തിരുവനന്തപുരം: പാളയത്തെ പാർക്കിംഗ് പ്രശ്നം പരിഹരിക്കാൻ വർഷങ്ങൾക്ക് മുൻപ് തിരുവനന്തപുരം റോഡ് ഡെവലപ്മെന്റ് കമ്പനി ലിമിറ്റഡ് (ടി.ആർ.ഡി.സി.എൽ) വിഭാവനം ചെയ്ത മൾട്ടിലെവൽ പാർക്കിംഗ് ഇനിയും നടക്കാത്ത മനോഹര സ്വപ്നമായി ഫയലിനുള്ളിൽ കൂർക്കം വലിച്ച് ഉറങ്ങുന്നു. ഫലമോ വിവിധ ആവശ്യങ്ങൾക്കായി പാളയത്ത് എത്തുന്നവർ വാഹനം പാർക്ക് ചെയ്യാൻ നെട്ടോട്ടമോടുകയാണ്.
തമ്പാനൂർ, കിഴക്കേകോട്ട എന്നിവിടങ്ങളിലേതുപോലെ തന്നെ നഗരത്തിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളും ഓഫീസുകളും കോളേജുകളുമൊക്കെയുള്ള പാളയത്ത് ദിനം പ്രതി വന്നുപോകുന്നത് ആയിരത്തിലേറെ വാഹനങ്ങളാണ്. എന്നാൽ പാർക്കിംഗിന് ആകെയുള്ള സ്ഥലം വി.ജെ.ടി ഹാളിനോട് ചേർന്ന് മ്യൂസിയത്തേക്ക് പോകുന്ന റോഡരികിലുള്ള ഒരു വരി മാത്രമാണ്. ഇവിടെയാകട്ടെ പാർക്കിംഗിന് ട്രാഫിക് പൊലീസിന്റെ കർശന നിയന്ത്രണങ്ങളുമുണ്ട്. ഈ പശ്ചാത്തലത്തിലാണ് പ്രശ്ന പരിഹാരത്തിനായി 2015ൽ തദ്ദേശ സ്വയംഭരണ വകുപ്പ് നഗരത്തിലെ നിർമ്മാണപ്രവർത്തനങ്ങളുടെ ചുമതല വഹിക്കുന്ന ടി.ആർ.ഡി.സി.എല്ലിനെ സമീപിച്ചത്. പാളയത്തെ സാഫല്യം കോംപ്ലക്സിന് പിറകിലായുള്ള എൺപത്തഞ്ച് സെന്റ് സ്ഥലത്ത് മൾട്ടിലെവൽ പാർക്കിംഗ് കേന്ദ്രം നിർമിച്ച് പ്രശ്നം പരിഹരിക്കാൻ തീരുമാനിച്ചു.
ഇരുനൂറോളം കാറുകൾക്കും മുന്നൂറോളം ബൈക്കുകൾക്കും പാർക്കിംഗ് ഒരുക്കുന്ന തരത്തിലുള്ള പദ്ധതിക്കായി മുപ്പത്തിരണ്ട് കോടി രൂപയും മാറ്റിവച്ചു. എന്നാൽ പരിസ്ഥിതി വകുപ്പ് അടക്കമുള്ള സർക്കാർ വകുപ്പുകൾ പല എതിർപ്പുകളുമായി എത്തിയതോടെ മൾട്ടിലെവൽ പദ്ധതി ഇഴയാൻ തുടങ്ങി. 20,000 ചതുരശ്ര മീറ്ററിന് മുകളിലുള്ള നിർമ്മാണങ്ങൾക്ക് പാരിസ്ഥിതിക അനുമതി നിർബന്ധമാണ്. ടി.ആർ.ഡി.സി.എൽ മുന്നോട്ട് വച്ച പദ്ധതിയാകട്ടെ 28,000 ചതുരശ്ര മീറ്ററിന്റെയും. ഇങ്ങനെ കഴിഞ്ഞ മൂന്നു വർഷമായി ഓരോരോ വകുപ്പുകളിലെ അനുമതികൾക്കായി കയറി ഇറങ്ങേണ്ട അവസ്ഥയാണ്. ഓരോന്നായി പരിഹരിച്ചു. ഇതിനെല്ലാം പുറമേ സാഫല്യം കോംപ്ലക്സ് പ്രവർത്തിക്കുന്ന ട്രിഡയുടെ അനുമതിയും ആവശ്യമായി വന്നു. നിലവിൽ ട്രിഡ കെട്ടിടം മറ്റൊരു സ്വകാര്യ ഏജൻസിക്കാണ് കരാർ നൽകിയിരിക്കുന്നത്. രണ്ട് മാസത്തിനുള്ളിൽ കരാർ കാലാവധി അവസാനിക്കും. അതിനുശേഷമെങ്കിലും പദ്ധതി തുടങ്ങാൻ കഴിയുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.