തിരുവനന്തപുരം: തലസ്ഥാനത്ത് അഭിമാനത്തോടെ തലയുയർത്തേണ്ട, ഇന്ത്യൻ ബഹിരാകാശ കുതിപ്പിന്റെ ചരിത്രം വിവരിക്കുന്ന മ്യൂസിയവും നോളഡ്ജ് സെന്ററും സ്ഥാപിക്കാനുള്ള ഐ.എസ്.ആർ.ഒയുടെ പദ്ധതിക്ക് തദ്ദേശവകുപ്പിലെ ടൗൺപ്ലാനിംഗ് വിഭാഗത്തിന്റെ ഇടങ്കോൽ. തുമ്പയിലെ മേരി മഗ്ദലിന പള്ളിമുറ്റത്തു നിന്ന് ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന്റെ നായകനായും പിന്നെ രാജ്യത്തിന്റെ പ്രഥമപൗരനായും നടന്നുകയറിയ ഡോ.എ.പി.ജെ. അബ്ദുൾ കലാമിന് തിരുവനന്തപുരത്ത് സ്മാരകമെന്ന രീതിയിലാണ്, സർക്കാർ വിട്ടുനൽകിയ കവടിയാർ കൊട്ടാരവളപ്പിലെ 1.75ഏക്കർ സ്ഥലത്ത് കലാം മ്യൂസിയവും നോളഡ്ജ് സെന്ററും സ്ഥാപിക്കാൻ ധാരണയായത്. ബഹിരാകാശ വകുപ്പിന്റെയും സ്പേയ്സ് കമ്മിഷന്റെയും അനുമതി ലഭിച്ചിട്ടും പദ്ധതി തുടങ്ങാനാവാത്തത് തദ്ദേശവകുപ്പിന്റെ ഉടക്ക് കാരണമാണ്. 100കോടിക്കുമേൽ ചെലവുള്ള പദ്ധതിയാണിത്.
ആദായനികുതി വകുപ്പ് ഓഫീസിനോട് ചേർന്നുള്ള ഭൂമിയിലാണ് മൂന്നുനിലകളിൽ മ്യൂസിയം വരുന്നത്. മ്യൂസിയത്തിൽ ഐ.എസ്.ആർ.ഒ റോക്കറ്റിന്റെ യഥാർത്ഥ രൂപം സ്ഥാപിക്കും. ഇതിന് 35മീറ്റർ ഉയരമുണ്ട്. അതായത് ആറുനില കെട്ടിടത്തിന്റെ ഉയരം. യഥാർത്ഥ റോക്കറ്റിന്റെ അത്രയും വലിപ്പമുള്ള റോക്കറ്റിനുള്ളിൽ ലിഫ്റ്റ്, എക്സലേറ്ററുകൾ വഴി കയറാം. റോക്കറ്റിന്റെ വിവിധ ഘട്ടത്തിലെ പ്രവർത്തനങ്ങൾ കുട്ടികൾക്കടക്കം നേരിട്ട് മനസിലാക്കാം. ഇത്രയും ഉയരത്തിലുള്ള റോക്കറ്റ് സ്ഥാപിക്കുന്നതിലാണ് ഒരു എതിർപ്പ്. മാത്രമല്ല കവടിയാർ കൊട്ടാരത്തോട് ചേർന്ന പ്രദേശത്ത് നിർമ്മാണം നടത്താൻ തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറി അദ്ധ്യക്ഷനായ ഹെറിറ്റേജ് കമ്മിറ്റിയുടെ ക്ലിയറൻസ് വേണം. ഈ ക്ലിയറൻസ് ലഭിക്കാത്തതിനാൽ സർക്കാരുമായി കരാറൊപ്പിടാൻ ഐ.എസ്.ആർ.ഒയ്ക്ക് കഴിഞ്ഞിട്ടില്ല.
മ്യൂസിയത്തിന്റെ സമ്പൂർണ മോഡൽ ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ.കെ.ശിവൻ മുഖ്യമന്ത്രിക്ക് സമർപ്പിച്ചിരുന്നു. മ്യൂസിയവും നോളഡ്ജ് സെന്ററും സ്ഥാപിക്കാൻ സ്പേസ് കമ്മിഷനും അനുമതി നൽകി. പക്ഷേ, സാങ്കേതികത ചൂണ്ടിക്കാട്ടി തദ്ദേശവകുപ്പ് ഉടക്കിയതോടെ പദ്ധതി വൈകുകയാണ്. ഡോ.അബ്ദുൾ കലാമിന്റെ സ്മരണയ്ക്കായി തിരുവനന്തപുരത്ത് മ്യൂസിയവും നോളഡ്ജ് സെന്ററും സ്ഥാപിക്കാൻ ഭൂമി നൽകണമെന്ന് വിക്രം സാരാഭായ് സ്പേസ് സെന്റർ ഡയറക്ടറായിരിക്കെ, ഡോ.കെ.ശിവൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്ന് അനുയോജ്യമായ സ്ഥലം കണ്ടെത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ റവന്യൂവകുപ്പിന് നിർദ്ദേശം നൽകി. പേരൂർക്കട വില്ലേജിൽപെട്ട കവടിയാർ കൊട്ടാരവളപ്പിലെ 3.25ഏക്കർ സ്ഥലമാണ് ലാൻഡ് റവന്യൂകമ്മിഷണർ കണ്ടെത്തിയത്. ഹൗസിംഗ് ബോർഡിന് ഹാബിറ്റാറ്റ് സെന്റർ നിർമ്മിക്കാൻ ഈ ഭൂമി നേരത്തേ കൈമാറിയിരുന്നെങ്കിലും കമ്പോളവില അടയ്ക്കാത്തതിനാലും നിർമ്മാണം തുടങ്ങാത്തതിനാലും തിരിച്ചെടുത്ത് സർക്കാരിന്റെ കൈവശത്താക്കി. ഈ സ്ഥലം റീസർവേ നടത്തിയപ്പോൾ വിസ്തൃതി 3.10 ഏക്കറായി കുറഞ്ഞു. ഇതിൽ 1.75ഏക്കർ സ്ഥലം ഐ.എസ്.ആർ.ഒയ്ക്ക് വിട്ടുനൽകാമെന്ന് ലാൻഡ് റവന്യൂ കമ്മിഷണർ ശുപാർശ ചെയ്തു.
29.75കോടി രൂപ കമ്പോളവിലയും നിശ്ചയിച്ചു. പക്ഷേ, കമ്പോളവിലയീടാക്കാതെ കലാം മ്യൂസിയത്തിന് ഭൂമി പാട്ടത്തിനു നൽകാൻ മുഖ്യമന്ത്രി തീരുമാനിച്ചു. 1995ലെ മുനിസിപ്പൽ, കോർപറേഷൻ പ്രദേശങ്ങളിലെ ഭൂമി പതിവുചട്ട നിയമപ്രകാരം സർക്കാരിന്റെ പ്രത്യേക അധികാരമുപയോഗിച്ച് 30വർഷത്തേക്ക് ആർ ഒന്നിന് 100 രൂപ നിരക്കിൽ പാട്ടത്തിന് ഭൂമി നൽകും. ഈ ഭൂമി ഉപപാട്ടം നൽകാനോ തറവാടയ്ക്ക് അനുവദിക്കാനോ ദുരുപയോഗപ്പെടുത്താനോ പാടില്ല. മ്യൂസിയം, നോളഡ്ജ് സെന്റർ എന്നിവയ്ക്കായേ ഭൂമി ഉപയോഗിക്കാവൂ. ബാങ്കുകളിലോ ധനകാര്യ സ്ഥാപനങ്ങളിലോ ഈടുവയ്ക്കാൻ പാടില്ല, ഒരുവർഷത്തിനകം നിർമ്മാണം തുടങ്ങണം, മരങ്ങൾ റവന്യൂവകുപ്പിന്റെ മുൻകൂർ അനുമതിയില്ലാതെ മുറിക്കരുത്, കൈയേറ്റത്തിൽ നിന്ന് സംരക്ഷിക്കണം എന്നീ വ്യവസ്ഥകളോടെയാണ് ഭൂമി നൽകുന്നത്. വരും തലമുറകൾക്ക് പ്രചോദനമാവുന്ന തരത്തിലാണ് മ്യൂസിയം സജ്ജ മാക്കുക. ഇന്ത്യൻ ബഹിരാകാശ കുതിപ്പിന്റെ ചരിത്രം, റോക്കറ്റുകളുടെയും ഉപഗ്രഹങ്ങളുടെയും മാതൃകകൾ, വിശാലമായ ലൈബ്രറി, അബ്ദുൾകലാമിന്റെ ഗവേഷണങ്ങളുടെയും പ്രവർത്തനങ്ങളുടെയും വിവരങ്ങൾ, പുസ്തകങ്ങൾ, റീഡിംഗ് റൂം, കുട്ടികൾക്ക് പഠിക്കാനും വായിക്കാനുമുള്ള കോൺഫറൻസ് ഹാൾ, മെഡിക്കേഷൻ സെന്റർ എന്നിവയെല്ലാമുണ്ടാവും. ആദ്യഘട്ടത്തിന് 25കോടിയാണ് ചെലവ്. സ്പേസ് കമ്മിഷനാണ് മ്യൂസിയത്തിന് പണം അനുവദിക്കുക. ഹെറിറ്റേജ് കമ്മിറ്റിയുടെ അനുമതി ലഭിച്ചില്ലെങ്കിൽ മന്ത്രിസഭയ്ക്ക് മ്യൂസിയത്തിന് അനുമതി നൽകാവുന്നതേയുള്ളൂ.
കപ്പൽ രൂപത്തിൽ മ്യൂസിയം
മ്യൂസിയത്തിന്റെ മേൽക്കൂര കപ്പിലിന്റെ ആകൃതിയിലായിരിക്കും. പുരാതന ക്ഷേത്രങ്ങളിലേതു പോലെ മ്യൂസിയത്തിന്റെ മേൽക്കൂരയിലും ഭിത്തികളിലും പുറംഭാഗത്തും ചെമ്പ് പൂശും. കേരളത്തിൽ ഒരിടത്തുമില്ലാത്ത മാതൃകയാണ് മ്യൂസിയത്തിനായി ഐ.എസ്.ആർ.ഒ തയ്യാറാക്കിയത്. ബഹിരാകാശ നേട്ടങ്ങൾ വിവരിക്കാൻ 4ഡി തിയേറ്ററുമുണ്ടാവും.
തലസ്ഥാനത്ത് നിന്ന് തുടങ്ങിയ ഐ.എസ്.ആർ.ഒയുടെ ചരിത്രവും കുതിപ്പുകളും വരുംതലമുറയ്ക്ക് വ്യക്തമാക്കുന്നതാണ് മ്യൂസിയം. റോക്കറ്റിനുള്ളിൽ ലിഫ്റ്റിലൂടെ കയറി ഓരോ ഘട്ടത്തിന്റെയും പ്രവർത്തനം കാണാം.
എം.സി.ദത്തൻ
മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ്