തിരുവനന്തപുരത്ത് 2008 നവംബർ 28 ന് തുടക്കം കുറിച്ച ഗോയ്ഥേ സെന്റർ (ജർമ്മൻ കോൺസുലർ ഓഫീസ് ) പത്താം വാർഷികം ആഘോഷിക്കുകയാണ്. ജർമ്മൻ ഭാഷയുടെ പഠനം പ്രോത്സാഹിപ്പിക്കുക, സാംസ്കാരിക വിനിമയം, ജർമ്മനിയെ പരിചയപ്പെടുത്തൽ തുടങ്ങിയവയാണ് ഓഫീസിന്റെ ലക്ഷ്യങ്ങൾ.
പത്ത് വർഷത്തിനുള്ളിൽ എണ്ണായിരം പേരാണ് ഇവിടെ നിന്ന് ജർമ്മൻ ഭാഷ പഠിച്ചത്. 16 വയസിൽ താഴെയുള്ള കുട്ടികൾ ജർമ്മൻ പഠിക്കുന്ന ഇന്ത്യയിലെ ഏക കേന്ദ്രമാണിത്. ജർമ്മൻ ഭാഷ പഠിപ്പിക്കുന്ന മുപ്പതോളം സ്വകാര്യ സ്ഥാപനങ്ങൾക്ക് സർട്ടിഫിക്കറ്ര് നൽകുന്നതും ഗോയ്ഥേ സെന്ററാണ്. നവംബർ 30 മുതൽ കൊച്ചിയിൽ പരീക്ഷയെഴുതാനുള്ള സംവിധാനമൊരുക്കുന്നുണ്ട്. ലോകപ്രശസ്ത ജർമ്മൻ കലാകാരന്മാരുടെ പരിപാടികളും സാമൂഹ്യ - രാഷ്ട്രീയ സമ്മേളനങ്ങളും ചർച്ചകളും സെന്റർ സംഘടിപ്പിക്കുന്നു. ജർമ്മനിയുടെ സാമ്പത്തിക - സാങ്കേതിക സഹായത്തോടുകൂടി നടത്തുന്ന നിരവധി പദ്ധതികൾ കേരളത്തിലുണ്ട്. തിരുവനന്തപുരം സ്മാർട്ട് സിറ്റി നിർമ്മാണത്തിലെ ജർമ്മൻ പങ്കാളിത്തവും എടുത്ത് പറയേണ്ടതാണ്.
സെന്റർ തിരുവനന്തപുരത്ത് തുടങ്ങാനുള്ള പ്രധാന കാരണം ഇപ്പോഴത്തെ ഓണററി കോൺസുലർ ഡോ. സെയ്ദ് ഇബ്രാഹിമിന്റെയും കേരള സർവകലാശാല ജർമ്മൻ പഠന വകുപ്പ് മുൻ മേധാവി ലതാ തമ്പിയുടെയും അശ്രാന്ത പരിശ്രമമാണ്. സർവകലാശാലയിൽ ബിരുദധാരികൾക്ക് മാത്രമേ ജർമ്മൻ പഠിക്കാനാവൂ. ഈ സാഹചര്യത്തിലാണ് ഭാഷാ പഠനത്തിനായി ഗോയ്ഥേസെന്റർ വാതിലുകൾ തുറന്നിട്ടത്. സെന്ററിനെ ഈ നിലയിലെത്തിച്ചതിന്റെ എല്ലാ ക്രെഡിറ്റും നിലവിലെ കോൺസുലർ ഡോ. സെയ്ദ് ഇബ്രാഹിമിനുള്ളതാണ്. ആദ്യ വർഷങ്ങളിലെ മികവുറ്റ പ്രകടനത്തിന്റെ അംഗീകാരമാണ് 2016 ൽ അദ്ദേഹത്തെ ഓണററി കോൺസുലർ പദവിക്ക് അർഹനാക്കിയത്.
ജർമ്മൻ ഭാഷയോടുള്ള പ്രത്യേക താത്പര്യം കൊണ്ടാണ് ടെക്നോപാർക്കിലെ സി.ഇ.ഒ പദവി ഉപേക്ഷിച്ച് അദ്ദേഹം കോൺസുലർ ഓഫീസർ ജോലി ഏറ്റെടുത്തത്. ആയിരക്കണക്കിന് ആൾക്കാർക്ക് ജർമ്മനിയിൽ തൊഴിലവസരവും വിദ്യാഭ്യാസവും ഉറപ്പാക്കാനായി എന്നതാണ് പ്രവർത്തന നേട്ടമായി അദ്ദേഹം വിലയിരുത്തുന്നത്. മലയാളത്തിലെ ആദ്യ നിഘണ്ടു തയാറാക്കിയത് ഹെർമ്മൻ ഗുണ്ടർട്ട് എന്ന മിഷനറിയാണ്. കേരളത്തിന്റെ ഭാഷയും സംസ്കാരവും ഇതുപോലെ മനസിലാക്കിയ മറ്റൊരു വിദേശിയില്ല. ഇന്ന് മലയാളികൾ ജർമ്മൻ ഭാഷ പഠിക്കാൻ കാണിക്കുന്ന താത്പര്യം ചരിത്രനീതിയായി കണക്കാക്കാം. പത്താംവാർഷികത്തോടനുബന്ധിച്ച് തലശേരിയിലെ ഗുണ്ടർട്ട് പാർക്ക് നവീകരിക്കാനുള്ള സെന്ററിന്റെ പദ്ധതി ആ മഹാനോടുള്ള നന്ദി സൂചകമാണ്.
(ഓണററി കോൺസുലർ ഡോ. സെയ്ദ് ഇബ്രാഹിമുമായി സംസാരിച്ച് തയാറാക്കിയത് )