ന്യൂഡൽഹി: ആം ആദ്മി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാളിനെ സന്ദർശിക്കാനെത്തിയ മദ്രസാ ജീവനക്കാരനിൽ നിന്നും സുരക്ഷാ ജീവനക്കാർ വെടിയുണ്ട പിടിച്ചെടുത്തു. മദ്രസയിലെ വേതനം വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സന്ദർശിക്കാനെത്തിയ സംഘത്തിലെ അംഗമായ ഇമ്രാനാണ് പിടിയിലായത്. ഒരാഴ്‌ചയ്‌ക്കിടെ ഇത് രണ്ടാം തവണയാണ് കേജ്‌രിവാളിന്റെ സുരക്ഷാ സംവിധാനത്തിൽ വൻ വീഴ്‌ചയുണ്ടാകുന്നത്. കഴിഞ്ഞ ദിവസം കേജ്‌രിവാളിനെതിരെ മുളക് പൊടി ആക്രമണം നടത്തിയയാളെ പൊലീസ് പിടികൂടിയിരുന്നു.
അതേസമയം, പള്ളിയിലെ കാണിക്കവഞ്ചിയിൽ നിന്നുമാണ് തനിക്ക് വെടിയുണ്ട ലഭിച്ചതെന്നാണ് ഇമ്രാൻ പൊലീസിന് മൊഴി നൽകിയത്. കൗതുകം തോന്നി പേഴ്‌സിൽ സൂക്ഷിച്ചതാണ്. യമുന നദിയിൽ എറിഞ്ഞ് കളയണമെന്ന് വിചാരിച്ചിരുന്നുവെങ്കിലും പിന്നീട് ഇക്കാര്യം മറന്നു പോയെന്നും ഇയാൾ പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നാണ് പൊലീസ് വിശദീകരണം.
നേരത്തെ ഡൽഹി സെക്രട്ടറിയേറ്റിനകത്ത് വച്ച് കേജ്‌രിവാളിനെതിരെ മുളക് പൊടി ആക്രമണം നടത്തിയയാളെ പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. കേജ്‌രിവാൾ ഉച്ചഭക്ഷണം കഴിക്കാൻ പോയ സമയത്തായിരുന്നു ആക്രമണം. ഡൽഹി പൊലീസിന്റെ സുരക്ഷാ ക്രമീകരണങ്ങളിൽ വീഴ്‌ചയുണ്ടെന്നും മുഖ്യമന്ത്രി പോലും ഇവിടെ സുരക്ഷിതനല്ലെന്നും ആക്രമണത്തിന് പിന്നിൽ ബി.ജെ.പിയാണെന്നും പിന്നാലെ ആം ആദ്മി ആരോപിച്ചിരുന്നു.