തിരുവനന്തപുരം: ചിന്തകളിൽ നിറങ്ങൾ ചാലിച്ച ഒരുപിടി നല്ല ചിത്രങ്ങളുടെ പ്രദർശനം, പ്രകൃതിയും ജീവിതവും ഒക്കെയാണ് വിഷയങ്ങൾ. ഒന്ന് കണ്ണോടിച്ചാൽ മനസിലാകും ആ ചിത്രങ്ങൾക്ക് എന്തൊക്കെയോ പറയാനുണ്ടെന്ന്. കാൻവാസിൽ നിറങ്ങൾ കൊണ്ട് കഥ പറയുന്ന 76-ഓളം ചിത്രങ്ങളാണ് മ്യൂസിയം ആഡിറ്രോറിയത്തിൽ ഒരുക്കിയിരുന്നത്. ചിത്രകലാസംഘത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പ്രദർശനത്തിന്റെ പേരുതന്നെ 'സംസാരിക്കുന്ന ചിത്രങ്ങൾ' എന്നാണ്.
25 ചിത്രകാരൻമാർ പങ്കെടുക്കുന്ന പ്രദർശനത്തിൽ അക്രിലിക്, വാട്ടർ കളർ, പെൻസിൽ ഡ്രോയിംഗ് എന്നീ വിഭാഗങ്ങളിലുള്ള ചിത്രങ്ങളാണുള്ളത്. സുരേഷ് ദേവിന്റെ കൈകളിൽ വിരിഞ്ഞ ഡാവിഞ്ചിയുടെ പ്രശസ്തമായ അന്ത്യഅത്താഴത്തിന്റെ പരിഷ്കരിച്ച രൂപം ഏറെ പേരെ ആകർഷിക്കുന്നു. ചെമ്പരത്തിപ്പൂവിന്റെ പിന്നിൽ നിന്നുള്ള ചിത്രം, നിറങ്ങൾ ചാലിച്ച തിരുവനന്തപുരം നഗരം തുടങ്ങിയവ മനം കുളിർപ്പിക്കുന്ന സൃഷ്ടികളാണ്.
മുഴുവൻ സമയ കലാകാരന്മാർക്കൊപ്പം പൊലീസ് ഉദ്യോഗസ്ഥർ, ബാങ്ക് ജീവനക്കാർ, അദ്ധ്യാപകർ എന്നിങ്ങനെ വിവിധ മേഖലകളിലുള്ളവരുടെയും ചിത്രങ്ങൾ പ്രദർശനത്തിലുണ്ട്. 10 വനിതകളുടെ ചിത്രങ്ങളും ഇവിടെ പ്രദർശനത്തിനുണ്ട്. പാൽക്കുളങ്ങര ആസ്ഥാനമാക്കിയുള്ള ചിത്രകലാസംഘം രൂപീകരിച്ചിട്ട് 9വർഷമേ ആയിട്ടുള്ളൂ. വരും തലമുറയ്ക്ക് ചിത്രരചന സുപരിചിതമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംഘം ഗ്രാമങ്ങളിൽ കുട്ടികൾക്കുവേണ്ടി ചിത്രരചനാ പരിശീലന പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. ഈ മാസം 22ന് തുടങ്ങിയ പ്രദർശനം 29ന് അവസാനിക്കും. രാവിലെ 10 മുതൽ വൈകിട്ട് 6 വരെയാണ് പ്രവേശനം.