യതീഷ് ചന്ദ്ര ഐ.പി.എസ് എന്ന പേര് ഇപ്പോൾ കേരള പൊലീസിലെ ക്ഷുഭിത യൗവനങ്ങളുടെ ചാർട്ടിൽ ഇടം നേടിക്കഴിഞ്ഞു. പുതുവൈപ്പിനിൽ സമരക്കാരെ അടിച്ചോടിച്ച യതീഷ് ചന്ദ്രയെ പിന്നീട് കാണുന്നത് ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നിലയ്‌ക്കലിലായിരുന്നു. അവിടെയും പ്രതിഷേധക്കാരെ തെല്ലും കൂസാതെ വരച്ച വരയിൽ നിറുത്താൻ ഈ 32കാരനായി. കേന്ദ്ര മന്ത്രിയോടു പോലും ഉരുളയ്‌ക്കുപ്പേരി എന്ന പോലെ മറുപടി നൽകിയത് വിമർശകരെ മാത്രമല്ല അതേ അളവിൽ ആരാധകരെയും യതീഷിന് സമ്മാനിച്ചു.
എന്നാൽ എന്തൊക്കെ വിമർശനങ്ങൾ നേരിടേണ്ടി വന്നാലും തന്റെ ഡ്യൂട്ടിയിൽ അൽപം പോലും പിറകിലേക്ക് പോകാൻ തയ്യാറല്ല എന്ന് വ്യക്തമാക്കുകയാണ് 2011ലെ ഈ കേരള കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥൻ.'സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ഓരോരോ ആളുകൾ അവർക്ക് തോന്നിയതാണ് പറയുന്നത്. ജനാധിപത്യ രാജ്യമല്ലേ, ആർക്കും എന്തും പറയാമല്ലോ. പലതും അവഗണിച്ചുവിടുകയാണ്. നിയമനടപടി സ്വീകരിക്കേണ്ടതാണെങ്കിൽ സ്വീകരിക്കും'
'ഞാനൊരു അയ്യപ്പഭക്തനാണ്. ചെറുപ്പകാലത്തും ഇപ്പോഴും അയ്യപ്പദർശനം നടത്താറുണ്ട്. ഓഫ് സീസണിൽ പോലും ശബരിമലയിൽ വരാറുണ്ട്. ഞാനൊരു ഹിന്ദുവാണ്. ഇങ്ങനെയൊക്കെ മറുപടി പയേണ്ടിവരുന്നതുതന്നെ കഷ്‌ടമാണ്. മതമോ ജാതിയോ ജോലിചെയ്യുമ്പോൾ നോക്കാറില്ല' -യതീഷ് ചന്ദ്ര പറഞ്ഞു.
നുണ പ്രചരിപ്പിക്കുന്നവർക്ക് എന്താണ് കിട്ടുന്നത്. സാമൂഹികമാദ്ധ്യമങ്ങളിൽ പ്രചരിക്കുംപോലെ നടി ഷീലയുമായി എനിക്ക് യാതൊരു ബന്ധവുമില്ല. അതൊക്കെ ഓരോരുത്തർ എഴുതിയുണ്ടാക്കുന്നതാണ്' - ആ അഭ്യൂഹത്തിനും യതീഷ് അടിവരയിട്ടു.