തിരുവനന്തപുരം: തലസ്ഥാന നഗരത്തിന്റെ ശാപങ്ങളിലൊന്നാണ് പ്ളാസ്റ്റിക്. എവിടെ നോക്കിയാലും പ്ളാസ്റ്റിക് മാലിന്യങ്ങൾ കാണാം. കൂട്ടിയിട്ട് കത്തിച്ച് മാരകരോഗങ്ങൾക്ക് വഴിതെളിക്കുന്നതല്ലാതെ മറ്റൊരു നിർമ്മാർജ്ജനവും ഇവിടെ നടക്കുന്നില്ല. ഇതിനൊരു പരിഹാരം കാണുന്നതിന്റെ ആദ്യപടിയെന്ന നിലയ്ക്കാണ് തമ്പാനൂർ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ സ്വച്ഛഭാരത മിഷൻ ഉറവിട മാലിന്യസംസ്കരണത്തിന്റെ ഭാഗമായി ശശിതരൂർ എം.പി മുൻകൈയടുത്ത് പ്ളാസ്റ്റിക് റീ സൈക്ലിംഗ് യൂണിറ്റ് സ്ഥാപിച്ചത്. പ്രവർത്തനം തുടങ്ങി ആഴ്ചകൾ പിന്നിട്ടപ്പോൾ മെഷീൻ പണിമുടക്കി. 'മെഷീൻ ഔട്ട് ഒഫ് സർവീസെന്ന് ' റെയിൽവേ നോട്ടീസ് പതിച്ചിച്ചു. എന്നാൽ, മെഷീൻ പ്രവർത്തിപ്പിക്കാൻ ആളില്ലാത്തതാണ് പ്രശ്നമെന്നാണ് എം.പിയുടെ ഓഫീസ് അറിയിച്ചത്. ഇതിനെക്കുറിച്ച് അന്വേഷിക്കാൻ ശശിതരൂർ നിർദേശം നൽകിയിട്ടുണ്ട്.
റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ളാറ്റ് ഫോമിലാണ് പ്ലാസ്റ്റിക് റീസൈക്ളിംഗ് മെഷീൻ സ്ഥാപിച്ചിരിക്കുന്നത്. ഉദ്ഘാടനത്തിന് പിന്നാലെ ഏതാനും ദിവസം ക്ളീനിംഗ് കരാറെടുത്ത ഏജൻസിയുടെ സഹായത്തോടെ മെഷീൻ പ്രവർത്തിപ്പിച്ചിരുന്നു. കുടിവെള്ളക്കുപ്പികളാണ് റെയിൽവേ സ്റ്റേഷനിലെ പ്രധാന പ്ളാസ്റ്രിക് മാലിന്യം. കുപ്പിയുടെ അടപ്പിന്റെ ഭാഗമാണ് മെഷീനിലേക്ക് ആദ്യം കടത്തിവിടേണ്ടത്. ഇതറിയാതെ യാത്രക്കാർ പലവിധത്തിലുള്ള പ്ളാസ്റ്റിക് സാധനങ്ങൾ നിക്ഷേപിച്ചത് ചെറിയ സാങ്കേതിക തടസങ്ങൾക്ക് ഇടയാക്കിയിരുന്നു. എന്നാൽ ഇതുകൊണ്ട് മെഷീൻ കേടാവില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഡൽഹി ആസ്ഥാനമായുള്ള ജൂബിലന്റ് ഫുഡ് വർക്സ് എന്ന സ്വകാര്യ സ്ഥാപനമാണ് അഞ്ചുലക്ഷത്തോളം വിലവരുന്ന മെഷീൻ സ്ഥാപിച്ച് നൽകിയത്. സംസ്കരിച്ച സാധനങ്ങൾ വിറ്റഴിക്കുന്നതിന്റെയും ഇതിന്റെ മോണിട്ടറിൽ പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നതിന്റെയും പ്രതിഫലം കരാറെടുക്കുന്ന ഏജൻസിക്ക് ലഭിക്കും.
ഇപ്പോൾ പ്രവർത്തനമില്ല, പരസ്യം മാത്രമേയുള്ളൂ എന്ന അവസ്ഥയാണ്. കൊച്ചി മെട്രോയിൽ മൂന്ന് റീസൈക്ളിംഗ് യൂണിറ്റുകൾ ഇതേ കമ്പനി സ്ഥാപിച്ച് നൽകിയിട്ടുണ്ട്. അതിന്റെ പ്രവർത്തനം വിജയപ്രദമാണ്. തമ്പാനൂർ സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ മെഷീനിനാണ് കുഴപ്പം.
നിസാരനല്ല ഈ മെഷീൻ
5000 പ്ളാസ്റ്റിക് കുപ്പികളും 45 കിലോ പ്ളാസ്റ്റിക്കും സംസ്കരിക്കാൻ ശേഷിയാണ് ഈ മെഷീനുള്ളത്. നഗരത്തിലെ പ്രധാന സ്പോട്ടുകളിൽ ഇത്തരം റീ സൈക്ലിംഗ് മെഷീനുകൾ വച്ചാൽ ഒരു പരിധിവരെ പ്ലാസ്റ്റിക് മാലിന്യങ്ങളെ ഇല്ലാതാക്കാൻ കഴിയും.