തിരുവനന്തപുരം : വർണച്ചിറകുകൾ വീശി പൂക്കളെ മുത്തം വയ്ക്കുന്ന ചിത്രശലഭങ്ങൾക്ക് അനന്തപുരിയിൽ വർണക്കൂടാരമൊരുങ്ങുന്നു. തിരുവനന്തപുരം മൃഗശാലയിലാണ് കണ്ണിന് കുളിരേകുന്ന ശലഭ ഉദ്യാനം ഒരുങ്ങുന്നത്. മേയ് മാസത്തിൽ ശിലാസ്ഥാപനം കഴിഞ്ഞ ഉദ്യാനത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
വീട്ടുമുറ്റങ്ങളിലും തൊടികളിലും നാട്ടുപൂക്കൾ സൗരഭം പരത്തിനിന്നപ്പോൾ പൂമ്പാറ്റകൾ സ്ഥിരം കാഴ്ചയായിരുന്നു. ശലഭങ്ങൾ ചിറക് ചലിപ്പിച്ച് തേനുണ്ണുന്ന കാട്ടുതെച്ചിയും പനിനീർ റോസയുമെല്ലാം ഗ്രാമ നഗര വ്യത്യാസമില്ലാത്ത സ്ഥിരം കാഴ്ചയായിരുന്നു .എന്നാൽ നാഗരിക സംസ്കാരത്തിന്റെ വരവോടെ ഗ്രാമീണമേഖലകളിലെ വീട്ടുമുറ്റങ്ങളിൽ പോലും മണമില്ലാത്ത ആന്തൂറിയവും ഓർക്കിഡും സ്ഥാനം പിടിച്ചു. ഇതോടെ ശലഭങ്ങൾ വല്ലപ്പോഴും മാത്രം വിരുന്നെത്തുന്ന അതിഥികളായി. നഗരങ്ങളിൽ കടുത്ത അന്തരീക്ഷ മലിനീകരണം കൂടിയായപ്പോൾ ശലഭങ്ങളെ കണികാണാൻ കിട്ടാത്ത അവസ്ഥയായി. ഇത്തരമൊരു ചിന്തയാണ് ശലഭങ്ങൾ വിരുന്നുണ്ണുന്ന ഉദ്യാനം തയ്യാറാക്കാൻ അധികൃതർക്ക് പ്രേരണയായത്.
കാനന ഭംഗി നിറയുന്ന ഉദ്യാനം
മൃഗശാലയിലെ പാമ്പിൻകൂടിന് സമീപമാണ് കാനന ഭംഗി നിറയുന്ന ശലഭ ഉദ്യാനം തയ്യാറാകുന്നത്. പൂമ്പാറ്റകളെ ആകർഷിക്കുന്ന ചെടികളാകും ഇവിടെ വച്ചുപിടിപ്പിക്കുക. യാതൊരു കീടനാശിനിയും ചെടികളിൽ പ്രയോഗിക്കില്ല. ചിത്രശലഭങ്ങളുടെ ശരീരോഷ്മാവിന് യോജിക്കുന്ന വിധത്തിൽ താപനില ക്രമീകരിക്കാൻ സ്പ്രിംഗ്ളർ സംവിധാനം തയ്യാറാക്കും. ഉദ്യാനത്തിന് നടുവിലൂടെ കാട്ടരുവിപോലെ തോന്നിപ്പിക്കുന്ന വിധത്തിൽ അരുവിയും വെള്ളച്ചാട്ടവും സജ്ജമാക്കും. ഓരോ ശലഭങ്ങളും പ്രത്യേകം ചെടികളിൽ നിന്നാണ് തേൻ കുടിക്കുന്നത്. അതുപോലെ പ്രത്യേകം ചെടികളിലാണ് മുട്ടയിടുന്നതും. മുട്ട വിരിഞ്ഞ് ലാർവയായി മാറുമ്പോൾ അതേ ഇലയാണ് ഭക്ഷണമാക്കുന്നത്. അതിനാൽ ഇത്തരത്തിലുള്ള ചെടികൾ മാത്രമാകും ഇവിടെ നട്ടുപിടിപ്പിക്കുക. ശലഭകാഴ്ചക്കൾ കണ്ട് സഞ്ചാരികൾക്ക് നടക്കാൻ പ്രത്യേകം നടപ്പാതയും ഇതിനുള്ളിൽ സജ്ജമാക്കും.
അദ്ഭുതമത്രേ ഈ ശലഭലോകം
കേരളത്തിൽ മുന്നൂറ്റി ഇരുപത്തിരണ്ടിനം ചിത്രശലഭങ്ങളുണ്ടെന്നാണ് കണക്ക്. 60 ഓളം ജാതി പൂമ്പാറ്റകളെ നാട്ടിൻപുറങ്ങളിൽ കാണാൻ കഴിയും. തെച്ചിപ്പൂ, കൃഷ്ണകിരീടം, അല്ലിത്താമര, അരിപ്പൂ അഥവാ കൊങ്ങിണിപ്പൂ തുടങ്ങിയവ ശലഭങ്ങളെ ആകർഷിക്കുന്ന ചെടികളാണ്.
പൂമ്പാറ്റകളും അവയുടെ
ലാർവകൾ ഭക്ഷിക്കുന്ന ചെടികളും
മഞ്ഞപ്പാപ്പാത്തി -തകരവർഗങ്ങൾ, കണിക്കൊന്ന,
വാക, ചേരണി
കറുപ്പൻ -പുൽവർഗ സസ്യങ്ങൾ
വരയൻകടുവ - പൊന്നരളി
നാരകക്കാളി -നാരകവർഗം, കറിവേപ്പില, കൂവളം, പാണൽ, മുള്ളിലം
നീലക്കടുവ -പൊന്നരളി, എരുക്ക്, വള്ളിപ്പാല
ഓലക്കണ്ടൻ -അലങ്കാരപ്പനകൾ, തെങ്ങ്, കവുങ്ങ്, ചൂരൽ
ചൊട്ടശലഭം - കാട്ടുവെണ്ട, ഉപ്പുചീര, ഊരം
തീച്ചിറകൻ - പാഷൻഫ്രൂട്ട്, മുതുക്ക്, കാട്ടുപൂവരശ്,
നാരകശലഭം - നാരകം, കൂവളം, പാണൽ, കറിവേപ്പ്,
അരൂത
ഗരുഡശലഭം -ഈശ്വരമുല്ല, കരണ്ടവള്ളി
ഗ്രേക്കൗണ്ട്- പേഴ്
എരുക്ക്തപ്പി - എരുക്ക്, പൊന്നരളി, പാൽവള്ളി
കരിയിലശലഭം- പുൽവർഗ സസ്യങ്ങൾ
വെള്ളിലത്തോഴി- വെള്ളില, നീർക്കടമ്പ്, ആറ്റുവഞ്ചി,
കാട്ടകത്തി