തിരുവനന്തപുരം: നിറങ്ങളാൽ ബിനു കൊട്ടാരക്കര കാൻവാസിലേക്ക് പകർത്തിയത് പ്രകൃതിയുടെ മനോഹാരിത മാത്രമല്ല, തന്റെ കുട്ടിക്കാലത്തെ ഓർമകളും പച്ചപ്പും കൂടിയാണ്. 'എന്റെ മനസിലെ പച്ചപ്പുകൾ' എന്ന പേരിൽ വൈലോപ്പിള്ളി സംസ്കൃതി ഭവനിലെ ലളിത കലാ അക്കാഡമി ആർട്ട് ഗാലറിയിൽ നടക്കുന്ന ഏകാംഗ ചിത്രപ്രദർശനത്തിന് അതിജീവനത്തിന്റെ ഒരു പിന്നാമ്പുറം കൂടിയുണ്ട്. അർബുദ ബാധിതനായി ആർ.സി.സിയിൽ കിടക്കുമ്പോഴാണ് ബിനു തന്റെ മനസിലെ നിറച്ചാർത്തുകൾ കടലാസിലേക്ക് പകർത്തിയത്. പിന്നീട് ആർ.സി.സിയിൽ നിന്ന് ഇറങ്ങിയതിന് ശേഷം അക്രലിക് വർണങ്ങളാൽ അവയെ കാൻവാസിലേക്ക് പകർത്തുകയായിരുന്നു.
2002ൽ കൊട്ടാരക്കര രവിവർമ സ്കൂൾ ഒഫ് ഫൈൻ ആർട്സിൽ കെ.ജി ഡിപ്ലോമ ഇൻ ഫൈൻ ആർട്സ് വിദ്യാർത്ഥിയായിരുന്ന കാലത്താണ് ബിനുവിന് രക്താർബുദം ബാധിക്കുന്നത്. ഒരു വർഷത്തോളം ഐ.സി.യുവിൽ കിടന്ന സമയത്ത് ഇദ്ദേഹം വീണ്ടും വര തുടങ്ങി. ചികിത്സിക്കുന്ന ഡോക്ടറിന്റെ പിന്തുണയും ബിനുവിന് പ്രചോദനമായി. ആർ.സി.സിയിൽ നിന്നിറങ്ങി അഞ്ച് വർഷം ചികിത്സയിൽ കഴിയുമ്പോഴും നിറങ്ങളുടെ ലോകം ബിനുവിന് ഊർജം പകർന്നു.
വിസ്മയം തീർക്കുന്ന 53-ഓളം ചിത്രങ്ങളാണ് ഇവിടെ പ്രദർശനത്തിന് ഒരുക്കിയിരിക്കുന്നത്. ആദ്യ ദിവസം തന്നെ 25 ഓളം ചിത്രങ്ങൾ വിറ്റു പോയി. എ.ഡി.ജി.പി ബി.സന്ധ്യയാണ് ആദ്യ പെയിന്റിംഗ് വാങ്ങിയത്. ലളിത കലാ അക്കാഡമി ചെയർമാൻ നേമം പുഷ്പരാജാണ് പ്രദർശനം ഉദ്ഘാടനം ചെയ്തത്. ചിറകടിച്ച് പറന്നുയരുന്ന തത്തയുടെയും, നൂറു കൂട്ടം പ്രശ്നങ്ങൾക്കിടയിലും പ്രകൃതിയുടെ മടിയിൽ കിടന്നുറങ്ങുന്ന മനുഷ്യന്റെയും ചിത്രങ്ങളിൽ താൻ തന്നെയാണ് ഉള്ളതെന്ന് ബിനു പറയുന്നു. അർബുദത്തെ തോല്പിക്കാൻ കഴിഞ്ഞ ബിനു സ്തനാർബുദം ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്ന മാതാവിന്റെ ചികിത്സയ്ക്കാണ് ചിത്രങ്ങൾ വിറ്റുകിട്ടുന്ന പണം ഉപയോഗിക്കുക. പ്രദർശനത്തിന്റെ മുഴുവൻ ചെലവും വഹിക്കുന്നത് ചിത്രകാരൻ മുരളി നാഗപ്പുഴയാണ്. മദ്ധ്യപ്രദേശ് സ്വദേശിനിയായ ശാന്തി ശർമ്മയാണ് ബിനുവിന്റെ ഭാര്യ. 25ന് ആരംഭിച്ച ചിത്രപ്രദർശനം 30ന് സമാപിക്കും.