുനിന്ന് ചെയ്യാൻ കഴിയുന്ന കാര്യങ്ങളെ കുറിച്ച് എം.ഡി തലത്തിൽ പരിശോധിക്കുകയാണ്.
അജിത്, കെ.എസ്.ആർ.ടി.സി സിറ്റി ഡി.ടി.ഒ