tp-senkumar

തിരുവനന്തപുരം: മുൻ സംസ്ഥാന പൊലീസ് മേധാവി ടി.പി.സെൻകുമാറിനെ ബി.ജെ.പി ഗവർണർ സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന റിപ്പോർട്ടുകൾക്കിടെ പുതിയ കുരുക്കുമായി സംസ്ഥാന സർക്കാർ. ഐ.എസ്.ആർ.ഒ ചാരക്കേസിൽ നമ്പി നാരായണനെ ദ്രോഹിക്കാൻ സെൻകുമാർ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്. അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിലെ തന്റെ നിയമനം സംസ്ഥാന സർക്കാർ മനപ്പൂർവം വൈകിപ്പിച്ചുവെന്ന് ആരോപിച്ച് സെൻകുമാർ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് സർക്കാർ സത്യവാങ്മൂലം നൽകിയത്. നിയമനങ്ങൾക്ക് സെൻകുമാർ യോഗ്യനല്ലെന്നാണ് സർക്കാരിന്റെ നിലപാട്.

തനിക്കെതിരായ ചാരക്കേസിൽ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് നമ്പി നാരായണൻ നൽകിയ പരാതിയിൽ ഏഴാം കക്ഷിയായി ചേർത്തിരിക്കുന്നത് സെൻകുമാറിനെയാണ്. നായനാർ സർക്കാരിന്റെ കാലത്ത് സർക്കാർ ഉത്തരവ് പ്രകാരം നമ്പി നാരായണനെതിരായ കേസ് പുനരന്വേഷിക്കാൻ സെൻകുമാർ നിയോഗിക്കപ്പെട്ടു എന്നതാണ് സത്യം. കോടതിയുടെ ഉത്തരവോടെ കേസിൽ അന്വേഷണം തുടങ്ങിയെങ്കിലും സുപ്രീം കോടതി ഇടപെടലിനെ തുടർന്ന് അന്വേഷണം നിലച്ചു. കോടതിയെ തെറ്റിദ്ധരിപ്പിച്ച് തുടരന്വേഷണത്തിന് അനുമതി വാങ്ങിയത് സെൻകുമാറാണെന്ന വിചിത്ര വാദമാണ് സർക്കാർ ഉയർത്തുന്നത്.

എന്നാൽ സി.ബി.ഐ അന്വേഷിച്ച കേസ് തിരികെ വാങ്ങി പുനരന്വേഷിച്ചത് സർക്കാർ തീരുമാനമായിരുന്നുവെന്നാണ് സെൻകുമാർ പറയുന്നത്. നായനാർ സർക്കാർ ഉത്തരവിട്ടത് പ്രകാരമാണ് താൻ ഐ.എസ്.ആർ.ഒ ചാരക്കേസ് അന്വേഷിച്ചതെന്നും ഇടതു സർക്കാരിന്റെ ഉത്തരവ് അംഗീകരിച്ചത് കുറ്റമാണോയെന്നും സെൻകുമാർ ചോദിക്കുന്നു. ഉദ്യോഗസ്ഥനെന്ന നിലയിൽ സർക്കാർ ഉത്തരവ് അംഗീകരിക്കുകയാണ് ചെയ്‌തത്. തന്റെ പേരിൽ മുമ്പ് ചുമത്തിയ കള്ളക്കേസുകൾ പോലെ ഇതിനെയും നേരിടും. ഇപ്പോഴത്തെ കേസുകൾക്കായി ചെലവഴിക്കുന്നത് സർക്കാർ ഫണ്ടാണോ എന്ന കാര്യം പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.