കണ്ണൂർ: ദേശീയപാത ബൈപ്പാസ് കീഴാറ്റൂർ വയലിലൂടെ നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് ഏറ്റെടുത്ത ഭൂമിയുടെ ത്രിജി (3) വിജ്ഞാപനവും ഇറങ്ങിയതോടെ വയൽക്കിളികളുടെ പ്രതീക്ഷകളെല്ലാം അസ്തമിക്കുന്നു. ഇന്ന് അപ്രതീക്ഷിതമായാണ് സമരക്കാർ ഉൾപ്പെടെ വിജ്ഞാപനം പത്രങ്ങളിൽ കാണുന്നത്. ഇതോടെ നേതാക്കളുൾപ്പെടെ അമ്പരപ്പിലാവുകയായിരുന്നു. ഏറ്റെടുത്ത ഭൂമിയുടെ രേഖകളുമായി ഉടമസ്ഥർ ഉടൻ ഹാജരാകണമെന്നും ദേശീയപാത അതോറിറ്റി പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.
വിജ്ഞാപനം ഇറക്കിയതോടെ നേരത്തെയുള്ള അലൈൻമെന്റിൽ മാറ്റമില്ല എന്ന് ഉറപ്പായി. 90 മീറ്റർ വീതിയുള്ള കീഴാറ്റൂർ നെൽവയൽ കീറിമുറിച്ച് 45 മീറ്റർ വീതിയിൽ നാല്‌വരി പാതയാണ് വരുന്നത്. വയൽ നികത്തി റോഡ് പണിയുന്നതിന് വേണ്ടി ഏതാണ്ട് 10 ലക്ഷം ടൺ മണ്ണ് വേണ്ടിവരുമെന്നാണ് കണക്ക്. വയൽ നികത്തി റോഡ് നിർമ്മിക്കുന്നതിനെതിരെ ആദ്യം സി.പി.എം ആരംഭിച്ച പ്രതിഷേധം പിന്നീട് നാട്ടുകാർ വയൽക്കിളികൾ എന്ന പേരിൽ മുന്നോട്ടുകൊണ്ടുപോവുകയായിരുന്നു. പിന്നീടിത് സി.പി.എം നേതൃത്വം നല്കുന്ന സംസ്ഥാന സർക്കാരിനെതിരായതോടെയാണ് സംസ്ഥാനത്ത് തന്നെ ശ്രദ്ധനേടുന്നത്.
പരിസ്ഥിതി സംഘടനകളും സി.പി.എം ഒഴികെയുള്ള രാഷ്ട്രീയ പാർട്ടികളും സമരത്തിന് പ്രത്യക്ഷ പിന്തുണയുമായി രംഗത്ത് വന്നിരുന്നെങ്കിലും ബി.ജെ.പി മാത്രമാണ് സജീവമായി രംഗത്തുണ്ടായിരുന്നത്. ബി.ജെ.പിയുടെ വാക്ക് വിശ്വസിച്ച് കേന്ദ്ര സർക്കാർ അലൈൻമെന്റ് മാറ്റുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു വയൽക്കിളികളും നാട്ടുകാരും. സമരനായകരായ സുരേഷ് കീഴാറ്റൂർ, നമ്പ്രാടത്ത് ജാനകി എന്നിവരുൾപ്പെടുന്ന സംഘത്തെ ഡൽഹിയിലെത്തിച്ച് വിഷയം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനും വിദഗ്ധ പരിസ്ഥിതി സമിതിയെ കൊണ്ടുവരാനും ബി.ജെ.പിയുടെ ശ്രമംകൊണ്ട് സാധിച്ചിരുന്നു. എന്നാൽ രണ്ട് വർഷം നീണ്ടുനിന്ന സമരം നിഷ്ഫലമാക്കുന്ന സ്ഥിതിയാണ് ഇപ്പോഴുണ്ടായത്.
ആദ്യം സി.പി.എം ജനങ്ങളെ വഞ്ചിച്ചുവെങ്കിൽ, പിന്നീട് കൊണ്ടുനടന്ന ബി.ജെ.പിയും തങ്ങളെ പെരുവഴിയിലാക്കി എന്നാണ് വയൽകിളികൾ പറയുന്നത്. സി.പി.എമ്മും ബി.ജെ.പിയും ഒരേതൂവൽ പക്ഷികളാണെന്ന് സമര നായകൻ സുരേഷ് കീഴാറ്റൂർ പ്രതികരിച്ചു. തെറ്റായ വികസന നയത്തിനെതിരെ പോരാടി പരാജയപ്പെട്ടവർ എന്ന് പറഞ്ഞ് വയൽക്കിളികളെ പരിഹസിച്ചാലും ഈ പോരാട്ടത്തിൽ തിരിച്ചറിഞ്ഞ അറിവുകളുടെ മൂല്യം വിലമതിക്കാനാവാത്തതാണെന്ന് അദ്ദേഹം പറഞ്ഞു.
നിങ്ങളില്ലെങ്കിൽ പ്രളയമാണ് എന്ന ധാരണയില്ല
''ഇനി ഞങ്ങളും ഞങ്ങളെ പോലുള്ളവരുടെ തലമുറകളും ആ തിരിച്ചറിവിന്റെ ബലത്തിൽ മുന്നോട്ട് പോകാൻ ശക്തരാണ്. നിങ്ങളില്ലെങ്കിൽ പ്രളയമാണ് എന്ന ധാരണ ഞങ്ങൾക്ക് ഒട്ടും ഇല്ല. പരാജയപ്പെട്ടവരുടെ എണ്ണം വർദ്ധിക്കുമ്പോൾ വിജയികളുടെ ആഹ്ളാദം അതിഭയങ്കരമായേക്കാം. പക്ഷെ ഓർക്കുക, പരാജിതരുടെ എണ്ണമാണ് കൂടുതൽ."
(വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂർ എഫ്.ബിയിൽ കുറിച്ചത്)