തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന തീരപ്രദേശത്തെ ഏക സർക്കാർ ആശുപത്രിയായ പൂന്തുറ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കാത്തതിനെക്കുറിച്ച് അന്വേഷിച്ച് ആരോഗ്യവകുപ്പ് ഡയറക്ടർ ഒരുമാസത്തിനകം റിപ്പോർട്ട് നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു. പ്രതിദിനം 500ലേറെപ്പേർ ചികിത്സ തേടിയെത്തുന്ന ആശുപത്രിയിൽ മിക്കവാറും ഒരുഡോക്ടർ മാത്രമാണ് ഉണ്ടാവുക. ഒ.പി ടിക്കറ്റ് നൽകാൻ ജീവനക്കാരില്ല. ഇതിനെതിരെ നാട്ടുകാർ പ്രതിഷേധിച്ചെങ്കിലും ഫലമുണ്ടായില്ല.
24 മണിക്കൂറും സേവനം നൽകേണ്ട ആശുപത്രിയിൽ അവധി ദിവസങ്ങളിൽ ഡോക്ടർമാരുണ്ടാകാറില്ല. ഡോക്ടറുടെ സേവനം ലഭ്യമല്ലെന്ന് ബോർഡ് സ്ഥാപിച്ച് ജീവനക്കാർ ഗേറ്റ് പൂട്ടി സ്ഥലം വിടുന്നത് പതിവാണ്. രാത്രിയിൽ രോഗം വന്നാൽ കിലോമീറ്ററുകൾ അകലെയുള്ള ജനറലാശുപത്രിയാണ് അഭയം. പൂന്തുറ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിനെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ആശുപത്രിയാക്കി സർക്കാർ ഉത്തരവിറക്കിയിരുന്നു.
അതേസമയം വലിയതുറ പ്രദേശത്തെ നിർദ്ധനർ ചികിത്സയ്ക്കായി ആശ്രയിക്കുന്ന വലിയതുറ കോസ്റ്റൽ സ്പെഷ്യാലിറ്റി ആശുപത്രിയുടെ പ്രവർത്തനം കമ്മിഷന്റെ ഇടപെടലിനെ തുടർന്ന് പുനരാരംഭിച്ചു.
ആശുപത്രിയിൽ രാത്രി ഡ്യൂട്ടിയുണ്ടായിരുന്ന ഡോക്ടർ അനധികൃതമായി ജോലിയിൽ നിന്നു വിട്ടുനിന്നതിനെ തുടർന്നാണ് ആശുപത്രിയുടെ പ്രവർത്തനം തടസപ്പെട്ടത്. കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയ ഡോക്ടർക്കെതിരെ വകുപ്പുതല നടപടി ആരംഭിച്ചതായി ആരോഗ്യവകുപ്പ് ഡയറക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. ആശുപത്രിയുടെ പ്രവർത്തനം തടസപ്പെട്ടിട്ടില്ലെന്നും ഡയറക്ടർ കമ്മിഷനെ അറിയിച്ചു.