നേമം: തിരുവനന്തപുരം - കന്യാകുമാരി പാത ഇരട്ടിപ്പിക്കലിന്റെയും നേമം റെയിൽവേ ടെർമിനൽ യാഥാർത്ഥ്യമാക്കുന്നതിന്റെയും ഭാഗമായി സ്ഥലം ഏറ്റെടുക്കുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചതോടെ കാലങ്ങളായി കാത്തിരുന്ന മേഖലയിലെ റെയിൽ വികസനത്തിന് തുടക്കം കുറിച്ചു. ദക്ഷിണ റെയിൽവേ ഡെപ്യൂട്ടി ചീഫ് എൻജിനിയർ കൺസ്ട്രക്ഷൻ വിഭാഗവും ലാൻഡ് അക്വിസിഷൻ ആൻഡ് സ്പെഷ്യൽ തഹസിൽദാർ ഓഫീസും ചേർന്ന് ബുധനാഴ്ച ജോയിന്റ് വെരിഫിക്കേഷൻ ആരംഭിച്ചു. തിരുവനന്തപുരത്തു നിന്നു പള്ളിച്ചൽ വരെയാണ് ആദ്യ ഘട്ടം സ്ഥല നിർണയം നടത്തുന്നത്. ക്രോസിംഗിനുവേണ്ടി ദീർഘദൂര എക്സ്പ്രസ് ട്രെയിനുകൾ ഉൾപ്പെടെ ചെറിയ സ്റ്റേഷനുകളിൽ പിടിച്ചിടുന്ന പതിവു സംഭവത്തിന് പാത ഇരട്ടിപ്പിക്കലോടെ വിരാമമാകും.
സെപ്തംബറിൽ ലാൻഡ് അക്വിസിഷനുള്ള സ്പെഷ്യൽ തഹസിൽദാർ ഓഫീസ് സംസ്ഥാന സർക്കാർ ആരംഭിച്ചിരുന്നു. തഹസിൽദാർ കൂടാതെ സൂപ്രണ്ട്, റവന്യൂ ഇൻസ്പെക്ടർ, സർവേയർ തുടങ്ങി 15 പേർ ഈ ഓഫീസിലുണ്ട്. തിരുവനന്തപുരം മുതൽ പാറശാല വരെയുള്ള റെയിൽപാത കടന്നു പോകുന്ന സ്ഥലങ്ങളിൽ ഓഫീസ് അധികൃതരും റെയിൽവേ ഉദ്യോഗസ്ഥരും സംയുക്തമായി പഠനം നടത്തി അലൈൻമെന്റ് തയ്യാറാക്കും. റെയിൽവേ നൽകുന്ന നഷ്ടപരിഹാര തുക വിതരണം ചെയ്യുക, കൈയേറ്റങ്ങൾ കണ്ടെത്തി നടപടികൾ സ്വീകരിക്കുക തുടങ്ങിയവയാണ് ഓഫീസിന്റെ മറ്റ് പ്രവർത്തനങ്ങൾ.
തൈക്കാട്, നേമം, പള്ളിച്ചൽ, തിരുമല വില്ലേജുകളിലായി ഏകദേശം 15 ഹെക്ടർ സ്ഥലവും റെയിൽ പാതയുടെ മദ്ധ്യത്തു നിന്നും 10 മുതൽ 25 വരെ മീറ്റർ സ്ഥലവും ഏറ്റെടുക്കേണ്ടതായിട്ടുണ്ട്.
തിരുവനന്തപുരം മുതൽ കന്യാകുമാരി വരെ 6 പ്രധാന സ്റ്റേഷനുകളും 11 ചെറിയ സ്റ്റേഷനുകളുമാണുള്ളത്.
നേമം സെക്ടർ വികസനത്തിനായി ഫെബ്രുവരിയിൽ 77.3 കോടി രൂപ റെയിൽവേ അനുവദിച്ചിരുന്നു.
നേമത്ത് 6 ലൈനുകൾ
തിരുവനന്തപുരം - നേമം, നേമം - നെയ്യാറ്റിൻകര, നെയ്യാറ്റിൻകര - പാറശാല എന്നിങ്ങനെ മൂന്നു ഘട്ടമായാണ് പ്രവർത്തനം നടക്കുക.
കുഞ്ചാലുംമൂട് വരെയുള്ള 2 കി.മീ സ്ഥലനിർണയം നടത്തി. ഇനിയുള്ള മേഖലയിൽ റെയിൽവേ അതിർത്തി കല്ല് നാട്ടിയതിന് ശേഷം അടുത്ത ആഴ്ച സ്ഥലനിർണയം തുടരും.
- എൻ. പ്രതാപൻ
(സ്പെഷ്യൽ തഹസിൽദാർ)