തിരുവനന്തപുരം: നഗരത്തിലെത്തുന്ന തീർത്ഥാടകർക്കും പൊതുജനങ്ങൾക്കും വിശ്രമത്തിനും പ്രാഥമിക കർമ്മങ്ങൾ നിർവഹിക്കുന്നതിനുമായി ഫ്രഷർ സെന്റർ വരുന്നു. കിഴക്കേകോട്ട ശ്രീചിത്തിര തിരുനാൾ പാർക്കിനോട് ചേർന്നാണ് സ്ത്രീകൾക്കും പുരുഷൻമാർക്കുമായി പ്രത്യേക ടോയ്ലെറ്റ് സൗകര്യങ്ങളോടു കൂടിയ ഫ്രഷർ സെന്റർ പണിയുന്നത്. നഗരസഭയുടെ മേൽനോട്ടത്തിൽപണികഴിപ്പിക്കുന്ന ഫ്രഷർ സെന്റർ രണ്ടു മാസത്തിനുള്ളിൽ ജനങ്ങൾക്ക് ഉപയോഗയോഗ്യമാക്കാനാണ് ധാരണ. 35 ലക്ഷം രൂപ ചെലവാക്കിയാണ് നഗരസഭ ഫ്രഷർ സെന്റർ പണികഴിപ്പിക്കുന്നത്. ഇതോടെ ഇവിടെ എത്തുന്ന തീർത്ഥാടകരെ വലയ്ക്കുന്ന പ്രധാന പ്രശ്നങ്ങൾക്ക് പരിഹാരമാകും.
രണ്ട് ബ്ലോക്കുകളായി പണിയുന്ന ഫ്രഷർ സെന്ററിൽ സ്ത്രീകൾക്കും പുരുഷന്മാർക്കുമായി 20 ടോയ്ലെറ്റുകൾ വീതമാണുള്ളത്. ഇതോടൊപ്പം തീർത്ഥാടകർക്കായി റെസ്റ്റ് റൂമും കഫ്റ്റീരിയയും ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിൽ കോൺക്രീറ്റ് കഴിഞ്ഞ കെട്ടിടത്തിൽ പ്ലമ്പിംഗിന്റെയും വയറിംഗിന്റെയും പണി നടന്നു വരികയാണ്. നഗരത്തിലെ പ്രധാന തീർത്ഥാടന കേന്ദ്രമായ ശ്രീപദ്മനാഭസ്വാമി ക്ഷേത്ര ദർശനത്തിനായി കേരളത്തിനകത്തും പുറത്തു നിന്നുമായി ആയിരക്കണക്കിന് ഭക്തജനങ്ങളാണ് പ്രതിദിനം ഇവിടെ എത്തുന്നത്. ശബരിമല തീർത്ഥാടന കാലത്ത് തിരക്ക് വർദ്ധിക്കും.
മറ്റ് തീർത്ഥാടന കേന്ദ്രങ്ങളിലെ യാത്രകൾ കഴിഞ്ഞ് ഇവിടെ എത്തുന്ന യാത്രക്കാർക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്ക് പ്രാഥമിക ആവശ്യങ്ങൾക്കായി ഒരു സൗകര്യവും നിലവിൽ ഇവിടെ ഇല്ല. കുളിക്കാനും മറ്റാവശ്യങ്ങൾക്കുമായി ലോഡ്ജുകളെയും ഹോട്ടലുകളെയുമാണ് ആശ്രയിക്കുന്നത്. ഫ്രഷർ സെന്റർ വരുന്നതോടുകൂടി തീർത്ഥാടകരുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമാകും. ഹോട്ടലുകളിലെ വലിയ വാടകയും ഒഴിവാകും.
ആറ്റുകാൽ പൊങ്കാല അടക്കം സ്ത്രീകൾ കൂടുതലായി എത്തുന്ന പ്രധാന ഉത്സവ വേളകളിലും ഫ്രഷർ സെന്റർ പ്രയോജനം ചെയ്യും. കിഴക്കേകോട്ട ബസ്സ്റ്റാൻഡിൽ നിന്നും, തമ്പാനൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്നും അധികം ദൂരെയല്ലാത്തതും തീർത്ഥാടകർക്ക് അനുഗ്രഹമാകും.
രണ്ടു മാസത്തിനുള്ളിൽ പണി പൂർത്തീകരിച്ച് പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കാനാണ് ഉദ്ദേശിക്കുന്നത്. കെട്ടിടത്തിന്റെ ജോലികൾ വേഗത്തിൽ പുരോഗമിക്കുന്നുണ്ട്.
ആർ. സുരേഷ്, ഫോർട്ട് വാർഡ് കൗൺസിലർ