തിരുവനന്തപുരം: പത്തര മണി മുതൽ നിഷിലെ (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പീച്ച് ആൻഡ് ഹിയറിംഗ്, ആക്കുളം) മാരിഗോൾഡ് ഹാളിൽ വിദ്യാർത്ഥികളും അദ്ധ്യാപകരും അടക്കം നൂറോളം കാണികൾ അക്ഷമരായി കാത്തിരിക്കുകയാണ്. നിഷിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും ഇന്ത്യൻ ഭരണഘടനയെക്കുറിച്ചുമൊക്കെയുള്ള പവർപോയിന്റ് പ്രസന്റേഷൻ അടക്കം പല പരിപാടികളും നടക്കുന്നുണ്ടെങ്കിലും കാണികളുടെ കണ്ണുകൾ ഹാളിലെ പ്രതീക്ഷയോടെ മെയിൻഡോറിലാണ്. 11.18ന് സ്റ്റേജിലേക്ക് ആനയിക്കപ്പെടുന്ന വാതിൽ പെടുന്നനെ തുറന്നു. കറുത്ത ഷർട്ടും ജീൻസും ധരിച്ച് വെളുത്തു മെലിഞ്ഞ ഒരു സുന്ദരൻ മുഖത്തൊരു നല്ല പുഞ്ചിരിയുമായി ഹാളിലേക്ക് കയറി വന്നു. ലോകം കണ്ട എക്കാലത്തെയും മികച്ച പേസ് ബൗളർമാരിലൊരാളായ ആസ്ട്രേലിയൻ താരം ബ്രെറ്റ് ലീ. സദസിലേക്ക് ഒരുനിമിഷം കൊണ്ട് ആ പ്രസരിപ്പ് പടർന്നിറങ്ങി. കേരളത്തിലെ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്കെല്ലാം കേൾവി ശേഷി സംബന്ധിച്ച പരിശോധന നിർബന്ധമാക്കുന്നതിനെക്കുറിച്ചുള്ള ആശയ വിനിമയങ്ങൾക്കായാണ് കോക്ളിയറിന്റെ ആഗോള ഹിയറിംഗ് അംബാസഡറും അന്താരാഷ്ട്ര ക്രിക്കറ്റ് ഇതിഹാസവുമായി ബ്രെറ്റ് ലീ വീണ്ടും കേരളത്തിലെത്തിയിരിക്കുന്നത്.
അദ്ധ്യക്ഷ പ്രസംഗങ്ങളെല്ലാം കഴിയാൻ ഒരുവിധം കാത്തിരുന്ന് നേരെ ബ്രെറ്റ് ലീയുടെ വാക്കുകൾക്കായി ചെവിയോർത്ത്. "2017ൽ കാതോരം പദ്ധതിയുമായി ഞാനിവിടെ എത്തിയിരുന്നു. ഒരു വർഷം പിന്നിട്ട് വീണ്ടും ഇവിടെയെത്തുമ്പോൾ കേവിക്കുറവുള്ള കുട്ടികൾക്കായി കേരള സർക്കാരിന്റെ പ്രവർത്തനങ്ങൾ ലോകത്ത് തന്നെ മാതൃകയാക്കും വിധം പ്രശംസനീയമാണ്. ലോകത്ത് ഒരു കുഞ്ഞുപോലും കേൾവിശക്തിയില്ലാത്തതിന്റെ പേരിൽ മാറ്റി നിറുത്താൻ പാടില്ല. അതിനായുള്ള പ്രവർത്തനങ്ങളാണ് കോക്ലിയർ നിലവിൽ നടത്തുന്നത്. കാഴ്ച ശക്തിക്കുറവ് പരിഹരിക്കാൻ കണ്ണട ഉപയോഗിക്കുന്നുണ്ടല്ലോ ? അപ്പോൾ ആരും തുറിച്ചുനോക്കുന്നില്ല. പിന്നെന്തിനാണ് കേൾവിശക്തി പരിഹരിക്കാനുള്ള ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ തുറിച്ചുനോട്ടങ്ങൾ." എന്ന് അദ്ദേഹം പറഞ്ഞു. ശുഭപ്രതീക്ഷയും ലക്ഷ്യബോധവും നിർഭയത്വവുമാണ് സ്പോർട്സിലായാലും ജീവിതത്തിലായാലും ആവശ്യമായ നേതൃഗുണങ്ങളെന്ന് ബ്രെറ്റ് ലീ പറഞ്ഞു. 16ാം വയസിൽ പുറത്തെ എല്ലൊടിഞ്ഞപ്പോൾ ചികിത്സിച്ച ഡോക്ടർ പറഞ്ഞത് ഇനി ഒരിക്കലും കളിക്കരുതെന്നാണ്. പിന്നീട് 1999ലെ ആദ്യ ടെസ്റ്റിന്റെ പ്രവേശന ടിക്കറ്റുകൾ ഡോക്ടർക്ക് അയച്ചുകൊടുത്തു. ഒരിക്കലും നിശ്ചയദാർഢ്യം കൈവിടരുതെന്നാണ് ജീവിതത്തിൽനിന്ന് പഠിച്ചതെന്നും ബ്രെറ്റ് ലീ കൂട്ടിച്ചേർത്തു. നിഷ് ഡയറക്ടർ കെ.ജി.സതീഷ് കുമാർ, കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. മുഹമ്മദ് അശീൽ എന്നിവർ ബ്രെറ്റ് ലീക്കൊപ്പം വേദി പങ്കിട്ടു. ശേഷം വിദ്യാർത്ഥികളുമായി ആശയവിനിമയം നടത്തിയ ഇദ്ദേഹം കുട്ടികൾക്കൊപ്പം സെൽഫിയുമെടുത്തിട്ടാണ് വേദിവിട്ടത്.
രാവിലെ പത്തേകാലോടെയാണ് അദ്ദേഹം നിഷിലെത്തിയത്. നിഷ് സന്ദർശിച്ചതിന്റെ ഓർമ്മയ്ക്കായി അദ്ദേഹം നിഷ് കാമ്പസിൽ ഒരു ചെടി നട്ടു. വർഷങ്ങളായി ലോകമെമ്പാടുമുള്ള കേൾവിശക്തിക്കുറവുള്ള കുട്ടികൾക്കായി പ്രവർത്തിക്കുകയാണ് ബ്രെറ്റ് ലീ. അതിനു കാരണമായതാകട്ടെ മകന് അപ്രതീക്ഷിതമായുണ്ടായ കേൾവി പ്രശ്നവും. ഒരു അപകടത്തെത്തുടർന്ന് ബ്രെറ്റ് ലീയുടെ മകന്റെ കേൾവിശക്തി ഭാഗികമായി നഷ്ടമായിരുന്നു. എന്നാൽ മാസങ്ങൾക്കകം കേൾവിശക്തി സ്വാഭികമായി വീണ്ടെടുക്കാൻ കഴിഞ്ഞു. അന്ന് മുതലാണ് കേൾവിശക്തിക്കുറവുള്ള കുട്ടികൾക്കായി ബ്രെറ്റ് ലീ പ്രവർത്തിച്ചു തുടങ്ങിയത്.